കോഹ്ലിയുടെ വാക്ക് കേൾക്കാൻ നിൽക്കാതെ ക്യാപ്‍റ്റന്‍ പാണ്ഡ്യ; വീഡിയോ വൈറൽ

കോഹ്ലിയെ പോലൊരു സീനിയര്‍ താരത്തെ പാണ്ഡ്യ അവഗണിച്ചതിനെതിരെ ആരാധകര്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്

Update: 2023-03-18 15:17 GMT
Advertising

മുംബൈ: രോഹിത് ശര്‍മയുടെ അഭാവത്തില്‍ ആസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചത് ഹര്‍ദിക് പാണ്ഡ്യയാണ്. നിരവധി ടി20 പരമ്പരകളില്‍ ഇന്ത്യയെ നയിച്ച് പരിജയമുള്ള പാണ്ഡ്യ ആദ്യമായാണ് ഒരു ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ വിജയം കൊയ്ത താരം അരങ്ങേറ്റം ഗംഭീരമാക്കി. 

മത്സരത്തിനിടെ പാണ്ഡ്യയും കുല്‍ദീപ് യാദവും വിരാട് കോഹ്‍ലിയും തമ്മില്‍ നടന്നൊരു സംഭാഷണത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. സംഭാഷണത്തിനിടയില്‍ വിരാട് തന്‍റെ സംസാരം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ താരത്തെ അവഗണിച്ച് സഹതാരങ്ങളോട് മറ്റെന്തോ പറഞ്ഞ് മാറിപ്പോവുന്ന പാണ്ഡ്യയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തത്.

പാണ്ഡ്യ തന്നെ കേള്‍ക്കാതെ പോവുന്നത് കോഹ്‍ലിയെ അസ്വസ്ഥനാക്കിയെന്ന് വീഡിയോയില്‍ വ്യക്തമാണ്. കോഹ്ലിയെ പോലൊരു സീനിയര്‍ താരത്തെ പാണ്ഡ്യ അവഗണിച്ചതിനെതിരെ ആരാധകര്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. 

ആസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ  ജയമാണ് കുറിച്ചത്. ഒരു ഘട്ടത്തില്‍ 80 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കെ.എല്‍ രാഹുല്‍ രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. ഇരുവരും ആറാം വിക്കറ്റില്‍ 108 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിട്ട കെ.എല്‍ രാഹുലിന്‍റെ വന്‍തിരിച്ചുവരവാണിത്. മുന്‍ നിര ബാറ്റര്‍മാരൊക്കെ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ അവസാനം വരെ ടീമിനെ ഒറ്റക്ക് തോളിലേറ്റിയ രാഹുല്‍ 95 പന്ത് നേരിട്ട് 75 റണ്‍സെടുത്തു. ജഡേജ 69 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News