പെലെയുടെ സംസ്കാരം ചൊവ്വാഴ്ച; ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഖാചരണം

മൃതദേഹം തിങ്കളാഴ്ച രാവിലെ മുതൽ സാന്‍റോസ് ക്ലബ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും

Update: 2022-12-30 14:22 GMT
Advertising

അന്തരിച്ച ഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാന്റോസിലാണ് താരത്തിന്റെ സംസ്കാരം നടക്കുക. ഫുട്ബോള്‍ ഇതിഹാസത്തിന്‍റെ നിര്യാണത്തില്‍ ബ്രസീൽ മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

മൃതദേഹം തിങ്കളാഴ്ച രാവിലെ മുതൽ സാന്റോസ് ക്ലബ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും. ഇവിടെ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. ചൊവ്വാഴ്ച രാവിലെ വരെ പൊതുദർശനം തുടരും. അതിനു ശേഷം സാന്റോസിലെ മെമ്മോയിൽ നെക്രോപോളെ എകുമെൻസിയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.

ഇന്നലെയാണ്  ഫുട്ബോള്‍ ചരിത്രം കണ്ട എക്കാലത്തേയും വലിയ  ഇതിഹാസം പെലെ ഓര്‍മ്മയായത്. 2021 മുതല്‍ അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. അര്‍ബുദത്തിന് പുറമേ ഹൃദയ, വൃക്ക സംബന്ധമായ പ്രശ്നങ്ങളും താരം നേരിട്ടിരുന്നു. 

ബ്രസീലിനായി 1958, 1962, 1970 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ താരമാണ് പെലെ. ഫുട്ബോള്‍ ചരിത്രത്തില്‍ മൂന്ന് ലോകകിരീടങ്ങള്‍ നേടിയ ഏക താരം കൂടിയാണ് പെലെ. ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് നൂറ്റാണ്ടിലെ ലോക കളിക്കാരനായി പെലെയെ തെരഞ്ഞെടുത്തിരുന്നു.

കൂടാതെ ഫിഫ പ്ലെയര്‍ ഓഫ് ദി സെഞ്ച്വറി നേടിയ രണ്ട് ജേതാക്കളില്‍ ഒരാളെന്ന നേട്ടത്തിനും പെലെ അര്‍ഹനായി. സൗഹൃദ മത്സരങ്ങള്‍ ഉള്‍പ്പെടെ 1,363 കളികളില്‍ നിന്ന് 1,281 ഗോളുകള്‍ നേടിയതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും പെലെയുടെ പേരിലുണ്ട്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News