ശുഭപ്രതീക്ഷ, ശുഭ്മാന്‍ ഗില്‍; ഇത് ഒന്നാം നമ്പറിലേക്കുള്ള ഇന്ത്യയുടെ 'സ്ഥിരനിക്ഷേപം'
വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യന്‍ ഇന്നിങ്സ് തുടങ്ങിവെക്കുക ഗില്ലിന്‍റെ ബാറ്റുകൊണ്ടായിരിക്കും എന്ന് ഇനി നിസംശയം പറയാം...
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഓപ്പണിങ് പൊസിഷനിലെ ഒരെന്‍ഡില്‍ ഇനിയീ പഞ്ചാബുകാരന്‍ ഉണ്ടാകും, സ്ഥിരമായി... പരിക്കോ മറ്റ് അപ്രതീക്ഷിത തിരിച്ചടികളോ അയാളുടെ കരിയറില്‍ സംഭവിച്ചില്ലെങ്കില്‍ കണ്ണുമടച്ച് ഇനിയുള്ള പത്ത് വര്‍ഷക്കാലം ഇന്ത്യയുടെ ബാറ്റിങ് പോരാട്ടം തുടങ്ങിവെക്കുക അയാളായിരിക്കും. ശുഭ്മാന്‍ ഗില്‍.
പണ്ടൊരിക്കല്‍ ശുഭ്മാൻ ഗില്ലിനെക്കുറിച്ച് വിരാട് കോഹ്ലി പറഞ്ഞ വാക്കുകള്‍ പൊന്നാകുകയാണ്... ഗില്‍ ഇന്ത്യയുടെ ജൂനിയര്‍ ടീമില്‍ കളിച്ചുകൊണ്ടിരുന്ന സമയത്ത് ഒരിക്കൽ കോഹ്ലി ടീമിന്‍റെ പരിശീലന സെഷൻ കാണാൻ അവിടെയെത്തി. അന്ന് ഗില്ലിന്‍റെ പ്രകടനം കണ്ട കോഹ്‍ലിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'ഈ പ്രായത്തിൽ ഗില്ലിന്‍റെ ബാറ്റിങ് മികവിന്‍റെ പകുതി പോലും എനിക്കുണ്ടായിരുന്നില്ല. എത്ര മനോഹരമായാണ് ഗിൽ ഓരോ പന്തും കളിക്കുന്നത്, ടൈമിങ് ഒക്കെ അത്രയും പെര്‍ഫെക്ട് ആണ്'. അന്ന് കോഹ്ലി പറഞ്ഞ വാക്കുകള്‍ ഇന്ന് ചരിത്രമാകുകയാണ്.
ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇഷാൻ കിഷനെ പുറത്തിരുത്തുകയും പകരം ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഗില്ലിനെ ഓപ്പണിങ് സ്ലോട്ടില്‍ ഇറക്കുകയും ചെയ്തതിന് പല കോണില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എല്ലാ വിമര്‍ശനങ്ങളെയും അടിച്ച് ബൌണ്ടറിക്ക് പുറത്തു കളഞ്ഞാണ് ഇന്ന് ഗില്‍ തന്‍റെ ഇന്നിങ്സ് പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായ മൂന്ന് പന്തുകള്‍ സിക്സറിന് തൂക്കിയാണ് ഗില്‍ തന്‍റെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടം ആഘോഷിച്ചത്. ഏതൊരു ക്രിക്കറ്ററും കൊതിച്ചുപോകുന്ന സ്ഫോടനാത്മകമായ ഇന്നിങ്സ്.
