ആർസിബിക്ക് തിരിച്ചടി; വാഷിങ്ടൺ സുന്ദർ ഐപിഎൽ രണ്ടാം പാദത്തിൽ കളിക്കില്ല
അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പും വാഷിങ്ടൺ സുന്ദറിന് നഷ്ടമായേക്കും
ഈ മാസം യുഎഇയില്‍ ആരംഭിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംപാദത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ കളിക്കില്ല. കൈവിരലിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്നാണ് ആർസിബി താരത്തിന് ബാക്കി മത്സരങ്ങൾ നഷ്ടമാകുമെന്ന് ഉറപ്പായത്. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിന്‍റെ കാര്യവും സംശയത്തിലാണ്.
ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന വാഷിങ്ടണ്‍ സുന്ദര്‍ പരിശീലന മത്സരത്തിനിടെ പരിക്കേറ്റ് ടീമില്‍നിന്നു പുറത്താകുകയായിരുന്നു. ടെസ്റ്റ് സന്നാഹത്തിന്‍റെ ഭാഗമായി നടന്ന കൗണ്ടി മത്സരത്തിനിടെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ പന്തിലായിരുന്നു പരിക്കേറ്റത്. തുടർന്ന് താരം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഫിറ്റ്‌നെസ് ടെസ്റ്റിൽ വിജയിക്കാനായിരുന്നില്ല. ഇതോടെയാണ് താരത്തിന് ഐപിഎൽ കളിക്കാനാകില്ലെന്ന് ഉറപ്പായത്.
ആർസിബി മാനേജ്‌മെന്റാണ് സുന്ദർ ബാക്കി മത്സരങ്ങൾ കളിക്കില്ലെന്ന വിവരം പുറത്തുവിട്ടത്. പകരം ബംഗാൾ താരം ആകാശ് ദീപിനെ സംഘത്തിലുൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സുന്ദറിന്‍റെ അഭാവം ആർസിബിക്ക് തിരിച്ചടിയാകും. ബാറ്റിങ് പവർപ്ലേ ഓവറുകളിൽ കോഹ്ലി സ്ഥിരമായി ആശ്രയിച്ചിരുന്ന സ്പിന്നറാണ് സുന്ദർ. കഴിഞ്ഞ തവണ യുഎഇയില്‍ നടന്ന ഐപിഎല്ലിലടക്കം പലപ്പോഴും ആർസിബിയുടെ ബൗളിങ് ഓപൺ ചെയ്യാറുള്ളതും താരമായിരുന്നു. റണ്ണൊഴുക്ക് തടയുന്നതിലും ആവശ്യഘട്ടങ്ങളിൽ വിക്കറ്റെടുക്കുന്നതിലും മിടുക്കനാണ് സുന്ദർ. ഇതോടൊപ്പം ബാറ്റിങ്ങിലും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.