ജേഴ്‌സി മാറിയത് അറിഞ്ഞില്ലേ? സാറ ടെണ്ടുൽക്കറെ ട്രോളി ആരാധകർ

പഴയ ജഴ്‌സിയണിഞ്ഞ് സാറ വന്നതോടെ ചുളുവിന് നേട്ടം കിട്ടിയത് വീഡിയോകോണിനായിരുന്നു

Update: 2022-04-19 13:02 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ഗ്യാലറിയിൽ ക്യാമറക്കണ്ണുകളുടെ ഇഷ്ടമുഖമാണ് സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ. ഇതിഹാസ താരത്തിന്റെ മകളായതു കൊണ്ടു തന്നെ സാറയുടെ ഓരോ ചലനങ്ങൾക്കു പിന്നിലും പാപ്പരാസികളുടെ കണ്ണുണ്ടായിരുന്നു. ഈയിടെ മോഡലിങ് രംഗത്തേക്കുള്ള സാറയുടെ അരങ്ങേറ്റവും ആഘോഷപൂർവ്വമാണ് മാധ്യമങ്ങൾ കൊണ്ടാടിയത്.

ഞായറാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയുള്ള മുംബൈയുടെ മത്സരം കാണാനും സാറയെത്തി. സാറ മാത്രമല്ല, അമ്മ അഞ്ജലിയും സച്ചിനും കളി കാണാനെത്തിയിരുന്നു. കാണാൻ വന്നതിലല്ല, അന്ന് സാറ ധരിച്ച ജേഴ്‌സിയാണ് ആരാധകരുടെ കണ്ണിലുടക്കിയത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് ധരിച്ച ജഴ്‌സിയാണ് അവർ ധരിച്ചിരുന്നത്. 


ജേഴ്‌സി മാറി ധരിച്ചതിന് എന്താ ഇത്ര പൊല്ലാപ്പുണ്ടാക്കാൻ എന്ന് ചോദിക്കരുത്. കാരണം രണ്ട് ജേഴ്‌സിയുടെയും സ്‌പോൺസർമാർ തമ്മിൽ വ്യത്യാസമുണ്ട്. കോടിക്കണക്കിന് രൂപ മുടക്കിയാണ് കമ്പനികൾ ജഴ്‌സിയിലെ സ്‌പോൺസർഷിപ്പ് സ്വന്തമാക്കുന്നത്. ഇത്തവണ ബംഗളൂരു ആസ്ഥാനമായ ധനകാര്യ സാങ്കേതിക കമ്പനി സ്ലൈസ് ആണ് മുംബൈ കിറ്റിന്റെ പ്രധാന സ്‌പോൺസർ. നേരത്തെ ഇത് വീഡിയോകോൺ ആയിരുന്നു. പഴയ ജേഴ്‌സിയണിഞ്ഞ് സാറ വന്നതോടെ ചുളുവിന് നേട്ടം കിട്ടിയത് വീഡിയോകോണിനായിരുന്നു. 

ലഖ്‌നൗക്കെതിരെ സഹോദരൻ അർജുൻ ടെണ്ടുൽക്കർ ടീമിൽ ഇടംപിടിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് നീല നിറമുള്ള ഹൃദയത്തിന്റെ ഇമോജിയാണ് സാറ കമന്റായി രേഖപ്പെടുത്തിത്. എന്നാൽ അർജുന് ടീമിൽ ഇടം കിട്ടിയില്ല.



മുപ്പത് ലക്ഷം രൂപയ്ക്കാണ് മുംബൈ സച്ചിന്റെ മകനെ ലേലത്തിൽ സ്വന്തമാക്കിയിരുന്നത്. ഗുജറാത്ത് ടൈറ്റൻസ് അർജുനായി ലേലം വിളിച്ചതോടെയാണ് അടിസ്ഥാന വിലയായ 20 ലക്ഷത്തേക്കാൾ പത്തു ലക്ഷം കൂടുതൽ മുടക്കി മുംബൈക്ക് താരത്തെ നിലനിർത്തേണ്ടി വന്നത്. 

അതിനിടെ, ഐപിഎല്ലിന്റെ 15-ാം സീസണിൽ തോൽവി 'ശീല'മാക്കി മാറ്റിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ലഖ്‌നൗക്കെതിരെ 18 റൺസിനായിരുന്നു തോല്‍വി. കളിച്ച ആറു  കളികളിൽ ഒന്നിൽപ്പോലും ജയം സ്വന്തമാക്കാൻ രോഹിത് ശർമ്മയുടെ ടീമിനായിട്ടില്ല. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News