ഓപ്പണിങ് സ്ലോട്ടിലെ 'സ്ഥിരനിക്ഷേപം'
19-ാം വയസില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റില്‍ ആദ്യാക്ഷരം കുറിച്ച ഗില്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു തലമുറക്കൈമാറ്റത്തിന്‍റെ കൂടി കണ്ണിയാകുകയാണ്. രോഹിത്-രാഹുല്‍ ഓപ്പണിങ് ഫോര്‍മുലക്ക് കൂടിയാണ് ഗില്ലിന്‍റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റ് അവസാനം കുറിക്കുന്നത്. 19 ഏകദിന മത്സരങ്ങളിലാണ് ശുഭ്മാന്‍ ഗില്‍ ഇതുവരെ ഇന്ത്യക്കായി കളിച്ചത്. ഇതിനിടയില്‍ അഞ്ച് അര്‍ധസെഞ്ച്വറികളും, മൂന്ന് സെഞ്ച്വറികളും അതിലൊന്ന് ഡബിള്‍ സെഞ്ച്വറിയുമാക്കിയാണ് അയാള്‍ നേട്ടങ്ങളുടെ പുസ്തകത്തിലേക്ക് നടന്നുകയറുന്നത്. 19 ഇന്നിങ്സുകളില്‍ നിന്ന് 68 റണ്‍സ് ശരാശരയില്‍ 1102 റണ്‍സ്. അതും 109 റണ്‍സ് സ്ട്രൈക്റേറ്റില്‍. ഇതില്‍പ്പരം എന്താണ് ഒരു ഓപ്പണര്‍ക്ക് വേണ്ട യോഗ്യത...?
വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യന്‍ ഇന്നിങ്സ് തുടങ്ങിവെക്കുക ഗില്ലിന്‍റെ ബാറ്റുകൊണ്ടായിരിക്കും എന്ന് ഇനി നിസംശയം പറയാം... ഒരുപക്ഷേ സച്ചിന്‍ തെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യൻ ടീമിലെ ബാറ്റിങ് പോസ്റ്റര്‍ ബോയ് സ്ഥാനം വിരാട് കോഹ്ലിയിലേക്കാണെത്തിയതെങ്കില്‍ കോഹ്ലി യുഗത്തിന് ശേഷം ആ ഐക്കണ്‍ താനായിരിക്കുമെന്ന പ്രഖ്യാപനം കൂടിയാണ് ഗില്ലിന്‍റെ പ്രകടനം. ലിമിറ്റഡ് ഓവറിലെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രമല്ല റെഡ് ബോളിലും ഗില്‍ തന്‍റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. 13 ടെസ്റ്റുകളില്‍ നിന്നായി ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയുമുള്‍പ്പെടെ അയാള്‍ ആയിരം റണ്‍സിലേക്ക് കുതിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് ടീം ഇന്ത്യയുടെ ഒന്നാം നമ്പറിലേക്കുള്ള 'സ്ഥിരനിക്ഷേപ'മായി ഗില്ലിനെ സെലക്ടര്‍മാര്‍ കാണുന്നത്.
എ ബി ഡിവില്ലിയേഴ്സിനെയും സൂര്യകുമാർ യാദവിനെയും പോലെ 360 പ്ലെയറൊന്നുമല്ല ഗില്‍. അതുകൊണ്ട് തന്നെ ഇരുന്നും തിരിഞ്ഞും നടന്നും കിടന്നുമൊക്കെയുള്ള ഷോട്ടുകൾ ഗില്ലിന്‍റെ കളിയില്‍ ഒരുപക്ഷേ കാണാൻ സാധിക്കില്ല. എന്നാൽ ഓരോ മത്സരശേഷവും ഗില്ലിന്‍റെ ബാറ്റിങ് വാഗൺ വീൽ ഒന്നെടുത്തു നോക്കിയാല്‍ മനസിലാകും, ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അയാള്‍ പന്തടിച്ചു പറത്തിയിട്ടുണ്ടെന്ന്... അത് തന്നെയാണ് ഗില്ലിനെ വ്യതസ്തനാക്കുന്നതും. ആദ്യ ബോള്‍ മുതല്‍ ഹിറ്റ് ചെയ്യുന്ന താരവുമല്ല അദ്ദേഹം... പക്ഷേ ഏത് സമയത്ത് പൊട്ടിത്തെറിക്കണമെന്ന് കൃത്യമായി അറിയുന്ന, പാകത വന്ന, പരുവപ്പെട്ട താരമായിക്കഴിഞ്ഞിരിക്കുന്നു 24 വയസ് മാത്രമുള്ള ഗില്‍.
