ഏഴ് ടെസ്റ്റില്‍ നിന്ന് 50 വിക്കറ്റ്; 71 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ജയസൂര്യ

ഏഴ് ടെസ്റ്റുകളിലായി 13 ഇന്നിങ്സ് മാത്രം കളിച്ചാണ് ഇടംകൈയന്‍ സ്‌പിന്നറായ പ്രബത് ജയസൂര്യ 50 വിക്കറ്റെന്ന നാഴികക്കല്ലിലെത്തിയത്

Update: 2023-04-28 11:19 GMT

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന പ്രബത് ജയസൂര്യ

Advertising

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേടുന്ന സ്പിന്നറെന്ന റെക്കോര്‍ഡ് ശ്രീലങ്കന്‍ താരം പ്രബത് ജയസൂര്യക്ക്. അയര്‍ലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിനമാണ് പ്രബത് റെക്കോര്‍ഡ് നേട്ടം സ്വന്താക്കിയത്. അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റിര്‍ലിങ്ങിനെ മെന്‍ഡിസിന്‍റെ കൈകളിലെത്തിച്ചാണ് ജയസൂര്യ റെക്കോര്‍ഡ് നേട്ടം ആഘോഷിച്ചത്.

രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിനമായ ഇന്ന് ഇന്നിങ്സിനും പത്ത് റണ്‍സിനും ജയിച്ചതോടെ രണ്ട് ടെസ്റ്റുകളടങ്ങുന്ന പരമ്പര ശ്രീലങ്ക(2-0)ത്തിന് സ്വന്തമാക്കി. രണ്ടിന്നിങ്സകളിലുമായി ഏഴ് വിക്കറ്റുകളെടുത്ത പ്രബത് ജയസൂര്യ തന്നെയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

ഏഴ് ടെസ്റ്റുകളിലായി 13 ഇന്നിങ്സ് മാത്രം കളിച്ചാണ് ഇടംകൈയന്‍ സ്‌പിന്നറായ പ്രബത് ജയസൂര്യ 50 വിക്കറ്റെന്ന നാഴികക്കല്ലിലെത്തിയത്. ഇതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ് സ്‌പിന്നര്‍ ആല്‍ഫ് വാലന്‍റൈനിന്‍റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 71 വര്‍ഷം മുമ്പ് എട്ട് ടെസ്റ്റുകളിലെ 15 ഇന്നിങ്സുകളില്‍ നിന്നായി 50 വിക്കറ്റ് തികച്ചായിരുന്നു ആല്‍ഫ് വാലന്‍റൈന്‍ ഈ നേട്ടം കൈവശപ്പെടുത്തിയത്. ഈ റെക്കോര്‍ഡാണ് അയര്‍ലന്‍ഡിനെതിരായ മത്സരത്തിലെ വിക്കറ്റ് നേട്ടത്തോടെ പ്രബത് ജയസൂര്യ മറികടന്നത്.

അതേസമയം വെറും ആറ് ടെസ്റ്റുകളില്‍ നിന്നായി 50 വിക്കറ്റ് നേടിയ മുന്‍ ഓസ്ട്രേലിയന്‍ പേസ് ബൌളര്‍ ചാര്‍ലി ടേര്‍ണറുടെ പേരിലാണ് ലോക റെക്കോര്‍ഡ്. ആറാം ടെസ്റ്റിലെ പത്താം ഇന്നിങ്സിലായിരുന്നു ടേര്‍ണറുടെ അമ്പത് വിക്കറ്റ് നേട്ടം. 1888ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലായിരുന്നു ടേര്‍ണര്‍ ഈ നാഴികക്കല്ല് പിന്നിടുന്നത്.

ഏഴ് ടെസ്റ്റുകളില്‍ നിന്ന് 50 വിക്കറ്റ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരമാണ് പ്രബത് ജയസൂര്യ. ജയസൂര്യക്ക് മുന്‍പ് ഈ നേട്ടത്തിലെത്തിയത് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോണ്‍ ഫിലാണ്ടറും ഇംഗ്ലണ്ട് പേസര്‍ റിച്ചാര്‍ഡ്സണുമാണ്. ഈ നിരയില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന സ്പിന്നറാണ് പ്രബത് ജയസൂര്യ.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News