പുരസ്കാരനേട്ടം സ്വപ്നങ്ങൾക്കും അതീതമെന്ന് പി.ആര്‍ ശ്രീജേഷ്
ധ്യാൻചന്ദിന്‍റെ പേര് ഖേൽരത്നക്കൊപ്പം ചേർത്തതിൽ അഭിമാനമുണ്ട്
ഖേൽരത്ന ലഭിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പി.ആർ ശ്രീജേഷ്. പുരസ്കാരനേട്ടം സ്വപ്നങ്ങൾക്കും അതീതമാണ്. ധ്യാൻചന്ദിന്‍റെ പേര് ഖേൽരത്നക്കൊപ്പം ചേർത്തതിൽ അഭിമാനമുണ്ട്. കൂടുതൽ മത്സരങ്ങൾ ഇന്ത്യക്കായി കളിക്കണമെന്നാണ് ആഗ്രഹം. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസ് എന്നിവയ്ക്കു വേണ്ടി തയ്യാറെടുക്കുകയാണെന്നും ശ്രീജേഷ് പറഞ്ഞു. ഒന്നോ രണ്ടോ ഹോക്കി സ്‌റ്റേഡിയം പോരാ. മേഖല തിരിച്ചെങ്കിലും സ്റ്റേഡിയം വരണം. കൂടുതൽ പേർക്ക് അവസരം കിട്ടണമെന്നും ശ്രീജേഷ് പറഞ്ഞു.
ശ്രീജേഷ് ഉള്‍പ്പെടെ 12 പേര്‍ക്കാണ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചത്. ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ വെങ്കലമെഡൽ നേട്ടത്തിൽ ഗോൾവല കാത്ത പി.ആർ ശ്രീജേഷിന് ഖേൽരത്ന പുരസ്കാരം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ബീനാ മോൾക്കും അഞ്ജു ബോബി ജോർജിനും ശേഷം പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് ശ്രീജേഷ്. ഒളിമ്പിക്സ് അത്‍ലറ്റിക്സിൽ ആദ്യ മെഡൽ നേടിയ സുവർണ നീരജിനും പരമോന്നത് കായികപുരസ്കാരം ലഭിച്ചു. അന്താരാഷ്ട്ര ഗോൾ നേട്ടത്തിൽ മെസിക്കൊപ്പം സ്ഥാനം പങ്കിടുന്ന ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയും ഖേൽരത്ന നേടി. വനിതാ ക്രിക്കറ്റിലെ ഇന്ത്യൻ ഇതിഹാസം മിതാലി രാജിനെയും ഒടുവിൽ ഖേൽരത്ന തേടി വന്നു.ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് രവികുമാർ ദഹിയയും.
വെങ്കലം നേടിയ ലൗലിന ബോർഗഹൈനും ഖേൽരത്ന ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. ഹോക്കി താരം മൻപ്രീത് സിങും പാരാലിമ്പിക്സിൽ സ്വർണം നേടിയ 5 താരങ്ങളും പട്ടികയിലുണ്ട്. ഒളിമ്പിക്സ് പുരുഷ ഹോക്കി ടീമംഗങ്ങൾ ഉൾപ്പടെ 35 താരങ്ങൾ അർജുന അവാർഡ് നേടി. ഏറ്റവും മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് 2 മലയാളികൾ അർഹരായി. ടോക്യോ ഒളിമ്പിക്സിലെ അത്‍ലറ്റിക് സ് ടീം പരിശീലകനായ പി. രാധാകൃഷ്ണൻ നായർക്കും സമഗ്രസംഭാവന കണക്കിലെടുത്ത് ടി.പി. ഔസേപ്പിനുമാണ് അവാർഡ് ലഭിച്ചത്. സമഗ്രസംഭാവയ്ക്കുള്ള ധ്യാൻ ചന്ദ് അവാർഡിന് മുൻ ബോക്സിങ് താരം കെ.സി ലേഖയും അർഹരായി.