ഗില്ലാട്ടം; ഇന്ത്യ മികച്ച നിലയില്‍
ശുഭ്മാന്‍ ഗില്ലിന് കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി
അഹ്മദബാദ്: അഹ്മദബാദ് ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻഗില്ലിന് സെഞ്ച്വറി. ഗില്ലിന്റെ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ച്വറിയാണിത്. 193 പന്തിൽ നിന്ന് 11 ഫോറുകളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയിലാണ് ഗിൽ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മോശം ഫോമിനെ തുടർന്ന് കെ.എൽ രാഹുൽ ടീമിൽ നിന്ന് പുറത്തായതിന് പിറകെ ടീമിലെത്തിയ ഗിൽ സെലക്ടർമാരുടെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 110 റൺസുമായി വിരാട് കോഹ്ലിക്കൊപ്പം ഗിൽ പുറത്താവാതെ ക്രീസിലുണ്ട്.
കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ ഓസീസിനെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന ഇന്ത്യ അഹ്മദാബാദ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സില്‍ മികച്ച നിലയിലാണ്. അവസാനം വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 205 റണ്‍സ് എടുത്തു. 35 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയുടെയും 42 റണ്‍സെടുത്ത പുജാരയുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്. 20 ാം ഓവറിലാണ് നായകന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായത്. കുന്‍മാന്‍റെ പന്തില്‍ ലബൂഷെയ്ന് ക്യാച്ച് നല്‍കിയാണ് നായകന്‍റെ മടക്കം. വിക്കറ്റ് നഷ്ടമായെങ്കിലും രോഹിത് ശർമയെ തേടി ഒരു വമ്പൻ റെക്കോർഡെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 17,000 റൺസെന്ന റെക്കോർഡാണ് രോഹിത് ശർമ സ്വന്തമാക്കിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററാണ് രോഹിത് ശർമ.
ക്യാപ്റ്റന്‍ മടങ്ങിയതിന് ശേഷം പുജാരയെ കൂട്ട് പിടിച്ച് സ്കോര്‍ ബോര്‍ഡ് ഉയര്‍ത്തിയ ഗില്‍ 90 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് പുജാര ഗില്‍ ജോഡി പിരിഞ്ഞത്.