''ടി.വി കാണരുത്, പത്രം വായിക്കരുത്''; 2011 ലോകകപ്പിൽ സച്ചിന്റെ ഉപദേശങ്ങൾ ഓർത്തെടുത്ത് യുവരാജ്
''ദക്ഷിണാഫ്രിക്കയോട് തോൽവി വഴങ്ങിയതോടെ മാധ്യമങ്ങൾ വലിയ വിമർശനങ്ങൾ ഉയർത്തി രംഗത്തെത്തി.സച്ചിൻ ടീം മീറ്റിങ് വിളിച്ചു ചേർത്തു, ''
2011 ലോകകപ്പ് ഇന്ത്യയുടെ എക്കാലത്തേയും അവിസ്മരണീയ ലോകകപ്പാണ്. രണ്ടരപ്പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ വിശ്വകിരീടത്തിൽ മുത്തമിട്ടത് ആ വര്‍ഷമാണ്. സെമിയിൽ ചിരവൈരികളായ പാകിസ്താനെ തകർത്തായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം. പിന്നീട് കലാശപ്പോരില്‍ ശ്രീലങ്കയേയും തകര്‍ത്ത് ഇന്ത്യ വിശ്വ കിരീടത്തില്‍ മുത്തമിട്ടു.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ്ങായിരുന്നു അന്ന് ടൂര്‍ണമെന്‍റിന്‍റെ താരം. 362 റണ്‍സും 15 വിക്കറ്റുമായി ഇന്ത്യന്‍ വിജയങ്ങളെ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും മുന്നില്‍ നിന്ന് നയിച്ചത് യുവരാജായിരുന്നു. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളുമാണ് യുവരാജ് അന്ന് ലോകകപ്പില്‍ കുറിച്ചത്. ഇപ്പോഴിതാ ലോകകപ്പ് ഓര്‍മകള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വിക്ക് ശേഷം ടി.വി ചാനലുകളും പത്രങ്ങളും ശ്രദ്ധിക്കരുതെന്ന് ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തങ്ങള്‍ക്ക് ഉപദേശം നല്‍കിയതായി യുവരാജ് പറഞ്ഞു.
''ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ അന്ന് അത്ര സജീവമായിരുന്നില്ല. അതിനാല്‍ തന്നെ വിവാദങ്ങള്‍ കൂടുതലും പത്രങ്ങളിലൂടെയും ടി.വി ചാനലുകളിലൂടെയുമാണ് ഉയര്‍ന്നു കൊണ്ടിരുന്നത്. ദക്ഷിണാഫ്രിക്കയോട് തോൽവി വഴങ്ങിയതോടെ മാധ്യമങ്ങൾ വലിയ വിമർശനങ്ങൾ ഉയർത്തി രംഗത്തെത്തി. സച്ചിൻ ടീം മീറ്റിങ് വിളിച്ചു ചേർത്തു.
ഇനി മുതൽ ടി.വി കാണരുതെന്നും പത്രം വായിക്കരുത് എന്നും ഞങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. എയർപ്പോർട്ടിലും ആൾക്കൂട്ടത്തിനിടയിലും എത്തുമ്പോൾ ഇയർ ഫോൺ ചെവിയിൽ തിരുകാൻ ആവശ്യപ്പെട്ടു. പുറത്തു നിന്നുള്ള കാര്യങ്ങൾ ശ്രദ്ധിക്കരുതെന്നും ലോകകപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സച്ചിൻ ഞങ്ങളെ ഉപദേശിച്ചു. ഞങ്ങൾ അത് സമ്മതിച്ചു. പിന്നീടത് ഫലം കാണുകയും ചെയ്തു''- യുവരാജ് പറഞ്ഞു.
ഇന്ത്യയിലെ ആളുകൾ കരുതുന്നത് ഇന്ത്യ മാത്രം വിജയിക്കണം എന്നാണ്. ഇത് ലോകകപ്പാണ്. നിരവധി മികച്ച ടീമുകൾ കളിക്കാനെത്തുമെന്നും വിജയം തുടരണമെങ്കില്‍ നമ്മൾ മത്സരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും യുവരാജ് കൂട്ടിച്ചേർത്തു.