ടോക്യോ ഒളിംപിക്‌സ്: ഇന്ത്യയുടെ ഒരുക്കങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒളിംപിക്സ് സംഘാടനവുമായി ബന്ധപ്പെട്ട് ടോക്യോയില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നരേന്ദ്ര മോദി ഇന്ത്യന്‍ സംഘത്തിന്‍റെ ഒരുക്കങ്ങള്‍ പരിശോധിച്ചത്

Update: 2021-06-03 14:58 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് വ്യാപനത്തെത്തുടർന്ന് ടോക്യോ ഒളിംപിക്‌സിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ത്യയുടെ ഒരുക്കങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി. '50 ഡേയ്‌സ് ടു ടോക്യോ ഒളിംപിക്‌സ്' എന്ന തലക്കെട്ടിൽ നടന്ന വിർച്വൽ യോഗത്തിലാണ് നരേന്ദ്ര മോദി ഇന്ത്യൻ സംഘത്തിന്റെ മുന്നൊരുക്കങ്ങൾ പരിശോധിച്ചത്.

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ, കായിക മന്ത്രാലയം പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ കോവിഡിനിടയിലും താരങ്ങളുടെ പരിശീലനം മുടങ്ങാതിരിക്കാൻ സ്വീകരിച്ച നടപടികൾ, ഒളിംപിക്‌സിനുള്ള മുന്നൊരുക്കങ്ങൾ, അത്‌ലറ്റുകളുടെ വാക്‌സിനേഷൻ അടക്കമുള്ള കാര്യങ്ങൾ എന്നിവ ചർച്ച ചെയ്തു. കായികരംഗം നമ്മുടെ ദേശീയ പ്രകൃതത്തിന്റെ ഹൃദയമാണെന്ന് മോദി പറഞ്ഞു.

ജൂലൈയിൽ ഇന്ത്യയുടെ ഒളിംപിക്‌സ് സംഘവുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുമെന്ന് മോദി അറിയിച്ചു. എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിച്ച് താരങ്ങൾക്ക് പ്രോത്സാഹനവും പ്രചോദനവും പകരാനാണ് ഇത്തരത്തിലൊരു കൂടിക്കാഴ്ച നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ടു വരെയാണ് ഒളിംപിക്‌സ് തിയതി നിശ്ചയിച്ചിരിക്കുന്നത്. 190 പേരടങ്ങുന്ന സംഘമാണ് ഒളിംപിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തലവൻ നരീന്ദർ ബാത്ര അറിയിച്ചു. 11 കായിക ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News