മറ്റാർക്കും സ്വന്തമാക്കാനാകാത്തൊരു നേട്ടവുമായി ശ്രേയസ് അയ്യർ; ഇന്ത്യക്കാരിൽ ആദ്യം
നേരത്തെ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന 16ാമത്തെ ഇന്ത്യൻ ബാറ്ററായിരുന്നു അയ്യർ. അതേസമയം ശ്രേയസ് അയ്യരിന്റെ ഈ തകർപ്പൻ ഫോം സെലക്ടർമാർക്കാണ് തലവേദന
ഇതുപോലൊരു അരങ്ങേറ്റം കൊതിക്കാത്തവർ ആരുമുണ്ടാവില്ല. ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി, രണ്ടാം ഇന്നിങ്‌സിൽ അർദ്ധ സെഞ്ച്വറി. രണ്ടാം ഇന്നിങ്‌സിൽ ടീം പതറുന്നതിനിടെയായിരുന്നു അർദ്ധ സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ കളംഭരിച്ചത്. ആദ്യ ഇന്നിങ്‌സിൽ 105 റൺസാണ് അയ്യർ നേടിയത്. 171 പന്തുകളിൽ പതിമൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു അയ്യറിന്റെ ഇന്നിങ്‌സ്.
എന്നാൽ രണ്ടാം ഇന്നിങ്‌സിൽ 65 റൺസാണ് ശ്രേയസ് അയ്യർ നേടിയത്. 125 പന്തുകളിൽ നിന്ന് എട്ട് ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു രണ്ടാം ഇന്നിങ്‌സിലെ സ്‌കോർ. 51ന് അഞ്ച് എന്ന തകർന്ന നിലയിൽ നിന്നായിരുന്നു അയ്യറിന്റെ രക്ഷാപ്രവർത്തനം. ഈ രണ്ട് ഇന്നിങ്‌സുകളും താരത്തിന് സമ്മാനിച്ചത് മനഹോര നിമിഷങ്ങൾ. ഒപ്പമൊരു റെക്കോർഡും. അരങ്ങേറ്റത്തിൽ തന്നെ രണ്ട് ഇന്നിങ്‌സുകളിലായി സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും നേടുന്ന ആദ്യത്തെ ഇന്ത്യൻ ബാറ്റർ എന്ന നേട്ടമാണ് താരത്തെ തേടിയെത്തിയത്.
നേരത്തെ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന 16ാമത്തെ ഇന്ത്യൻ ബാറ്ററായിരുന്നു അയ്യർ. അതേസമയം ശ്രേയസ് അയ്യരിന്റെ ഈ തകർപ്പൻ ഫോം സെലക്ടർമാർക്കാണ് തലവേദന. നായകൻ കോലി തിരിച്ചെത്തുമ്പോൾ ആരെ കയറ്റണം എന്നതാവും ഇനി സെലക്ടർമാർ ചിന്തിക്കുക. ഫോം കണ്ടെത്താൻ വിഷമിക്കുന്ന അജിങ്ക്യ രഹാനെ, ചേതേശ്വർ പുജാര എന്നിവരിൽ ഒരാൾക്ക് സ്ഥാനം നഷ്ടപ്പെടും എന്നുറപ്പായി.
അതേസമയം ന്യൂസീലന്‍ഡിനെതിരായ കാണ്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. നാലാം ദിനം അവസാന സെഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെന്ന നിലയിലാണ്. ടീമിന് ഇപ്പോള്‍ 259 റണ്‍സിന്റെ മികച്ച ലീഡായി.രണ്ടാം ഇന്നിങ്‌സിലും മികച്ച ബാറ്റിങ് പുറത്തെടുത്ത ശ്രേയസ് അയ്യരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഒടുവില്‍ നഷ്ടമായത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും അക്സര്‍ പട്ടേലുമാണ് ക്രീസില്‍.