മുന്‍പ് സേവാഗിലൊക്കെ മാത്രം നമ്മള്‍ കണ്ടിരുന്ന ശൈലിയാണ് സെഞ്ച്വറിക്കരികെ നിന്ന് ലവലേശം പേടിയില്ലാതെ സിക്സറിന് ശ്രമിക്കുന്ന രീതി. ന്യൂസിലന്‍ഡിനെതിരെ ഡബിള്‍ സെഞ്ച്വറി നേടാന്‍ ഗില്‍ കളിച്ച കളി കണ്ടാല്‍ മനസിലാകും ആ യങ്സ്റ്ററുടെ റേഞ്ച്... തുടര്‍ച്ചയായ മൂന്ന് പന്തുകള്‍ സിക്സറിന് തൂക്കിയാണി ഗില്‍ തന്‍റെ ആദ്യ ഏകദിന ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്!
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരം
തുടര്‍ച്ചയായ രണ്ടാം ഏകദിന സെഞ്ച്വറിയെ ഡബിള്‍ സെഞ്ച്വറിയാക്കി ശുഭ്മാന്‍ ഗില്‍ കുതിപ്പ് തുടര്‍ന്നപ്പോള്‍ പഴങ്കഥയായത് മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് കൂടിയാണ്. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗം ആയിരം റണ്‍സ് കണ്ടെത്തുന്ന താരമെന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്. ഇതിന് മുന്‍പ് വിരാട് കോഹ്ലിയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ന്യൂസിലന്‍ഡിനെതിരായ സെഞ്ച്വറി പ്രകനത്തോടെയാണ് ഗില്‍ ഈ റെക്കോര്‍ഡ് നേട്ടം തന്‍റെ പേരിലാക്കുന്നത്.
19 ഇന്നിങ്സുകളില്‍ നിന്നാണ് ഗില്‍ ആയിരം റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. കോഹ്ലി 24 ഇന്നിങ്സുകളില്‍ നിന്ന് സ്വന്തമാക്കിയ നേട്ടമാണ് വെറും 19 ഇന്നിങ്സുകളില്‍ നിന്നായി ശുഭ്മാന്‍ ഗില്‍ മറികടന്നത്. അതേസമയം ലോകക്രിക്കറ്റിലും ഗില്‍ ഈ നേട്ടത്തില്‍ ഏറെ മുന്നിലാണ്. 18 ഇന്നിങ്സുകളില്‍ നിന്നായി 1000 റണ്‍സ് തിച്ച പാക് ബാറ്റര്‍ ഫഖര്‍ സമാന്‍ മാത്രമാണ് ഗില്ലിനേക്കാള്‍ വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരു താരം. പാകിസ്താന്‍റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖും ശുഭ്മാന്‍ ഗില്ലുമാണ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍. ഇരുവരും 19 ഇന്നിങ്സുകളില്‍ നിന്നാണ് ആയിരത്തിലെത്തിയത്.
ഗില്ലിന് തൊട്ടുതാഴെ മൂന്നാം സ്ഥാനം അലങ്കരിക്കുന്നത് വെസ്റ്റിന്‍ഡീസ് ഇതിഹാസം സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സാണ്. 21 ഇന്നിങ്സുകളില്‍നിന്നാണ് കരീബിയന്‍ പഞ്ച് ഹിറ്റര്‍ ഈ നേട്ടത്തിലെത്തിയത്. 19 ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയുമുള്‍പ്പെടെ 60+ റണ്‍സ് ആവറേജിലാണ് ഗില്‍ ആയിരം റണ്‍സെന്ന നാഴികക്കല്ലിലെത്തിയത്.
