സഞ്ജുവിന്റെ കിരീടാരോഹണത്തിലേക്ക് ഇനി രണ്ട് വിജയങ്ങളുടെ മാത്രം ദൂരം
ഈ താരനിരയെ സഞ്ജു എങ്ങിനെ നയിക്കുമെന്നായിരുന്നു ചോദ്യം ഉയർന്നത്. പ്ലേ ഓഫ് പ്രവേശനത്തോടെ സഞ്ജു ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കഴിഞ്ഞു.
കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോയ രാജസ്ഥാൻ റോയൽസാണ് സഞ്ജു സാംസന്റെ നായകത്വത്തിൽ പ്ലേ ഓഫ് യോഗ്യത നേടിയത്. തന്റെ നേതൃപാടവവും ബാറ്റിങും കൊണ്ട് വിമർശകർക്ക് മറുപടി നൽകാനും സഞ്ജുവിനായി താരലേലം പൂർത്തിയായപ്പോൾ മുതൽ ഈ സീസണിലെ ഏറ്റവും സന്തുലിതമായ ടീം എന്ന വിശേഷണം രാജസ്ഥാൻ റോയൽസിന് ലഭിച്ചിരുന്നു.
ഈ താരനിരയെ സഞ്ജു എങ്ങിനെ നയിക്കുമെന്നായിരുന്നു ചോദ്യം ഉയർന്നത്. പ്ലേ ഓഫ് പ്രവേശനത്തോടെ സഞ്ജു ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കഴിഞ്ഞു. വിജയങ്ങളിൽ മതിമറക്കാതെയും വീഴ്ചകളിൽ അടിപതറാതെയുമുള്ള സഞ്ജുവിന്റെ ക്യാപ്റ്റൻസി ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ആദ്യ മത്സരങ്ങളിൽ ജോസ് ബട്ട്‌ലറുടെ ചിറകിലേറിയാണ് ടീം ജയം നേടിയതെങ്കിൽ ബട്ട്‌ലർ നിറം മങ്ങിയപ്പോഴും മധ്യനിരയിലെ വിശ്വസ്തൻ ഹെറ്റ്‌മേയറുടെ അസാന്നിധ്യത്തിലും സഞ്ജു ടീമിനെ വിജയതീരത്തേക്ക് നയിച്ചു.
2008 ൽ ചാമ്പ്യൻമാരായ രാജസ്ഥാൻ പിന്നീട് 2013, 2015, 2018 സീസണുകളിൽ പ്ലേ ഓഫിലേക്ക് കടന്നെങ്കിലും ഫൈനൽ യോഗ്യത നേടിയില്ല.. കഴിഞ്ഞ വർഷം ക്യാപ്റ്റൻസിയിലേക്ക് എത്തിയ സഞ്ജുവിന്റെ നേതൃത്വത്തിൽ നന്നായി തുടങ്ങിയെങ്കിലും 14 കളികളിൽ നിന്ന് 5 ജയം നേടാനെ സാധിച്ചുള്ളൂ. എന്നിട്ടും ടീം അധികൃതർ മെഗാ താരലേലത്തിന് മുമ്പായി സഞ്ജുവിനെയും അദ്ദേഹത്തിന്റെ നായകത്വത്തെയും നിലനിർത്തി. തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത സഞ്ജുവിന് ഇനി കിരീടത്തിലേക്ക് രണ്ട് മത്സരങ്ങളുടെ ദൂരം.