ഇങ്ങനെയൊരു ക്ലൈമാക്സ് , മുംബൈ ഇന്ത്യൻസ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല
വനിതാ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ തന്നെ, സ്വപ്നതുല്യമായ അരങ്ങേറ്റമാണ് സജന സജീവന് ലഭിച്ചത്
വയനാട്: ഒരൊറ്റ സിക്സറിലൂടെ, ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ മിന്നും താരമായി വയനാട് മാനന്തവാടി സ്വദേശി സജന സജീവൻ. തന്റെ ടീമായ മുംബൈ ഇന്ത്യൻസിന് അവസാന പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് 5 റൺസ് ആയിരുന്നു, നേരിട്ട ആദ്യ പന്തിൽ സിക്സർ അടിച്ച് ടീമിനെ വിജയത്തിലേക്ക് എത്തിച്ച സജനക്ക് സ്വപ്നതുല്യമായ അരങ്ങേറ്റമാണ് വിമൻസ് പ്രീമിയർ ലീഗിൽ ലഭിച്ചത്.
ഇങ്ങനെയൊരു ക്ലൈമാക്സ് , മുംബൈ ഇന്ത്യൻസ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഡൽഹിയുടെ ബൗളർ അലീസ് ക്യാപ്സിയുടെ പന്ത് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ബൗണ്ടറി മാർക്കും കടന്ന് പറന്നപ്പോൾ കേരളത്തിനും അഭിമാന നിമിഷമായിരുന്നു അത്. സജനയുടെ പേര് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഗാലറി മുഴുവൻ മുഴങ്ങി.
ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പുറത്തായപ്പോൾ, തോൽവി മുന്നിൽ കണ്ടതാണ് മുംബൈ. പക്ഷേ മുൻ അണ്ടർ 23 കേരള ക്യാപ്റ്റൻ കൂടിയായിരുന്ന സജ്നയുടെ മിന്നൽ പ്രകടനമാണ് ആദ്യ മത്സരത്തിൽ തന്നെ മുംബെയ്ക്ക് വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 172 റൺസാണ് ആണ് നേടിയത്. മറുപടി ബാറ്റിംഗിൽ മുംബൈക്കായി യാസ്തികാ ബാടിയ 57ഉം, ഹർമൻ പ്രീത് കൗർ 55 റൺസും നേടി, വനിതാ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ തന്നെ, സ്വപ്നതുല്യമായ അരങ്ങേറ്റമാണ് സജ്നക്ക് ലഭിച്ചത്.മിന്നുമണിക്ക് ശേഷം ഇന്ത്യൻ വനിതാ ക്രിക്കറ്റിലേക്ക് വയനാട്ടിൽ നിന്ന് സജ്നയുടെ പേരു കൂടി ഉയർന്നുകഴിഞ്ഞു.
സജ്നയുടെ ബാറ്റിൽ നിന്ന് സിക്സർ പിറക്കുമ്പോൾ, എതിർ ടീമിൽ , സജ്നയുടെ കൂട്ടുകാരി, മിന്നുമണിയും ഗ്രൗണ്ടിൽ ഉണ്ടായിരുന്നു. പൊന്നും വിലയുള്ള ഒരൊറ്റ സിക്സർ, ആരാധകരുടെ മനസ്സിലേക്ക് ഉള്ള ചുരം ആ ഒരൊറ്റ ഷോട്ടിലൂടെ സജന കയറിക്കഴിഞ്ഞു.