രാഹുൽ വേഗം പുറത്ത്, ടീം തോറ്റു; ഇക്കുറി ഗോയങ്ക പുഞ്ചിരിച്ചു
ഹൈദരാബാദിനെതിരായ തോല്‍വിക്ക് ശേഷം കെ.എല്‍ രാഹുലിനെ രൂക്ഷമായ ഭാഷയില്‍ ശകാരിച്ച ഗോയങ്കയുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു
ലഖ്‌നൗ നായകന്‍ കെ.എല്‍ രാഹുലിനെ ടീമുടമ സഞ്ജീവ് ഗോയങ്ക മൈതാനത്ത് വച്ച് രൂക്ഷമായി ശകാരിക്കുന്നൊരു വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരായ തോല്‍വിക്ക് ശേഷമായിരുന്നു രാഹുലിനോട് ടീമുടമ അതിരുവിട്ടത്. ഇതോടെ ഗോയങ്കക്കെതിരെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. മൈതാനത്ത് വച്ചല്ല ഇത് ചെയ്യേണ്ടത് എന്നും രാഹുലിനെതിരായ ശകാരം അതിരുവിട്ടെന്നുമൊക്കെ പോയി വിമർശനങ്ങൾ.
ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടിയിൽ രാഹുൽ ലഖ്‌നൗ ടീം വിട്ടുപോരണമെന്ന രീതിയിൽ നിരവധി ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്. രാഹുൽ തന്റെ മുന്‍ തട്ടകമായ ആർ.സി.ബിയിലേക്ക് മടങ്ങിവരണമെന്നും കപ്പൊന്നുമില്ലെങ്കിലും ഇങ്ങനെ അവഹേളനങ്ങൾ സഹിക്കേണ്ടിവരില്ലെന്നുമാണ് സംഭവത്തിന് പിറകേ പല ആരാധകരും കുറിച്ചത്.
വിമര്‍ശനം കടുത്തതോടെ അന്തരീക്ഷം തണുപ്പിക്കാനായി രാഹുലിനെ സ്വന്തം വസതിയിലേക്ക് ഗോയങ്ക അത്താഴത്തിന് ക്ഷണിച്ചതും വലിയ വാര്‍ത്തയായി. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്‌നൗവിന് നിര്‍ണായക മത്സരമായിരുന്നു. പ്ലേ ഓഫ് പ്രവേശത്തിന് ജയം അനിവാര്യമാണെന്നിരിക്കേ വീണ്ടും തോൽക്കാനായിരുന്നു ലഖ്‌നൗവിന്‍റെ വിധി. 19 റൺസിനാണ് ഡൽഹി ലഖ്‌നൗവിനെ തകർത്തത്. നായകൻ കെ.എൽ രാഹുലിനും പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. മൂന്ന് പന്ത് നേരിട്ട രാഹുൽ നേടിയത് വെറും അഞ്ച് റൺസ്.
ലഖ്‌നൗ പുറത്താകലിന്റെ വക്കിൽ നിൽക്കേ ഇക്കുറി ടീമുടമ സഞ്ജീവ് ഗോയങ്കയുടെ ഭാവം ശാന്തമായിരുന്നു. ടീമിന്‍റെ തോല്‍വിക്ക് ശേഷം മൈതാനത്തിറങ്ങിയ ഗോയങ്ക രാഹുലിനോട് ഏറെ സൗമ്യമായാണ് പെരുമാറിയത്. രാഹുലിനൊപ്പം ചിരിച്ച് മൈതാനത്ത് നില്‍ക്കുന്ന ഗോയങ്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലായി.
നേരത്തേ ഗോയങ്കയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ടീമുടമകൾ താരങ്ങളെ നിരുത്സാഹപ്പെടുത്തുകയല്ല വേണ്ടത് എന്നും അവരെ പ്രചോദിപ്പിക്കുന്ന വർത്തമാനങ്ങളാണ് പറയേണ്ടതെന്നും സെവാഗ് പറഞ്ഞു.
