സെവാഗിനെ പ്രകോപിപ്പിച്ച് വിക്കറ്റ് വീഴ്ത്തി; വെളിപ്പെടുത്തലുമായി മുൻ പാക്കിസ്താൻ ബൗളർ
സെവാഗിന് കളിക്കാനറിയില്ലെന്നും പാക്കിസ്താനിലാണെങ്കിൽ ടീമിൽ പോലുമെത്തില്ലായിരുന്നു എന്നു പറഞ്ഞാണ് പാക്കിസ്താന്റെ മുൻ ഫാസ്റ്റ് ബൗളർ നവേദുൽ ഹസൻ സെവാഗിനെ പ്രകോപിപ്പിച്ചത്
നന്നായി ബൗൾ ചെയ്തിട്ടും വിക്കറ്റ് വീഴ്ത്താൻ സാധിക്കാതെ വരുമ്പോൾ ബൗളർമാർ പ്രയോഗിക്കുന്ന തന്ത്രങ്ങളിലൊന്നാണ് സ്ലെഡ്ജിങ്. പരിഹസിച്ചോ, പ്രകോപിപ്പിച്ചോ ബാറ്ററുടെ ഏകാഗ്രത നഷ്ടപ്പെടുത്തുകയും അതുവഴി വിക്കറ്റ് നേടുകയും ചെയ്യുന്നതാണ് സ്ലെഡ്ജിങിന്റെ രീതി. ഇപ്പോൾ ഈ രീതിയിലൂടെ ഇന്ത്യയുടെ മുൻ ഇതിഹാസ താരം വീരേന്ദർ സെവാഗിന്റെ വിക്കെറ്റെടുത്തതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പാക്കിസ്താന്റെ മുൻ ഫാസ്റ്റ് ബൗളർ നവേദുൽ ഹസൻ. നാദിർ അലി എന്ന പാക്കിസ്താനി യൂട്യൂബർക്ക് നൽകിയ അഭിമുഖത്തിലാണ് ഹസന്റെ വെളിപ്പെടുത്തൽ.
'ഞങ്ങൾ ഇന്ത്യയുമായി ഒരു ഏകദിന മത്സരം കളിക്കുകയാണ്. സെവാഗ് 85 റൺസോടെ ക്രീസിൽ നില്ക്കുന്നു. ഷാഹിദ് അഫ്രീഡി സെഞ്ച്വറിയടിച്ച പരമ്പരയായിരുന്നു അത്. അഞ്ചു മൽസരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു കളിയും ജയിച്ച് ഇന്ത്യ 2-0 ന് മുന്നിലാണ്. അതു നിർണായകമായ മൂന്നാമത്തെ കളിയായിരുന്നു. തോറ്റാൽ പരമ്പര നഷ്ടമാകുമെന്ന സമ്മർദ്ദത്തിലായിരുന്നു പാകിസ്താൻ.
മൂന്നാം ഏകദിനത്തിൽ സെവാഗ് വളരെ അഗ്രസീവായ ബാറ്റിങായിരുന്നു കാഴ്ചവെച്ചത്. 300നടുത്ത് റൺസെങ്കിലും നേടുമെന്ന തരത്തിലായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ഞങ്ങളുടെ ടീമിലെ എല്ലാ ബൗളർമാർക്കും അദ്ദേഹത്തിൽ നിന്നും നന്നായി തല്ലുകിട്ടി. അപ്പോഴാണ് ഞാൻ അന്നത്തെ പാക് നായകനായ ഇൻസമാമുൾ ഹഖിനോട് ഒരോവർ ബൗൾ ചെയ്യട്ടെയെന്നു ചോദിച്ചത്. തീർച്ചയായും നീയും എറിഞ്ഞോ, എല്ലാവർക്കും തല്ലുകിട്ടുന്നുണ്ട്. ബൗൾ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ നീയുമൊന്നു ശ്രമിച്ചു നോക്കൂയെന്ന് ഇൻസി പറഞ്ഞു.
ഒരു സ്ലോ ബൗൺസറായിരുന്നു സെവാഗിനെതിരേ ഞാൻ ആദ്യമെറിഞ്ഞത്. അതു കണക്ട് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഞാൻ സെവാഗിന്റെ അടുത്തേക്ക് ചെന്ന് നിങ്ങൾക്ക് കളിക്കാൻ അറിയില്ലെന്നു പാകിസ്താനിൽ ആണെങ്കിൽ നിങ്ങൾ ദേശീയ ടീമിൽ പോലും എത്തുമെന്ന് താൻ കരതുന്നില്ലെന്നും പറഞ്ഞു. എനിക്ക് സെവാഗിനെ ചൂടാക്കാൻ സാധിച്ചു.
വീണ്ടുമൊരു സ്ലോ ബോളാണ് ഞാൻ പരീക്ഷിച്ചത്. രോഷാകുലനായ സെവാഗ് വമ്പൻ ഷോട്ടിനു മുതിരുകയും ബൗൾഡാവുകയും ചെയ്തു. ആ വിക്കറ്റ് വളരെ പ്രധാനപ്പെട്ടതായിരുന്നു'. ആ മൽസരത്തിൽ പാകിസതാൻ ജയിച്ചെന്നും ഹസൻ പറഞ്ഞു.