ഔട്ടാണെന്ന് സർഫറാസ്, അല്ലെന്ന് രോഹിത്; ഒടുവിൽ സംഭവിച്ചത്

ബിഗ് സ്ക്രീനില്‍ റിവ്യൂ ദൃശ്യങ്ങള്‍ തെളിഞ്ഞപ്പോള്‍ വെറുമൊരു പുഞ്ചിരി മാത്രമായിരുന്നു സര്‍ഫറാസിന്‍റെ മറുപടി

Update: 2024-03-09 05:25 GMT
Advertising

ധരംശാല: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ മികച്ച നിലയിലാണ് ടീം ഇന്ത്യ. ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ 218 റൺസിന് കൂടാരം കയറ്റിയ ആതിഥേയര്‍ രണ്ടാം ഇന്നിങ്‌സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 473 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറികളുമായി ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാന്‍ ഗില്ലും അർധ സെഞ്ച്വറികളുമായി യശസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും സർഫറാസ് ഖാനും കളം നിറഞ്ഞതോടെയാണ് ഇന്ത്യ 255 റൺസിന്റെ മികച്ച ലീഡുയര്‍ത്തിയത്.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിൽ സാക് ക്രാവ്‌ളിയുടെ വിക്കറ്റിനെ ചൊല്ലി ഇന്ത്യൻ നായകൻ രോഹിത് ശർമക്കും സർഫറാസ് ഖാനുമിടയിലുണ്ടായൊരു ആശയക്കുഴപ്പം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചയാണ്. ഇംഗ്ലീഷ് ഇന്നിങ്‌സിലെ 26ാം ഓവറിലായിരുന്നു സംഭവം. ബോളിങ് എന്റിൽ കുൽദീപ് യാദവ്. കുൽദീപെറിഞ്ഞ ഓവറിലെ നാലാം പന്ത് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു ക്രാവ്‌ളി.  ഉയര്‍ന്നു പൊങ്ങിയ പന്ത് മനോഹരമായൊരു ഡൈവിലൂടെ സില്ലി പോയിന്‍റില്‍ നിന്നിരുന്ന സര്‍ഫറാസ് കൈപ്പിടിയിലൊതുക്കി.

ഇന്ത്യൻ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തു. പ്രത്യേകിച്ച് സർഫറാസ്. പന്ത് ബാറ്റിലാണോ പാഡിലാണോ കൊണ്ടത് എന്ന ആശയക്കുഴപ്പത്തിലായിരുന്നു അമ്പയര്‍. എന്നാല്‍ പന്ത് ബാറ്റിൽ കൊണ്ടെന്ന്  ഉറപ്പായിരുന്നു സർഫറാസിന്.  

അപ്പീൽ ചെയ്തിട്ടും അമ്പയർ വിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്ന് സർഫറാസ് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ അടുക്കലേക്ക് ഓടി റിവ്യൂ നൽകാൻ ആവശ്യപ്പെട്ടു. ഏറെ ആവേശത്തിലായിരുന്നു താരം. എന്നാൽ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനോടും മറ്റ് താരങ്ങളോടും ചര്‍ച്ച നടത്തിയ ശേഷം റിവ്യൂവിന് പോവേണ്ട എന്ന നിലപാടാണ് രോഹിത് സ്വീകരിച്ചത്.  പന്ത് ബാറ്റിൽ കൊണ്ടിട്ടില്ല എന്നായിരുന്നു രോഹിതിന്‍റേയും ജുറേലിന്‍റേയും പക്ഷം. ഒടുവിൽ ഡി.ആർ.എസ് ടൈമറിൽ സമയം അവസാനിച്ചു.

പക്ഷെ ബിഗ് സ്‌ക്രീനിൽ കാണിച്ച റിവ്യൂ ദൃശ്യങ്ങളിൽ പന്ത് ബാറ്റിൽ കൊണ്ടു എന്ന് വ്യക്തമായിരുന്നു. ഇതോടെ ക്യാമറ സർഫറാസിന്റെ മുഖത്തേക്ക് തിരിഞ്ഞു.  വെറുമൊരു പുഞ്ചിരി മാത്രമായിരുന്നു രോഹിത് ശര്‍മക്ക് സര്‍ഫറാസിന്‍റെ മറുപടി. ദൃശ്യങ്ങളില്‍ രോഹിത് ചിരിക്കുന്നതും ജുറേല്‍ നിരാശയോടെ തലതാഴ്ത്തി നില്‍ക്കുന്നതും കാണാമായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി കളംനിറഞ്ഞ ക്രാവ്‍ളിയെ പുറത്താക്കാനുള്ള മികച്ച അവസരമാണ് ഇന്ത്യന്‍ നായകന്‍ ആ ഓവറില്‍ നഷ്ടപ്പെടുത്തിക്കളഞ്ഞത്. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News