ജോണി ഫയര്‍ ഷോ; റെക്കോര്‍ഡ് റണ്‍ചേസില്‍ കൊല്‍ക്കത്തയെ തകര്‍ത്ത് പഞ്ചാബ്
കൊൽക്കത്ത ഉയർത്തിയ 261 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം ഒരോവറും രണ്ട് പന്തും ബാക്കി നിൽക്കേ പഞ്ചാബ് മറികടന്നു
കൊല്‍ക്കത്ത: ടി20 ക്രിക്കറ്റിന്‍റെ ചരിത്രം കണ്ട റെക്കോർഡ് റൺ ചേസിൽ കൊൽക്കത്തെയെ എട്ട് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്‌സ്. കൊൽക്കത്ത ഉയർത്തിയ 261 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യം ഒരോവറും രണ്ട് പന്തും ബാക്കി നിൽക്കേ പഞ്ചാബ് മറികടന്നു. സെഞ്ച്വറിയുമായി കളംനിറഞ്ഞ ജോണി ബെയർസ്‌റ്റോയുടേയും അർധ സെഞ്ച്വറികളുമായി തകർത്തടിച്ച ശശാങ്ക് സിങ്ങിന്റേയും പ്രഭ്‌സിംറാൻ സിങ്ങിന്റേയും മിന്നും പ്രകടനങ്ങളാണ് പഞ്ചാബിന് ആവേശ ജയം സമ്മാനിച്ചത്.
ഈഡൻ ഗാർഡനിൽ വെടിക്കെട്ടഴിച്ച് വിട്ട കൊൽക്കത്തയെ അതേ നാണയത്തിലാണ് പഞ്ചാബ് തിരിച്ചടിച്ചത്. ഓപ്പണർമാരായ പ്രഭ്‌സിംറാനും ബെയര്‍സ്റ്റോയും ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റിൽ പടുത്തുയർത്തിയത്. തുടക്കം മുതൽ തന്നെ ടോപ് ഗിയറിലായ പ്രഭ്‌സിംറാൻ 20 പന്തിൽ 5 സിക്‌സും 4 ഫോറും സഹിതം 54 റൺസെടുത്ത് ആറാം ഓവറിൽ പുറത്തായി. പിന്നീട് ക്രീസിലെത്തിയ റിലീ റൂസോയെ കൂട്ടുപിടിച്ച ബെയര്‍സ്റ്റോ പഞ്ചാബ് സ്‌കോർബോർഡ് വേഗത്തിൽ ഉയർത്തി. ഏഴാം ഓവറിൽ തന്നെ പഞ്ചാബ് മൂന്നക്കം കടന്നു. 13ാം ഓവറിൽ റൂസോ പുറത്തായ ശേഷം ക്രീസിലെത്തിയ ശശാങ്ക് സിങ്ങാണ് കളിയുടെ ഗതിയെ തന്നെ മാറ്റിയത്.
കഴിഞ്ഞ മത്സരങ്ങളിൽ അവസാനിപ്പിച്ചേടത്ത് നിന്ന് തുടങ്ങുകയായിരുന്നു ശശാങ്ക്. ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ സിക്‌സുകളുടെ പേമാരി പെയ്തു. എട്ട് പടുകൂറ്റൻ സിക്‌സുകളാണ് ശശാങ്കിന്റെ ബാറ്റിൽ നിന്ന് പിറന്നത്. വെറും 28 പന്തിൽ നിന്ന് 68 റൺസടിച്ച ശശാങ്ക് ബെയർ സ്റ്റോക്കൊപ്പം പുറത്താവാതെ നിന്നും. 48 പന്തിൽ നിന്ന് 9 സിക്‌സും 8 ഫോറം സഹിതമാണ് ബെയർസ്‌റ്റോ സെഞ്ച്വറി കുറിച്ചത്.
നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത സുനിൽ നരേന്റെയും ഫിലിപ് സാൾട്ടിന്റേയും വെടിക്കെട്ട് പ്രകടനങ്ങളുടെ മികവിലാണ് കൂറ്റൻ സ്‌കോർ ഉയർത്തിയത്. നിശ്ചിത 20 ഓവറിൽ ആതിഥേയര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 261 റൺസെടുത്തു. ഫിലിപ് സാൾട്ട് 37 പന്തിൽ 75 റൺസെടുത്തപ്പോൾ നരേൻ 32 പന്തിൽ 71 റൺസെടുത്തു.. തുടക്കം മുതൽ തന്നെ ടോപ് ഗിയറിലായ നരേനും സാൾട്ടും ആദ്യ വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 11ാം ഓവറിൽ നരേൻ പുറത്തായി. നാല് സിക്‌സും ഒമ്പത് ഫോറും സഹിതമാണ് നരേൻ 71 റൺസ് അടിച്ചെടുത്തത്. 13ാം ഓവറിൽ സാൾട്ടും പുറത്തായി.
പിന്നീട് ക്രിസിലെത്തിയ വെങ്കിടേഷ് അയ്യറും ആന്ദ്രേ റസലും ശ്രേയസ് അയ്യറും അവസാന ഓവറുകളിൽ തകർത്തടിച്ച് കൊൽക്കത്തയുടെ സ്‌കോർ 200 കടത്തി. വെങ്കിടേഷ് അയ്യർ 39 റൺസെടുത്തപ്പോൾ 24 റൺസായിരുന്നു റസലിന്റെ സമ്പാദ്യം. 10 പന്തിൽ 28 റൺസുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഇരുവര്‍ക്കും മികച്ച പിന്തുണ നൽകി. പഞ്ചാബിനായി അര്‍ഷദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി.