മത്സരത്തിലെ പിഴവുകള്‍; പാണ്ഡ്യയോട് കയര്‍ത്ത് രോഹിത്, കാഴ്ചക്കാരനായി ആകാശ് അംബാനി

മത്സര ശേഷം ഹര്‍ദികിന്‍റെ തീരുമാനങ്ങള്‍ക്കെതിരെ ഇര്‍ഫാന്‍ പത്താന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു

Update: 2024-03-25 09:23 GMT
Advertising

അനായാസം ജയിക്കാമായിരുന്നൊരു മത്സരം കൈവിട്ടതിന്‍റെ നിരാശയിലാണ് ഇപ്പോള്‍ മുബൈ ആരാധകര്‍. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ആറ് റണ്‍സകലെ വീണു. അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 19 റൺസ് വേണമായിരുന്നു. ഉമേഷ് യാദവെറിഞ്ഞ ഓവറിലെ ആദ്യ പന്ത് സിക്‌സും രണ്ടാം പന്ത് ഫോറും പറത്തി ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി. എന്നാൽ പാണ്ഡ്യയെ തൊട്ടടുത്ത പന്തിൽ രാഹുല്‍ തെവാട്ടിയയുടെ കയ്യിലെത്തിച്ച് ഉമേഷ് യാദവ് ഗുജറാത്തിനെ കളിയിലേക്ക് തിരിച്ച് കൊണ്ടുവന്നു. അടുത്ത പന്തില്‍ പിയൂഷ് ചൗളയും പുറത്തായതോടെ മുംബൈയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. 

മത്സര ശേഷം ഹര്‍ദിക് പാണ്ഡ്യയുടെ തീരുമാനങ്ങള്‍ പലതും ചോദ്യം ചെയ്യപ്പെട്ടു. ജസ്പ്രീത് ബുംറ കളിക്കാനുണ്ടായിരിക്കെ തന്നെ ബോളിങ് ഓപ്പണ്‍ ചെയ്യാനെത്തിയത് ക്യാപ്റ്റന്‍ പാണ്ഡ്യയായിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. ഹര്‍ദിക് ബോളിങ് ഓപ്പണ്‍ ചെയ്തതും 'ബുംറ എവിടെ' എന്ന് പത്താന്‍ എക്സില്‍ കുറിച്ചു. 

റാഷിദ് ഖാന് ഓവറുകൾ ബാക്കിയുണ്ടായിരിക്കേ അയാളുടെ പന്തുകൾ നേരിടാൻ ഭയന്ന പാണ്ഡ്യ ടിം ഡേവിഡിനെ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തി ഇറക്കിയത് ശരിയായില്ലെന്ന് പത്താൻ പറഞ്ഞു. സമ്മർദ ഘട്ടത്തിൽ പരിജയ സമ്പന്നനായ ഒരു ഇന്ത്യൻ ബാറ്റർ ഡ്രസിങ് റൂമിലിരുന്ന് ഒരു വിദേശ കളിക്കാരനെ, റാഷിദിനെ നേരിടാനായി പറഞ്ഞ് വിടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. പത്താന്‍ കൂട്ടിച്ചേര്‍ത്തു. 

മത്സര ശേഷം മുന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ ഏറെ അസ്വസ്ഥനായിരുന്നു. ഗുജറാത്ത് താരങ്ങളോട് സംസാരിച്ച് നില്‍ക്കുന്നതിനിടെ രോഹിതിനടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്ത  പാണ്ഡ്യയോട് തിരിഞ്ഞു നിന്ന് മത്സരത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്ന രോഹിതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗുജറാത്ത് താരങ്ങളും ആകാശ് അംബാനിയുമൊക്കെ നോക്കി നില്‍ക്കേയാണ് രോഹിത് ഏറെ അസ്വസ്ഥനായി പാണ്ഡ്യയോട് സംസാരിക്കുന്നത്. ഏതായാലും മുംബൈ ആരാധകരെ സംബന്ധിച്ച് ഇതൊന്നും അത്ര നല്ല കാഴ്ചകള്‍ അല്ലെന്ന് തന്നെ പറയേണ്ടി വരും. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News