''കോഹ്‍ലിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ശാസ്ത്രി, അയാള്‍ക്ക് കോച്ചിങ് അറിയില്ല''; രവി ശാസ്ത്രിക്കെതിരെ മുന്‍ പാക് താരം
ശാസ്ത്രി പരിശീലകനായതിന് ശേഷമാണ് കോഹ്‌ലിയുടെ സ്ഥിരത നഷ്ടപ്പെട്ടതെന്നും ശാസ്ത്രിക്ക് പരിശീലകന്‍റെ പണി അറിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു
മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിക്കെതിരെ പാകിസ്താൻറെ മുന്‍ വിക്കറ്റ് കീപ്പർ റാഷിദ് ലത്തീഫ്. കോഹ്‌ലിയുടെ ഫോമില്ലായ്മക്ക് കാരണം രവി ശാസ്ത്രിയാണെന്നായിരുന്നു റാഷിദ് ലത്തീഫിന്റെ കമന്‍റ്. ശാസ്ത്രി പരിശീലകനായതിന് ശേഷമാണ് കോഹ്‌ലിയുടെ സ്ഥിരത നഷ്ടപ്പെട്ടതെന്നും ശാസ്ത്രിക്ക് പരിശീലകന്‍റെ പണി അറിയില്ലെന്നും റാഷിദ് ലത്തീഫ് തുറന്നടിച്ചു. 2017 മുതല്‍ 2021 വരെയുള്ള സമയത്താണ് ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി എത്തുന്നത്. ഈ സമയം മുതലാണ് കോഹ്ലിയുടെ ഫോം നഷ്ടപ്പെട്ടതെന്നാണ് റാഷിദ് ലത്തീഫ് പറയുന്നത്.
രവിശാസ്ത്രി ഇന്ത്യയുടെ പരിശീലകനായിരുന്നില്ലെങ്കിൽ ഒരുപക്ഷേ കോഹ്‌ലിക്ക് ഫോം നഷ്ടപ്പെട്ട് ഉഴലുന്ന അവസ്ഥ ഉണ്ടാകില്ലായിരുന്നെന്നും ലത്തീഫ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി കോഹ്‌ലി പഴയ ഫോമിന്‍റെ നിഴൽ മാത്രമാണ്. 2019ന് ശേഷം ഇന്നിതുവരെ ഈ കാലയളവിൽ ഒരു സെഞ്ച്വറി പോലും താരത്തിന്‍റെ ബാറ്റിൽ നിന്ന് പിറന്നിട്ടില്ല. 'അദ്ദേഹം (ശാസ്ത്രി) കാരണമാണ് ഇത് സംഭവിച്ചത്, ' കോട്ട് ബിഹൈൻഡ്' എന്ന യൂട്യൂബ് ചാനലിലെ പരിപാടിക്കിടെയാണ് റാശിദ് ലത്തീഫ് ഇക്കാര്യം പറഞ്ഞത്. കുംബ്ലെയെപ്പോലെയൊരു പ്രതിഭാശാലിയെ ഒഴിവാക്കിയാണ് ശാസ്ത്രിയെ കൊണ്ടുവന്നത്. ശാസ്ത്രി ആ സ്ഥാനത്തിന് എത്രത്തോളം അര്‍ഹനായിരുന്നു... അറിയില്ല...
"അദ്ദേഹം ഒരു മികച്ച കമന്‍റേറ്ററായിരുന്നു, പക്ഷേ കോച്ചിംഗിൽ അദ്ദേഹത്തിന് യാതൊരു പരിചയവും ഇല്ല..വിരാട് കോഹ്‌ലി ഒഴികെ, ശാസ്ത്രിയെ ടീമിന്‍റെ പരിശീലക സ്ഥാനത്തെത്തിച്ചതില്‍ മറ്റ് ആളുകള്‍ക്കും പങ്കുണ്ട്. എന്നാൽ അതെല്ലാം ഇപ്പോൾ തിരിച്ചടിക്കുന്നുണ്ട്... അദ്ദേഹം ഇന്ത്യയുടെ പരിശീലകനായില്ലെങ്കിൽ കോഹ്‌ലി ഇപ്പോഴും പഴയ ഫോമില്‍ തുടര്‍ന്നേനെ. റാഷിദ് ലത്തീഫ് പറഞ്ഞു.