''രാഹുൽ സഞ്ജുവിനേക്കാൾ എത്രയോ ഭേദം''- സെവാഗ്
''എല്ലാ ഫോർമാറ്റിലും സഞ്ജു സാംസണേക്കാൾ എത്രയോ ഭേദമാണ് രാഹുലിന്‍റെ പ്രകടനങ്ങള്‍''
ഐ.പി.എല്ലിൽ മികച്ച ഫോമിലാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ഇതിനോടകം തന്നെ അഞ്ച് മത്സരങ്ങളില്‍ നിന്ന് താരം മൂന്ന് അർധസെഞ്ച്വറികൾ തന്റെ പേരിൽ കുറിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറേ കാലമായി ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട താരം ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ടീമിലിടം പിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.
കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ ക്രിക്കറ്റർ വിരേന്ദർ സെവാഗ് സഞ്ജുവിനെ കുറിച്ച് നടത്തിയൊരു പരാമർശം ആരാധകർക്കിടയിൽ വലിയ ചർച്ചയാണിപ്പോൾ. ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും സഞ്ജുവിനേക്കാള്‍ എത്രയോ ഭേദമാണെന്നാണ് സെവാഗിന്‍റെ പരാമര്‍ശം.
''കെ എൽ രാഹുൽ ഫോമിൽ തിരിച്ചെത്തിയിരിക്കുന്നു. അയാളുടെ സ്‌ട്രൈക്ക് റൈറ്റ് ചിലപ്പോൾ ആരാധകരെ തൃപ്തിപ്പെടുത്തണമെന്നില്ല. എന്നാൽ അയാളുടെ ഫോം വലിയൊരു പ്രതീക്ഷയാണ്. ഇന്ത്യൻ ടീമിലെ കാര്യമെടുത്താൽ എല്ലാ ഫോർമാറ്റിലും സഞ്ജു സാംസണേക്കാൾ എത്രയോ ഭേദമാണ് രാഹുലിന്‍റെ പ്രകടനങ്ങള്‍. അദ്ദേഹം നിരവധി ടെസ്റ്റ് മത്സരങ്ങൾ കളിച്ച അനുഭവ സമ്പത്തുള്ളയാളാണ്. ഏകദിനത്തിൽ ഓപ്പണറായും മിഡിൽ ഓർഡറിൽ ഇറങ്ങിയുമൊക്കെ പരിചയമുണ്ട് അയാൾക്ക്. ഒപ്പം ടി20 യിലും മികച്ച റെക്കോർഡാണ് അയാൾക്കുള്ളത്''- സെവാഗ് പറഞ്ഞു. ക്രിക്ബസിന് നല്‍കിയ അഭിമുഖത്തിലാണ് സെവാഗിന്‍റെ പരാമര്‍ശം.
ഇന്ത്യയുടെ കഴിഞ്ഞ കുറേ പരമ്പരകളില്‍ വന്‍ ഫോമില്ലായ്മ നേരിട്ടിരുന്ന രാഹുല്‍ ഐ.പി.എല്ലില്‍ പതിയെ ഫോമിലേക്ക് തിരിച്ചു വരുന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്. എന്നാല്‍ ടി 20 ഫോര്‍മാറ്റില്‍ താരത്തിന്‍റെ സ്ട്രൈക്ക് റൈറ്റിനെ സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങളാണുള്ളത്. ലക്നൗവിന്‍റെ ജയം രാഹുല്‍ ഔട്ടാവുന്നതിന് അനുസരിച്ച് ഇരിക്കുമെന്ന് വരെ ട്രോളുകള്‍ സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു.