വിക്കറ്റിൽ ചവിട്ടി, വലിച്ചൂരി, നിലത്തടിച്ച് ഷാക്കിബ്; ഒടുവിൽ മാപ്പ്
മിഡ് ഓഫ് പൊസിസഷനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഷാക്കിബ് അംപയറുടെ അടുത്തെത്തി സ്റ്റമ്പ് വലിച്ചൂരി നിലത്തടിക്കുകയായിരുന്നു.
നിലവിലെ ബംഗ്ലാദേശ് ക്രിക്കറ്റിന്റെ മുഖങ്ങളിലൊരാളായ ഷാക്കിബ് അൽ ഹസൻ വിവാദത്തിൽ. ധാക്ക പ്രീമിയർ ലീഗിനിടെ രണ്ടു പ്രാവശ്യമാണ് ഷാക്കിബിൽ നിന്ന് ഒരു അന്താരാഷ്ട്ര താരത്തിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രതികരണമുണ്ടായത്. ലീഗിൽ മുഹമ്മദൻസ് സ്‌പോർട്ടിങും അബാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദൻസിന്‍റെ താരമാണ് ഷാക്കിബ്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുഹമ്മദൻ 20 ഓവറിൽ 145 റൺസെടുത്തു. മറുപടിയിൽ അഞ്ചാം ഓവറിൽ പന്തെറിയാൻ ഷാക്കിബ് എത്തിയതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം.
അബഹാനിക്കായി ബാറ്റു ചെയ്യുന്നത് ബംഗ്ലദേശ് ടീമിൽ ഷാക്കിബിന്റെ സഹതാരമായ മുഷ്ഫിഖർ റഹീമായിരുന്നു. ഒരു പന്തിൽ ഷാക്കിബ് മുഷ്ഫിക്കറിനെതിരെ എൽബിഡബ്ല്യു ആവശ്യപ്പെട്ട് അപ്പീൽ ചെയ്തു. എന്നാൽ അംപയർ ഔട്ട് അനുവദിക്കാതിരുന്നതോടെ പ്രകോപിതനായ താരം ദേഷ്യം വിക്കറ്റിൻ മേൽ തീർത്തു. വിക്കറ്റിൽ ചവിട്ടിയാണ് ഷാക്കിബ് ദേഷ്യം തീർത്തത്. പിന്നീട് അംപയറോടു തർക്കിക്കുകയും ചെയ്തു. സഹതാരങ്ങളെത്തിയാണ് ഷാക്കിബ് അൽ ഹസനെ സമാധാനിപ്പിച്ചത്.
Shit Shakib..! You cannot do this. YOU CANNOT DO THIS. #DhakaLeague It's a shame. pic.twitter.com/WPlO1cByZZ
— Saif Hasnat (@saifhasnat) June 11, 2021
രണ്ടാമത്തെ സംഭവത്തിൽ ഡക്ക് വർത്ത് ലൂയിസ് പ്രകാരം മത്സരത്തിൽ ആറാം ഓവറിലെ അവസാന പന്ത് എറിയാൻ അനുവദിക്കാതെയിരുന്ന അംപയറിന്റെ തീരുമാനത്തിനെതിരേയായിരുന്നു. മിഡ് ഓഫ് പൊസിസഷനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഷാക്കിബ് അംപയറുടെ അടുത്തെത്തി സ്റ്റമ്പ് വലിച്ചൂരി നിലത്തടിക്കുകയായിരുന്നു.
One more... Shakib completely lost his cool. Twice in a single game. #DhakaLeague Such a shame! Words fell short to describe these... Chih... pic.twitter.com/iUDxbDHcXZ
— Saif Hasnat (@saifhasnat) June 11, 2021
സംഭവത്തിന് പിന്നാലെ ക്ഷമാപണം നടത്തികൊണ്ട് താരം ഫേസ്ബുക്കിൽ പോസ്റ്റിട്ടു. തന്നെ പോലൊരു അന്താരാഷ്ട്ര താരത്തിൽ നിന്ന് ഇത്തരത്തിലൊരു പ്രതികരണം ഉണ്ടാവാൻ പാടില്ലായിരുന്നെന്നും. എല്ലാരോടും ക്ഷമ ചോദിക്കുന്നതായും താരം ഫേസ്ബുക്കിൽ കുറിച്ചു.
ധാക്ക പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനമല്ല ഷാക്കിബ് പുറത്തെടുക്കുന്നത്. ആദ്യ ആറു മത്സരങ്ങളിൽ 73 റൺസ് മാത്രമാണു താരത്തിനു നേടാനായത്. ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞ മാസം നടന്ന ഏകദിന പരമ്പരയിലും ഷാക്കിബിന്റെ പ്രകടനം മോശമായിരുന്നു.
ഷാക്കിബിന്‍റെ പ്രകടനത്തിനെതിരേ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുള്ളത്.
അതേസമയം താരത്തിന്റെ ലെവൽ-3 ഒഫെൻസിലാണ് പെടുന്നതെന്നും ഒരു മത്സരത്തിൽ സസ്‌പെൻഷൻ ലഭിച്ചേക്കാമെന്നും ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നു.