''ഇത് വിരാടിന്‍റെ ദിവസമാണെന്ന് ആദ്യ പന്തിൽ തന്നെ മനസ്സിലായി''; കോഹ്ലിയെ വാനോളം പുകഴ്ത്തി സച്ചിൻ
നാല് വർഷത്തിന് ശേഷമാണ് ഐ.പി.എല്ലിൽ കോഹ്‍ലി ഒരു സെഞ്ച്വറി കുറിക്കുന്നത്
ഹൈദരാബാദ്: കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ നിർണായക മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി കുറിച്ച് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ് സൂപ്പർതാരം വിരാട് കോഹ്ലി. വെറും 62 പന്തിൽ നിന്നാണ് കോഹ്ലി സെഞ്ച്വറി കുറിച്ചത്.
നാല് വർഷത്തിന് ശേഷമാണ് ഐ.പി.എല്ലിൽ കോഹ്‍ലി ഒരു സെഞ്ച്വറി കുറിക്കുന്നത്. ഐ.പി.എല്ലിൽ കോഹ്ലിയുടെ ആറാം സെഞ്ച്വറിയാണിത്. ഇതോടെ ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവുമധികം സെഞ്ച്വറികളെന്ന ക്രിസ് ഗെയിലിന്റെ റെക്കോർഡിനൊപ്പം താരമെത്തി. മത്സരത്തിന് ശേഷം കോഹ്ലിക്ക് അഭിനന്ദനങ്ങളുമായി നിരവധി താരങ്ങളെത്തി.
മത്സരത്തിൽ കോഹ്ലി നേരിട്ട ആദ്യ പന്തിൽ തന്നെ ഇത് കോഹ്ലിയുടെ ദിവസമാണെന്ന് മനസ്സിലായെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ പറഞ്ഞു.
''ആദ്യ പന്തിൽ കോഹ്ലിയുടെ കവർ ഡ്രൈവ് കണ്ടപ്പോൾ തന്നെ ഇത് അദ്ദേഹത്തിന്റെ ദിവസമാണെന്ന് മനസ്സിലായിരുന്നു. വിരാടും ഡുപ്ലെസിസും മനോഹരമായ കളിയാണ് പുറത്തെടുത്തത്. വലിയ ഷോട്ടുകൾ മാത്രമല്ല അവർ കളിച്ചത്. മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താൻ വിക്കറ്റുകൾക്കിടയിൽ അവര്‍ നന്നായി ഓടുന്നുമുണ്ടായിരുന്നു. ഇരുവരും ബാറ്റ് ചെയ്ത രീതി കണ്ടപ്പോള്‍ 186 ഒരു ചെറിയ ടോട്ടൽ ആയിട്ടാണ് എനിക്ക് തോന്നിയത്''- സച്ചിന്‍ പറഞ്ഞു.