ലക്ഷ്യം 2023 ലോകകപ്പ്; ഏകദിനത്തിലും ഇന്ത്യയെ നയിക്കാൻ രോഹിത്

2023ലെ ഏകദിന ലോകകപ്പിനു മുൻപു തന്നെ നായകസ്ഥാനം കോഹ്ലി രോഹിതിന് കൈമാറിയേക്കും

Update: 2021-11-10 09:33 GMT
Editor : Shaheer | By : Web Desk
Advertising

വിരാട് കോഹ്ലി ടി20 ക്യാപ്റ്റൻസിയിൽനിന്ന് പിന്മാറിയതിനു പിറകെ പുതിയ നായകനെച്ചൊല്ലിയുള്ള ചർച്ചകൾക്ക് ഇന്നലെ അന്ത്യമായിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ രോഹിത് ശർമ നായകനായുള്ള ഇന്ത്യൻ സംഘത്തെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചു. എന്നാൽ, ടി20ക്കു പിറകെ ഏകദിനത്തിൽകൂടി രോഹിത് നായകനായേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

അടുത്ത വർഷം ആസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പായിരിക്കും രോഹിതിന്റെ ആദ്യത്തെ വലിയ ടൂർണമെന്റ്. ദേശീയ ടീം പരിശീലകനായുള്ള രാഹുൽ ദ്രാവിഡിന്റെ ആദ്യത്തെ വെല്ലുവിളിയും 2022 ലോകകപ്പായിരിക്കും. എന്നാൽ, ടി20 ടൂർണമെന്റിനു മുൻപുതന്നെ ഏകദിന നായകത്വംകൂടി താരത്തെ ഏൽപിക്കാനാണ് നീക്കം. 2023ൽ ഏകദിന ലോകകപ്പ് കൂടി നടക്കുന്നതിനാൽ പുതിയ നായകനും കോച്ചിനും കീഴിൽ ലോകകപ്പിനായി ടീമിനെ സജ്ജമാക്കേണ്ടതുണ്ട്.

ഏകദിന, ടി20 ഫോർമാറ്റിൽ രോഹിതും ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലിയുമായിരിക്കും ടീമിനെ നയിക്കുക. വിരാട് കോഹ്ലിയുമായി ടീം മാനേജ്‌മെന്റ് വിഷയം ചർച്ച ചെയ്യും. ഇതിനുശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം വരിക. നിലവിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്്മാന്മാരിൽ ഒരാളായ കോഹ്ലിക്ക് കഴിഞ്ഞ ഏതാനും നാളായി വേണ്ടത്ര തിളങ്ങാനാകുന്നില്ല. സെഞ്ച്വറി അടക്കമുള്ള വലിയ സ്‌കോറുകൾ നേടിയിട്ട് ഒരു വർഷത്തിലേറെയായി. അവസാനമായി 2019ൽ ബംഗ്ലാദേശിനെതിരെയാണ് താരം ഒരു സെഞ്ച്വറി നേടിയിട്ടുള്ളത്.

ക്യാപ്റ്റൻസി അടക്കമുള്ള സമ്മർദങ്ങളും ഉത്തരവാദിത്തഭാരങ്ങളും ബാറ്റിങ്ങിനെ സാരമായി ബാധിച്ചതായുള്ള ചർച്ച നേരത്തെ തന്നെ സജീവമാണ്. തുടർന്നാണ് ഈ ലോകകപ്പോടെ ടി20 ക്യാപ്റ്റൻസി ഒഴിയാൻ കോഹ്ലി തീരുമാനിച്ചത്. ഐപിഎല്ലിൽ ഇക്കഴിഞ്ഞ സീസണോടെ ആർസിബിയുടെ നായകസ്ഥാനവും താരം ഒഴിഞ്ഞിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News