ബാറ്റിങ്ങിലും ബൗളിങ്ങിലും ഷാക്കിബ്; ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ബംഗ്ലാദേശ്

ബാറ്റിങില്‍ 75 റണ്‍സെടുത്ത ഷാക്കിബ് ഇംഗ്ലണ്ടിന്‍റെ നാല് വിക്കറ്റുകളും സ്വന്തം പേരിലാക്കി

Update: 2023-03-06 14:00 GMT

വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശ്

Advertising

രണ്ട് ഏകദിനങ്ങളും ജയിച്ച് അനായാസം പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ മൂന്നാം ഏകദിനത്തിനിറങ്ങിയ ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ബംഗ്ലാദേശ്. ബംഗ്ലാദേശ് പര്യടനത്തിലെ അവസാന ഏകദിനത്തില്‍ 50 റണ്‍സിന്‍റെ പരാജയമാണ് ഇംഗ്ലണ്ട് വഴങ്ങിയത്.

ടോസ് നേടി ആദ്യം ബാറ്റിങിനറങ്ങിയ ബംഗ്ലാദേശ് 48.5 ഓവറില്‍ 24 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങില്‍ 196 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ.

ബംഗ്ലാദേശിനായി നജ്മുല്‍ ഹൊസൈന്‍ ഷാന്‍റോയും മുഷ്ഫിഖുര്‍ റഹീമും ഷാക്കിബ് അല്‍ ഹസനും അര്‍ധസെഞ്ച്വറി നേടി. 17 റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍മാരെ രണ്ടുപേരെയും നഷ്ടപ്പെട്ട ബംഗ്ലദേശ് ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത് ഇവര്‍ മൂന്ന് പേരുടെയും ഇന്നിങ്സാണ്. വണ്‍ഡൌണായെത്തിയ ഷാന്‍റോ 71 പന്തില്‍ 53 റണ്‍സെടുത്ത് റണ്ണൌട്ടാകുകയായിരുന്നു.

പിന്നീടെത്തിയ മുഷ്ഫിഖുര്‍ റഹീം 93 പന്തില്‍ 70 റണ്‍സെടുത്ത് മടങ്ങി. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഷാക്കിബ് അല്‍ ഹസന്‍ നടത്തിയ പ്രകടനമാണ് ബംഗ്ലാ ടീമിനെ 200 കടത്തിയത്. 71 പന്തില്‍ 75 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസന്‍റെ ബാറ്റിങ് മികവില്‍ ബംഗ്ലാദേശ് 247 റണ്‍സിന്‍‌റെ ടോട്ടല്‍ ഉയര്‍ത്തി.

ടെസ്റ്റില്‍ പോലും ടി20 സ്റ്റൈലില്‍ ബാറ്റുവീശുന്ന ടീമുകളുള്ള കാലത്ത് നിസാരമായി ഇംഗ്ലണ്ട് മറികടക്കുമെന്ന് കരുതിയ സ്കോര്‍ പിന്തുടരുന്നതില്‍ പക്ഷേ ഇംഗ്ലീഷ് ബാറ്റിങ് നിരക്ക് പിഴച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പറിച്ച് ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി.

ഇംഗ്ലീഷ് നിരയില്‍ 38 റണ്‍സെടുത്ത ജെയിംസ് വിൻസ് ആണ് ടോപ്സ്കോറര്‍. വാലറ്റക്കാരെ കൂട്ടുപിടിച്ച് ക്രിസ് വോക്സ്(34) ഒരു ശ്രമം നടത്തിനോക്കിയെങ്കിലം ലക്ഷ്യത്തിലെത്താന്‍ അത് മതിയായിരുന്നില്ല. ഒടുവില്‍ ടീം സ്കോര്‍ 196 റണ്‍സില്‍ പത്താം വിക്കറ്റായി വോക്സ് കൂടി മടങ്ങിയതോടെ പരമ്പരയില്‍ ബംഗ്ലാദേശ് ആശ്വാസ വിജയം നേടി.

നേരത്തെ അര്‍ധസെഞ്ച്വറിയുമായി ടീം ടോപ്സ്കോററായ ഷാക്കിബ് അല്‍ ഹസന്‍ തന്നെയാണ് ബൌളിങിലും ടീമിന്‍റെ നെടുന്തൂണായത്. ബാറ്റിങില്‍ 75 റണ്‍സെടുത്ത ഷാക്കിബ് ഇംഗ്ലണ്ടിന്‍റെ നാല് വിക്കറ്റുകളും സ്വന്തം പേരിലാക്കി. ഷാക്കിബ് അല്‍ ഹസന്‍ തന്നെയാണ് പ്ലെയര്‍ ഓഫ് ദ മാച്ചും. ഇംഗ്ലണ്ടിനായി സാം കറന്‍ മൂന്നു വിക്കറ്റെടുത്തു. തോറ്റെങ്കിലും പരമ്പര സ്വന്തമാക്കിയ ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ് ആണ് പരമ്പരയിലെ താരം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News