വിശ്രമം വെട്ടിച്ചുരുക്കി സിംബാവെ പര്യടനത്തിൽ തിരികെ വരാൻ വിരാട് കോഹ്‌ലി
ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ നിറം മങ്ങിയ വിരാട് ഒരു അന്താരാഷ്ട്ര സെഞ്ച്വറി നേടിയിട്ട് 1,000 ദിവസങ്ങളോട് അടുക്കുകയാണ്.
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര നേടി നാട്ടിലേക്ക് മടങ്ങുമ്പോഴും ഇന്ത്യൻ ടീമിന്റെയും ആരാധകരുടേയും പുഞ്ചിരിക്ക് തെളിച്ചം കുറവായിരുന്നു. അതിന്റെ കാരണം ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്‌ലിയുടെ മങ്ങിയ ഫോമാണ്. ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ എല്ലാ ഫോർമാറ്റിലും നിറം മങ്ങിയ വിരാട് ഒരു അന്താരാഷ്ട്ര സെഞ്ച്വറി നേടിയിട്ട് 1,000 ദിവസങ്ങളോട് അടുക്കുകയാണ്. മോശം ഫോമിനെ തുടർന്ന് കോഹ്‌ലിക്ക് ഒരു മാസം വിശ്രമം അനുവദിച്ചിരിക്കുകയാണ് ബിസിസിഐ. അതിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ നിന്ന് കോഹ്ലിയെ ഒഴിവാക്കിയിരുന്നു.
വിശ്രമത്തിലുള്ള കോഹ്‌ലി പ്രതീക്ഷിച്ചതിലും നേരത്തെ ടീമിനൊപ്പം ചേരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. ഓഗസ്റ്റ് 18 ന് ആരംഭിക്കുന്ന സിംബാവെയുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ കോഹ്ലിലെ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഓഗസ്റ്റിൽ നടക്കുന്ന എഷ്യ കപ്പിലും ഒക്ടോബറിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിലും കോഹ്‌ലി ഇന്ത്യൻ ടീമിനൊപ്പം ചേരേണ്ടതുണ്ട് എന്നത് കണക്കിലെടുത്താണ് ഈ നടപടി. മൂന്ന് മത്സരങ്ങളുള്ള സിംബാവെ പരമ്പരയിൽ കോഹ്ലിക്ക് ഫോം വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് സെലക്ടർമാർ കണക്കാക്കുന്നത്.
' ഈ ഇടവേള തീർച്ചയായും വിരാടിനെ മാനസികമായി പുനരുജ്ജീവിപ്പിക്കാനും ഫോം വീണ്ടെടുക്കാനും സഹായിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്. എന്നാൽ ഒരു മത്സര ക്രിക്കറ്റും ഇല്ലെങ്കിൽ, ഫോം വീണ്ടെടുക്കുക ബുദ്ധിമുട്ടായിരിക്കും, അതിനാലാണ് അദ്ദേഹം സിംബാബ്വെയ്ക്കെതിരെ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ഫോർമാറ്റാണ്, ഏഷ്യാ കപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാൻ അദ്ദേഹത്തെ ഈ മത്സരം സഹായിക്കും. ഈ വസ്തുത കൂടി പരിഗണിച്ച ശേഷം മാത്രമേ ഞങ്ങൾ അന്തിമ തീരുമാനം എടുക്കുകയൂള്ളൂ'- ഇന്ത്യൻ സെലക്ടർമാരിൽ ഒരാൾ ഇൻസൈഡ് സ്‌പോർട്‌സിനോട് പറഞ്ഞു. ഓഗസ്റ്റ് 18, 20, 22 തീയതികളിൽ സിംബാവെയിലെ ഹരാരെ സ്‌റ്റേഡിയത്തിലാണ് മൂന്ന് ഏകദിനവും.