14 മിനിറ്റില്‍ രണ്ടടിച്ച് ലിവര്‍പൂള്‍; അഞ്ചെണ്ണം തിരിച്ചടിച്ച് റയല്‍, ആന്‍ഫീല്‍ഡ് നിശബ്ദം
റയലിനായി കരീം ബെന്‍സേമയും വിനീഷ്യസ് ജൂനിയറും ഇരട്ട ഗോള്‍ കണ്ടെത്തി
ലിവര്‍പൂള്‍: ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ലിവർപൂളിനെതിരെ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ലിവര്‍പൂളിന്‍റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ അരങ്ങേറിയ മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ മാഡ്രിഡിന്റെ ജയം. റയലിനായി കരീം ബെന്‍സേമയും വിനീഷ്യസ് ജൂനിയറും ഇരട്ട ഗോള്‍ കണ്ടെത്തി.
മത്സരത്തിന്‍റെ നാലാം മിനിറ്റില്‍ ഡാർവിൻ നൂനിയ നേടിയ മനോഹര ഗോളിലൂടെ റയലിനെ ഞെട്ടിച്ച് ലിവര്‍പൂളാണ് ആദ്യം സ്കോര്‍ ചെയ്തത്. ആദ്യ ഗോള്‍ വീണ് പത്ത് മിനിറ്റ് കഴിയും മുമ്പേ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവയുടെ പിഴവ് മുതലെടുത്ത് മുഹമ്മദ് സലാഹ് വീണ്ടും റയല്‍ വലകുലുക്കി. സീസണില്‍ മോശം ഫോം തുടരുന്ന ചെങ്കുപ്പായക്കാരുടെ വന്‍തിരിച്ചുവരവ് കണ്ട ലിവര്‍പൂള്‍ ആരാധകര്‍ ആവേശത്തിന്‍റെ പരകോടിയിലായിരുന്നു. പക്ഷെ ഇളകി മറിഞ്ഞ ആന്‍ഫീല്‍ഡ് ഗാലറികളുടെ ആഘോഷങ്ങള്‍ക്ക് അല്‍പ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
മത്സരത്തിന്‍റെ 21 ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ റയലിനായി ആദ്യ ഗോള്‍മടക്കി. 35 ാം മിനിറ്റില്‍ അലിസണ്‍ ബെക്കറുടെ പിഴവ് മുതലെടുത്ത് വിനീഷ്യസ് ഒരിക്കല്‍ കൂടി ലിവര്‍പൂള്‍ വലകുലുക്കിയപ്പോള്‍ ആന്‍ഫീല്‍ഡ് നിശബ്ദമായി. സമനിലയിലവസാനിച്ച ഒന്നാം പകുതിക്ക് ശേഷം ആന്‍ഫീല്‍ഡില്‍ റയലിന്‍റെ സംഹാര താണ്ഡവമാണ് ആരാധകര്‍ കണ്ടത്.
47 ാം മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചിന്‍റെ ഫ്രീകിക്കിനെ തലകൊണ്ട് ഗോള്‍വലയിലേക്ക് തിരിച്ച് വിട്ട് എഡര്‍ മിലിറ്റാവോ മത്സരത്തില്‍ റയലിന് ആദ്യ ലീഡ് നേടിക്കൊടുത്തു. ആ ഗോള്‍ പിറന്ന് എട്ട് മിനിറ്റിനുള്ളില്‍ കരീം ബെന്‍സേമയും റയലിനായി വലകുലുക്കി. 66 ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി ലിവര്‍പൂള്‍ കൊട്ട തകര്‍ന്നു. ഇക്കുറിയും ബെന്‍സേമയുടെ ഊഴമായിരുന്നു. പെനാല്‍ട്ടി ബോക്സിനുള്ളില്‍ വച്ച് ഗോള്‍കീപ്പറേയും നാല് പ്രതിരോധ താരങ്ങളേയും കബളിപ്പിച്ച് നേടിയ മനോഹര ഗോള്‍. 1996ന് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തിൽ അഞ്ച് ഗോളുകള്‍ വഴങ്ങുന്നത്.
മറ്റൊരു മത്സരത്തിൽ ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇറ്റാലിയന്‍ വമ്പന്മാരായ നാപ്പോളി തകര്‍ത്തു. നാപോളിക്കായി വിക്ടർ ഒസിമെനും ജിയോവാനി ഡി ലോറെൻസോയും ഗോൾ നേടി. 36 ാം മിനിറ്റിൽ നാപോളി പെനാൽട്ടി പാഴാക്കിയെങ്കിലും 40 മിനിറ്റിൽ ഒസിമൻ ലീഡ് നൽകി. 58 ാം മിനിറ്റിൽ കോലോ മുവാനി ചുവപ്പ് കാർഡ് കണ്ടതും ഫ്രാങ്ക്ഫർട്ടിന് തിരിച്ചടിയായി. വിജയത്തോടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നാപോളി ഉറപ്പിച്ചു.