അട്ടിമറിയുടെ സൗന്ദര്യവുമായി മൊറോക്കോ; ജയിക്കാനുറച്ച് പോര്‍ച്ചുഗല്‍
ക്വാർട്ടറിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും. രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം
ദോഹ: ലോകകപ്പിൽ ഇന്ന് യൂറോപ്പ്- ആഫ്രിക്കൻ പോരാട്ടം. ക്വാർട്ടറിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും. രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം.
അട്ടിമറിയുടെ സൗന്ദര്യവുമായി മൊറോക്കോ. ജയിക്കാൻ ഉറച്ച് പോർച്ചുഗൽ. അൽ തുമാമയിൽ ഇന്ന് അഫ്രിക്കൻ കരുത്തും യൂറോപ്യൻ തന്ത്രങ്ങളും തമ്മിലാണ് പോരാട്ടം. ജയവും തോൽവിയും സമനിലയും പരിക്കും പകരക്കാരനും തിരിച്ചു വരവും. 32ൽ നിന്ന് 8 ലേക്ക് ചുരുങ്ങുമ്പോൾ പറങ്കിപ്പടയുടെ കരുത്തും ദൗർബല്യവും വ്യക്തം.
അവസാന എട്ടിൽ സാന്‍റോസിന്‍റെ തന്ത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. റൊണാൾഡോയ്ക്ക് പകരമെത്തിയ റാമോസ് ഫോമിലായത് സാന്റോസിനും പോർച്ചുഗലിനും ആത്മവിശ്വാസം നൽകുന്നു. ആദ്യ ഇലവനിൽ റൊണാൾഡോ ഉണ്ടാകുമോ എന്ന കൗതുകം ആരാധകർക്കുണ്ട്. ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ സിൽവയും അവസരങ്ങൾ സൃഷ്ടിക്കുകയും ഗോൾ നേടുകയും ചെയ്യുന്നു. പെപ്പെ നയിക്കു പ്രതിരോധത്തിലും പഴുതുകളില്ല.
എതിരാളികൾക്ക് മേൽ കൃത്യമായ പദ്ധതിയുണ്ട് മൊറോക്കോയ്ക്ക്. കായിക ക്ഷമതയും വേഗവുമാണ് ടീമിന്‍റെ കരുത്ത്. എതിരാളിയെ അളന്ന് തന്ത്രങ്ങൾ മെനയുന്ന പരിശീലകനാണ് ഖാലിദ്. തന്ത്രങ്ങളെ കളത്തിൽ ഫലിപ്പിക്കാൻ കഴിവുണ്ട് ടീമിന്. അഷ്റഫ് ഹക്കിമി നയിക്കുന്ന പ്രതിരോധവും ബൗഫലിന്‍റെ മധ്യനിരയും ഒരോ കളിയും മെച്ചപ്പെടുന്നുണ്ട്. ഗോൾ വലയ്ക്ക് കീഴിൽ യാസിനും ഫോമിലാണ്.മുന്നേറ്റത്തിൽ സിയേച്ചിന്‍റെ കാലിലാണ് പ്രതീക്ഷ. സ്പെയിനെതിരായ ടീമിൽ കാര്യമായ മാറ്റം ഉണ്ടായേക്കില്ല. സെമി ഫൈനൽ ലക്ഷ്യം വച്ച് ഇരു ടീമുകളും ഇറങ്ങുമ്പോൾ ഇന്ന് തീ പാറുമെന്ന് ഉറപ്പ്.