ഗില്ലിന്‍റെ ഡബിള്‍; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍
ശ്രീലങ്കയോട് നിര്‍ത്തിയടത്തുനിന്ന് ശുഭ്മാന്‍ ഗില്‍ തുടങ്ങി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയാണെങ്കില്‍ ഇന്ന് അത് ഡബിള്‍ സെഞ്ച്വറിയായി. അത് മാത്രമായിരുന്നു വ്യത്യാസം. ഒരറ്റത്ത് കിവീസ് ബൌളര്‍മാര്‍ നിലയുറപ്പിക്കാന്‍ വിടാതെ എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാരെയും വരിഞ്ഞ് മുറുക്കമ്പോഴും മറുവശത്ത് ഗില്ലിന്‍റെ കോട്ട ഇളക്കാന്‍ കഴിഞ്ഞില്ല.
ബാറ്റുകൊണ്ട് കാര്യമായ പിന്തുണ നല്‍കാന്‍ ഒരാളുമില്ലാതിരുന്നിട്ടും ഗില്‍ തന്‍റെ വണ്‍മാന്‍ ഷോയിലൂടെ കളം പിടിക്കുകയായിരുന്നു.ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ക്രിക്കറ്ററെന്ന നേട്ടവും ഒരുപിടി റെക്കോര്‍ഡുകളുമായി ഗില്‍ എട്ടാം വിക്കറ്റായി മടങ്ങുമ്പോഴേക്കും ഇന്ത്യ കൂറ്റന്‍ സ്കോറിലേക്കെത്തിയിരുന്നു. 149 പന്തില്‍ ഒന്‍പത് സിക്സറും 19 ബൌണ്ടറികളുമുള്‍പ്പെടുന്നതായിരുന്നു ഗില്ലിന്‍റെ ഇരട്ട സെഞ്ച്വറി ഇന്നിങ്സ്. ഗില്ലിന്‍റെ സൂപ്പര്‍ഫാസ്റ്റ് ഇന്നിങ്സിന്‍റെ ബലത്തില്‍ ടീം ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ 349 റണ്‍സെടുത്തു.
നേരത്തെ ഓപ്പണിങ് വിക്കറ്റില്‍ രോഹിത്തും ഗില്ലും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ പ്രതിസന്ധിയിലായി. വിരാട് കോഹ്ലി എട്ട് റണ്‍സോടെയും ഇഷാന്‍ കിഷന്‍ അഞ്ച് റണ്‍സോടെയുമാണ് പുറത്തായത്. ഇതോടെ ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നിലയിലെത്തി. എന്നാല്‍ പിന്നീടെത്തിയ സൂര്യകുമാര്‍ യാദവ് ഗില്ലിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്കോര്‍ കാര്‍ഡ് ടോപ് ഗിയറില്‍ കുതിച്ചു.
ഇതിനിടെ 88 പന്തില്‍ 14 ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെ ഗില്‍ തന്‍റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും കണ്ടെത്തി. 18 മത്സരം മാത്രം കളിച്ചിട്ടുള്ള ഗില്ലിന്‍റെ അന്താരാഷ്ട്ര കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറിയാണിത്.
പിന്നാലെ 31 റണ്‍സെടുത്ത സൂര്യകുമാറിന്‍റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 65 റണ്‍സിന്‍റെ നാലാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ 26 പന്തില്‍ നാല് ബൌണ്ടറിയുള്‍പ്പെടെയാണ് സൂര്യകുമാര്‍ 31 റണ്‍സെടുത്തത്. ഡാരില്‍ മിച്ചലാണ് സൂര്യയെ പുറത്താക്കിയത്.പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യയും ഗില്ലിന് പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ 64 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 38 പന്തില്‍ 28 റണ്‍സെടുത്ത ഹര്‍ദികിനെയും മിച്ചല്‍ ആണ് മടക്കിയത്.
പിന്നീടെത്തിയ വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ താക്കൂറും പെട്ടെന്ന് മടങ്ങി. റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ എല്‍.ബി.ഡബ്ല്യു ആയപ്പോള്‍ റണ്ണൌട്ടായ ശര്‍ദുല്‍ താക്കൂര്‍ ഗില്ലിന് വേണ്ടി വിക്കറ്റ് ത്യാഗം ചെയ്യുകയായിരുന്നു.