എല്ലാം പെട്ടെന്നായിരുന്നു; സിറാജ് കൊടുങ്കാറ്റില്‍ 50 റണ്‍സിന് കൂടാരം കയറി ശ്രീലങ്ക
ഏഴോവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് പിഴുത പേസ് ബോളര്‍ മുഹമ്മദ് സിറാജാണ് ശ്രീലങ്കന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്
കൊളംബോ: ഏഷ്യാ കപ്പ് കലാശപ്പോരില്‍ ശ്രീലങ്കക്ക് വന്‍ ബാറ്റിങ് തകര്‍ച്ച. 16 ഓവറില്‍ വെറും 50 റണ്‍സിന് മുഴുവന്‍ ശ്രീലങ്കന്‍ ബാറ്റര്‍മാരും കൂടാരം കയറി. ഏഴോവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് പിഴുത പേസ് ബോളര്‍ മുഹമ്മദ് സിറാജാണ് ശ്രീലങ്കന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. രണ്ടോവറില്‍ മൂന്ന് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യ സിറാജിന് മികച്ച പിന്തുണ നല്‍കി.
17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കന്‍ നിരയിലെ ടോപ് സ്കോറര്‍. ആകെ രണ്ട് ബാറ്റര്‍മാര്‍ മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. അഞ്ച് ബാറ്റര്‍മാര്‍ സംപൂജ്യരായി മടങ്ങി. സിറാജിന്‍റെ തീപ്പന്തുകള്‍ക്ക് മുന്നില്‍ നിസ്സഹായരായിപ്പോയ ശ്രീലങ്കന്‍ ബാറ്റര്‍മാരെയാണ് കൊളംബോയിലെ പ്രേമദാസ സ്റ്റോഡിയത്തില്‍ ആരാധകര്‍ കണ്ടത്. ഏഴോവറിൽ വെറും 12 റൺസെടുക്കുന്നതിനിടെ ആറ് പേരാണ് കൂടാരം കയറിയത്. ഒരോവറിൽ നാല് വിക്കറ്റടക്കം ആറ് വിക്കറ്റ് പിഴുത സിറാജ് ഏഷ്യാ കപ്പിന്‍റെ ചരിത്ര പുസ്തകത്തിലേക്കാണ് ഓടിക്കയറിയത്. ഏഷ്യാ കപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. ഒരോവറിൽ നാല് വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ ബോളറും സിറാജ് തന്നെ.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് ആദ്യ ഓവർ മുതൽ തന്നെ തൊട്ടതെല്ലാം പിഴച്ചു. ആദ്യ ഓവറിൽ ഓപ്പണർ കുശാൽ പെരേറയെ കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ വരാനിരിക്കുന്ന വൻദുരന്തത്തിന്റെ സൂചന നൽകി. രണ്ടാം ഓവർ എറിയാനെത്തിയ സിറാജിന്റെ ഒരു പന്ത് പോലും റണ്ണിലേക്ക് പായിക്കാൻ ശ്രീലങ്കൻ ബാറ്റർമാർക്കായില്ല. ബുംറയുടെ മൂന്നാം ഓവറിൽ പിറന്നത് ഒരു റൺസ്. പിന്നീടാണ് സിറാജ് കൊടുങ്കാറ്റ് അവതരിച്ചത്.
നാലാം ഓവറിലെ ആദ്യ പന്തിൽ നിസംഗയെ സിറാജ് ജഡേജയുടെ കയ്യിലെത്തിച്ചു. മൂന്നാം പന്തിൽ സമരവിക്രമയെ വിക്കറ്റിന് മുന്നിൽ കുടുക്കി. നാലാം പന്തിൽ അസലങ്കയെ ഇഷാൻ കിഷന്റെ കയ്യിലെത്തിച്ചു. അഞ്ചാം പന്തിൽ ബൗണ്ടറി പായിച്ച ദനഞ്ജയയെ ആറാം പന്തിൽ രാഹുലിന്റെ കയ്യിലെത്തിച്ച സിറാജ് ലങ്കയുടെ അടിവേരിളക്കി.
ബുംറയുടെ അടുത്ത ഓവർ മെയ്ഡിനിൽ കലാശിച്ചു. ആറാം ഓവർ എറിയാനെത്തിയ സിറാജ് നാലാം പന്തിൽ ദസൂൻ ശനകയുടെ കുറ്റി തെറിപ്പിച്ച് വെറും മൂന്നോവറിൽ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. പിന്നീടൊക്കെ വെറും ചടങ്ങുകള്‍ മാത്രമായിരുന്നു. വാലറ്റത്തെ കൂട്ടുപിടിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച കുശാല്‍ മെന്‍ഡിസിന്‍റെ മിഡില്‍ സ്റ്റമ്പ് 11 ാം ഓവറില്‍ സിറാജ് തെറിപ്പിച്ചു. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കക്കായി പന്തു കൊണ്ടും ബാറ്റ് കൊണ്ടും വിസ്മയം കാണിച്ച യുവതാരം വെല്ലലഗയെ 13 ാം ഓവറില്‍ പാണ്ഡ്യ രാഹുലിന്‍റെ കയ്യിലെത്തിച്ചു. പിന്നീട് പ്രമോദ് മദുശനെ കോഹ്‍ലിയുടേയും മതീഷ് പതിരാനയെ ഇഷാന്‍ കിഷന്‍റെയും കയ്യിലെത്തിച്ച് ഹര്‍ദിക് പാണ്ഡ്യ ലങ്കാ ദഹനം പൂര്‍ത്തിയാക്കി.