'ടീമിൽ ഉടമയുടെ റോൾ കളിക്കാരെ പ്രചോദിപ്പിക്കൽ മാത്രമാണ്. വീണു പോവുമ്പോഴൊക്കെ അവർക്ക് താങ്ങാവുകയാണ് വേണ്ടത്. ടീമുടമ ഗ്രൗണ്ടിലേക്കിറങ്ങി വന്ന് ഒരു താരത്തിനെതിരെ ചോദ്യമുയർത്തുന്നു. ഇത് ഒട്ടും ശരിയായി തോന്നുന്നില്ല. കോച്ചും മറ്റ് സ്റ്റാഫുകളുമൊക്കെ അവരുടെ കളിയിൽ ഇടപെടട്ടേ. ഉടമകൾ കളിയിൽ ഇടപെടാതിരിക്കുക. ബിസിനസുകാരായ ഇക്കൂട്ടർക്ക് ലാഭ നഷ്ടക്കണക്കുകൾ മാത്രമേ അറിയൂ. ടീം ജയിച്ചാലും തോറ്റാലും നിങ്ങൾക്ക് 400 കോടി കിട്ടും. ഇവിടെ നിങ്ങൾക്ക് നഷ്ടങ്ങളേ ഇല്ല. പിന്നെയെന്താണ് നിങ്ങളുടെ പ്രശ്‌നം. കളിക്കാരോട് നിങ്ങൾ ഇത്തരത്തിലാണ് പെരുമാറാൻ തീരുമാനിച്ചിട്ടുള്ളത് എങ്കിൽ അവർ മറ്റു ഫ്രാഞ്ചസികളെ കുറിച്ച് ആലോചിക്കും. ഒരു ടീം വിട്ടാൽ അനവധി ഫ്രാഞ്ചസികൾ അവരെ തേടിയെത്തും.- സെവാഗ് പറഞ്ഞു
എന്നാൽ ഗോയങ്കക്കും രാഹുലിനുമിടയിൽ നടന്നത് ആരോഗ്യകരമായ സംഭാഷണമാണെന്നാണ് ലഖ്നൗ അസിസ്റ്റന്റ് കോച്ച് ലാൻസ് ക്ലൂസ്നർ പറഞ്ഞത്. ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നാണ് രാഹുൽ-ഗോയങ്ക സംഭാഷണത്തെ ക്ലൂസ്‌നർ വിശേഷപ്പിച്ചത്. 'രണ്ട് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ നടന്ന ആരോഗ്യകരമായ സംഭാഷണമാണത്. ഇത് പോലുള്ള സംഭാഷണങ്ങൾ ഞങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്. അതിനാൽ ഇത് വലിയ കാര്യമൊന്നുമല്ല'- ക്ലൂസ്‌നർ പറഞ്ഞു.
ഗോയങ്കയുടെ ഐ.പി.എൽ ഇടപെടലുകൾ വിവാദമാകുന്നത് ഇതാദ്യമായല്ല. 2017ൽ സൈിങ് പുനെ സൂപ്പർ ജയന്റ്‌സ് നായകസ്ഥാനത്ത് നിന്നും സാക്ഷാൽ ധോണിയെ മാറ്റി സ്റ്റീവ്‌സ്മിത്തിന് ചുമതല നൽകിയ ഗോയങ്കയുടെ തീരുമാനത്തിരെ വലിയ വിമർശനങ്ങളുയർന്നിരുന്നു. മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയക്കും എന്തും പറയാമെന്നും എല്ലാ തീരുമാനങ്ങളും ജനപ്രിയമായിരിക്കണമെന്നില്ലെന്നുമാണ് ഗോയങ്ക അന്ന് പറഞ്ഞത്.
നേരത്തേ മുൻ ദക്ഷിണാഫ്രിക്കൻ താരം ഗ്രെയിം സ്മിത്തും ഗോയങ്കയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു: ''ഒരു ഉടമ തീർച്ചയായും അയാളുടെ ടീമിനെക്കുറിച്ച് വളരെ പാഷനേറ്റ് ആയിരിക്കും. ടീം തോറ്റത് അയാളെ വികാരഭരിതനുമാക്കിയിരിക്കാം. പക്ഷേ സംഭാഷണങ്ങൾ നടക്കേണ്ടത് അടച്ചിട്ട മുറികളിലാണ്. ഗ്രൗണ്ടിൽ ഒരുപാട് ക്യാമറകളുണ്ടെന്നും അവർ ഒരു ദൃശ്യവും മിസ്സാക്കില്ലെന്നും മനസ്സിലാക്കണം. മുതലാളിയുടെ പൊട്ടിത്തെറിയോട് രാഹുൽ വളരെ കൂളായാണ് റിയാക്ട് ചെയ്യുന്നത്''- സ്മിത്ത് പറഞ്ഞു.