മെയേഴ്‌സിന് അര്‍ധസെഞ്ച്വറി; ലക്‌നൗവിന് ഭേദപ്പെട്ട സ്കോര്‍
രാജസ്ഥാന് വേണ്ടി ആർ.അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി
ജയ്പൂര്‍: അർധ സെഞ്ച്വറി നേടിയ കെയിൽ മെയേഴ്‌സിന്റേയും 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്‍റേയും മികവിൽ രാജസ്ഥാനെതിരെ ലക്‌നൗ സൂപ്പർ ജയന്റ്‌സിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്‌നൗ 154 റൺസെടുത്തു. കെയിൽ മെയേഴ്‌സ് 42 പന്തിൽ നിന്നാണ് 51 റൺസ് എടുത്തു.
നേരത്തേ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ തന്നെ ലക്‌നൗ സ്‌കോർ ഇഴഞ്ഞാണ് നീങ്ങിയത്. ആദ്യ വിക്കറ്റിൽ മെയേഴ്‌സിനൊപ്പം 84 റൺസ് കൂട്ടിച്ചേർത്ത ശേഷം ക്യാപ്റ്റൻ രാഹുൽ മടങ്ങി. പിന്നീടെത്തിയ ആയുഷ് ബധോനിയും ദീപക് ഹൂഡയും പെട്ടെന്ന് തന്നെ കൂടാരം കയറി.
അവസാന ഓവറുകളിൽ മാർകസ് സ്‌റ്റോയിനിസും നിക്കോളസ് പൂരനും ചേർന്ന് സ്‌കോർ ബോർഡ് ഉയർത്താൻ നടത്തിയ ശ്രമമാണ് ലക്‌നൗ സ്‌കോർ 150 കടത്തിയത്. രാജസ്ഥാന് വേണ്ടി ആർ.അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിൽ രണ്ട് റൺ ഔട്ട് അടക്കം മൂന്ന് വിക്കറ്റാണ് വീണത്.