'എങ്ങോട്ടാ?'; ഡിക്ലയർ ചെയ്‌തെന്ന് കരുതിയ താരങ്ങളെ തിരികെ അയച്ച് രോഹിത്, രാജ്കോട്ടില്‍ നാടകീയ രംഗങ്ങള്‍
ബാറ്റർമാർ തിരികെ വരുന്നത് കണ്ട ഇന്ത്യൻ ക്യാപ്റ്റൻ താരങ്ങളോട് എങ്ങോട്ടാണ് വരുന്നത് എന്ന് ചോദിച്ച് കൈകൊണ്ട് തിരികെ പോകാൻ ആംഗ്യം കാണിച്ചു. ഇംഗ്ലീഷ് താരങ്ങളും ഇന്ത്യൻ ബാറ്റർമാരും ആകെ ആശയക്കുഴപ്പത്തിലായി
രാജ്‌കോട്ട് ടെസ്റ്റിൽ കൂറ്റൻ റൺമല പടുത്തുയർത്തി മുന്നേറുകയായിരുന്നു ഇന്ത്യൻ ബാറ്റർമാരായ യശസ്വി ജയ്‌സ്വാളുും സർഫറാസ് ഖാനും. 536 റൺസിന്റെ ലീഡിൽ രണ്ടാം ഇന്നിങ്‌സ് പുരോഗിമക്കവേ മൈതാനത്ത് ചില നാടകീയ രംഗങ്ങൾ അരങ്ങേറി. 97ാം ഓവർ അവസാനിച്ചതും ഡ്രിങ്ക്സ് ബ്രേക്കിനായി കളി ഒരൽപ്പ നേരം നിർത്തി വച്ചു. ഇതിനിടെ ജയ്‌സ്വാളും സർഫറാസ് ഖാനും ഇന്ത്യൻ നായകൻ ഇന്നിങ്‌സ് ഡിക്ലെയർ ചെയ്‌തെന്ന് കരുതി പവലിയനിലേക്ക് നടന്നു.
ഇത് കണ്ട് ഇംഗ്ലീഷ് താരങ്ങളും ഇന്ത്യൻ താരങ്ങള്‍ക്ക് പിറകേ ഡ്രസ്സിങ് റൂമിലേക്ക്. എന്നാൽ ഇന്നിങ്‌സ് ഡിക്ലെയർ ചെയ്യാൻ രോഹിത് ശർമ അപ്പോൾ ഉദ്ദ്യേശിച്ചിരുന്നില്ല. ബാറ്റർമാർ തിരികെ വരുന്നത് കണ്ട ഇന്ത്യൻ ക്യാപ്റ്റൻ താരങ്ങളോട് എങ്ങോട്ടാണ് വരുന്നത് എന്ന് ചോദിച്ച് കൈകൊണ്ട് തിരികെ പോകാൻ ആംഗ്യം കാണിച്ചു. ഇംഗ്ലീഷ് താരങ്ങളും ഇന്ത്യൻ ബാറ്റർമാരും ആകെ ആശയക്കുഴപ്പത്തിലായി.
ഒരുവേള ഇന്ത്യ ഡിക്ലയർ ചെയ്‌തെന്ന് കരുതി ഇംഗ്ലീഷ് ഓപ്പണർമാരായ ബെൻ ഡക്കറ്റും സാക്ക് ക്രൗളിയും രണ്ടാം ഇന്നിങ്‌സ് ആരംഭിക്കാനായി ഡ്രസ്സിങ് റൂമിലേക്ക് വരെ ഓടിയിരുന്നു. രോഹിത് ശർമ തിരികെ പോവാൻ ആവശ്യപ്പെട്ടതും എല്ലാവരും മൈതാനത്തേക്ക് തന്നെ തിരികെ നടന്ന് കളി പുനരാരംഭിച്ചു. അടുത്ത ഓവറിൽ ഇംഗ്ലീഷ് ബോളർ രെഹാൻ അഹ്മദിനെ സർഫറാസ് ഖാൻ രണ്ട് സിക്‌സും ഒരു ഫോറും പറത്തി ലീഡ് 556 ലേക്കുയർത്തി. പിന്നീട് ഇന്ത്യൻ നായകൻ ഇന്നിങ്‌സ് ഡിക്ലെയർ ചെയ്യുകയായിരുന്നു.
രാജ്‌കോട്ടിൽ ഇന്ത്യ ഉയർത്തിയ റൺമലക്ക് മുന്നിൽ ഒന്ന് പൊരുതി നോക്കാൻ പോലുമാവാതെയാണ് ഇംഗ്ലീഷ് ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞത്. 434 റൺസിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ ഉയർത്തിയ 556 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് വെറും 122 റൺസിന് കൂടാരം കയറി. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് നേടിയ കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ കറക്കി വീഴ്ത്തിയത് . 33 റൺസ് നേടിയ മാർക്ക് വുഡാണ് രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 445 റൺസാണുയർത്തിയത്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 319 റൺസിന് കൂടാരം കയറി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി.