ഒരു പന്തില്‍ രണ്ട് റിവ്യൂ; വിചിത്ര തീരുമാനവുമായി അശ്വിന്‍

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ദിണ്ഡിഗല്‍ ഡ്രാഗൺസും ബൈസി ട്രിച്ചിയും തമ്മിലുള്ള മത്സരത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്

Update: 2023-06-16 12:03 GMT
Advertising

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍  ദിണ്ഡിഗല്‍ ഡ്രാഗൺസിന്‍റെ താരമാണ് ഇന്ത്യന്‍ ബോളര്‍ ആര്‍ അശ്വിന്‍. കഴിഞ്ഞ ദിവസം ലീഗില്‍ ബൈസി ട്രിച്ചിയുമായുള്ള മത്സരത്തിൽ പന്തെറിഞ്ഞ അശ്വിൻ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. മത്സരത്തില്‍ വിചിത്രമായൊരു തീരുമാനമെടുത്താണ് താരം ആരാധകരുടെ ചര്‍ച്ചകളില്‍ നിറഞ്ഞത്.  മത്സരത്തിലെ ഒരു പന്തില്‍ അംപയറുടെ തീരുമാനം പുനപ്പരിശോധിച്ച് തേര്‍ഡ് അംപയര്‍ വിധി പറഞ്ഞ ശേഷം വീണ്ടും അശ്വിന്‍ റിവ്യൂ നല്‍കിയതാണ് ആരാധകരെ ഞെട്ടിച്ചത്. 

മത്സരത്തിലെ 13ാം ഓവർ എറിഞ്ഞത് അശ്വിനായിരുന്നു. ഓവറിലെ അവസാന പന്തിൽ ട്രിച്ചി ബാറ്റർ രാജ്കുമാറിനെ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്ത് പുറത്താക്കി. എന്നാൽ  രാജ്കുമാർ ഡി.ആർ.എസ് പോയതോടെ തേർഡ് അംപയർ തീരുമാനം പുനപ്പരിശോധിച്ച് നോട്ടൗട്ട് വിധിച്ചു. ഇതിന് പിന്നാലെ അശ്വിൻ വീണ്ടും റിവ്യൂവിന് പോയി. വീഡിയോ ദൃശ്യങ്ങൾ തേർഡ് അംപയർ ഒരിക്കൽ കൂടി പരിശോധിച്ചെങ്കിലും നോട്ടൗട്ട് എന്ന് തന്നെയായിരുന്നു വിധി. തുടർന്ന് ഗ്രൗണ്ടിലുണ്ടായിരുന്ന അംപയർമാരുമായി അശ്വിൻ തർക്കിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. പന്ത് ബാറ്റിൽ തട്ടിയെന്ന് വ്യക്തമായിരുന്നു എന്നാണ് ദിണ്ഡിഗൽ താരങ്ങളുടെ വാദം.

''രണ്ടാം റിവ്യൂ പോകാനുള്ള തീരുമാനത്തെക്കുറിച്ച് അശ്വിൻ മത്സരത്തിനു ശേഷം വിശദീകരിച്ചു. ‘തമിഴ്നാട് പ്രീമിയർ ലീഗിൽ ഡിആർഎസ് പുതിയ കാര്യമാണ്....പന്ത് ബാറ്റിനെ കടന്നുപോകുമ്പോൾ ചെറിയ ശബ്ദമുണ്ടായിരുന്നു. അവർ അത് മറ്റേതെങ്കിലും ആംഗിളിൽ കൂടി പരിശോധിക്കുമെന്നാണു കരുതിയത്''- അശ്വിന്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തോല്‍വിക്ക് പിന്നാലെ ലോക ഒന്നാം നമ്പര്‍ ബോളറായ അശ്വിനെ കലാശപ്പോരില്‍ കളിപ്പിക്കാതിരുന്നതിനെ ചൊല്ലി വിവാദം ഉയര്‍ന്നിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറടക്കം നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News