ഐപിഎൽ ബാക്കി മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ല
എവിടെവച്ച് നടക്കുമെന്ന് പറയാൻ സമയമായിട്ടില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി
ഐപിഎല്ലിന്റെ ബാക്കിയുള്ള മത്സരങ്ങൾ നടക്കുക ഇന്ത്യയിലാകില്ലെന്ന് ബിസിസിഐ. എവിടെവച്ചാകും മത്സരം സംഘടിപ്പിക്കുക എന്നു പറയാനായിട്ടില്ലെന്നും എന്നാൽ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ സംഘടിപ്പിക്കാനാകില്ലെന്നത് ഉറപ്പാണെന്നും ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്. ബയോബബിളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ലെങ്കിൽ ഐപിഎൽ മത്സരങ്ങൾ തുടരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങൾ നേരത്തെ നിർത്തിവയ്ക്കാമായിരുന്നുവെന്ന് ഇപ്പോൾ ആളുകൾ പറയുന്നതിൽ കാര്യമില്ലെന്നും താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇംഗ്ലീഷ് പ്രീമിയർ പോലുള്ള ടൂര്‍ണമെന്‍റുകള്‍ തുടർന്നിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.
വിവിധ ടീമുകളിലെ താരങ്ങൾക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതിനു പിറകെ ഈ മാസം നാലിനാണ് ഐപിഎൽ പാതിവഴിയിൽ നിർത്തിവച്ചത്. എട്ടു താരങ്ങൾക്കും ഏതാനും സ്റ്റാഫുകൾക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 29 മത്സരങ്ങളാണ് ഇതിനകം ടൂർണമെന്റിൽ പൂർത്തിയാക്കിയിട്ടുണ്ട്.
അതിനിടെ, ബാക്കി മത്സരങ്ങൾക്ക് ആതിഥ്യമരുളാൻ സന്നദ്ധത അറിയിച്ച് വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടി ക്ലബുകൾ, ശ്രീലങ്ക എന്നിവ കഴിഞ്ഞ ദിവസം ഐപിഎൽ വേദിയാകാൻ താൽപര്യമറിയിച്ചിട്ടുണ്ട്.