അനായാസം അഫ്ഗാൻ; എഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കക്ക് നാണംകെട്ട തോൽവി

ചെറിയ ടോട്ടലിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ അഫ്ഗാൻ ഓപ്പണർമാരായ ഹസറത്തുള്ള സാസിയും റഹ്‌മാനുള്ള ഗുർബാസും ചേർന്ന് മികച്ച തുടക്കം നൽകി.

Update: 2022-08-27 16:57 GMT
Editor : Nidhin | By : Web Desk
Advertising

ദുബൈ: 2022 ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ അഫ്ഗാന് എട്ട് വിക്കറ്റിന്റെ അനായാസ വിജയം. ശ്രീലങ്ക പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയ 105 എന്ന ടോട്ടൽ മറികടക്കാൻ അഫ്ഗാന് ആകെ 4 ബാറ്റ്‌സ്മാൻമാരുടെ  ആവശ്യം മാത്രമേ വന്നുള്ളൂ. അഫ്ഗാനിസ്ഥാൻ സ്‌കോർ പത്തോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസ്.

ചെറിയ ടോട്ടലിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ അഫ്ഗാൻ ഓപ്പണർമാരായ ഹസറത്തുള്ള സാസിയും റഹ്‌മാനുള്ള ഗുർബാസും ചേർന്ന് മികച്ച തുടക്കം നൽകി.

ഏഴാം ഓവറിലാണ് ഒരു വിക്കറ്റെങ്കിലും വീഴ്ത്താൻ ശ്രീലങ്കയ്ക്കായത്. ഹസരങ്കയുടെ പന്തിൽ ബൗൾഡായി 18 പന്തിൽ 40 റൺസുമായി ഗുർബാസ് മടങ്ങുമ്പോഴേക്കും അഫ്ഗാൻ സ്‌കോർ 83 ൽ എത്തിയിരുന്നു. പിന്നെ സാസിക്ക് മുന്നിലുള്ളത് മൂന്നാമനെയും കൂട്ടുപിടിച്ച് ശ്രീലങ്കൻ വധം പൂർണമാക്കുക എന്ന ദൗത്യം മാത്രമായിരുന്നു.

പക്ഷേ ഇടക്ക് ഇബ്രാഹിം സർദാൻ (15) റണൗട്ടായത് അഫ്ഗാൻ വിജയം വൈകിപ്പിച്ചു. പതിനൊന്നാം ഓവറിൽ അഫ്ഗാൻ വിജയലക്ഷ്യം മറികടന്നു. സാസി 37 റൺസുമായും നജീബുള്ള സദ്രാൻ രണ്ടു റൺസുമായും പുറത്താകാതെ നിന്നു.

നേരത്തെ 19.4 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് മാത്രമാണ്. ശ്രീലങ്കക്ക് നേടാനായത്.

ടോസ് നേടിയ ഫീൽഡിങ് തെരഞ്ഞെടുത്ത അഫ്ഗാൻ നായകൻ മുഹമ്മദ് നബിയുടെ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു അവരുടെ ബോളിങ് ഡിപാർട്ട്‌മെന്റിന്‍റെ പ്രകടനം. ആദ്യ ഓവറിൽ തന്നെ ശ്രീലങ്കൻ ഓപ്പണർ കുശാൽ മെൻഡിസിനെ (2) വീഴ്ത്തി ഫസൽഹഖ് ഫറൂഖിയാണ് വേട്ട തുടങ്ങിവെച്ചത്. തൊട്ടടുത്ത പന്തിൽ അസലങ്കയെ (0) കൂടി മടക്കി അഫ്ഗാൻ നയം വ്യക്തമാക്കി.

പിന്നീട് ഒന്ന് പിടിച്ചു നിൽക്കാൻ പോലുമാകാതെ ശ്രീലങ്കൻ ബാറ്റിങ് നിലം പതിക്കുന്ന കാഴ്ചയാണ് ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കണ്ടത്. പാത്തും നിസങ്ക മൂന്ന് റൺസുമായി മടങ്ങിയതോടെ പിന്നാലെ ക്രീസിലെത്തിയ ഗുണതിലകെ പ്രതീക്ഷ നൽകിയെങ്കിലും 17 റൺസുമായി അദ്ദേഹവും മടങ്ങി. പിന്നാലെ തന്നെ ഹസരങ്കയും (2) നായകൻ ദാസുൻ ഷനക റൺസൊന്നും നേടാതെയും തിരികെ നടന്നു.

ആ സമയം ഒരറ്റത്ത് പിടിച്ചു നിന്ന് കളിച്ച ഭാനുക ഗുണതിലകെ 29 പന്തിൽ 38 റൺസ് നേടി നിൽക്കവേ നിർഭാഗ്യം റണൗട്ടിന്റെ രൂപത്തിലെത്തി. തൊട്ടടുത്ത പന്തിൽ മഹേഷ് തീക്ഷണയും (0) റണൗട്ടായി. മതീക്ഷ പതിരാനക്കും അധികസമയം പിടിച്ചു നിൽക്കാനായില്ല. അഞ്ച് റൺസുമായി അദ്ദേഹവും മടങ്ങി. അവസാന ബാറ്റ്‌സ്മാനായ ദിൽഷൻ മധുഷങ്കയേയും (1) കൂട്ടി ചാമിക കരുണാരത്‌നെ പൊരുതി നോക്കിയെങ്കിലും അദ്ദേഹം 31 റൺസിൽ വീണതോടെ ശ്രീലങ്കൻ സ്‌കോർ 105 ൽ അവസാനിച്ചു.

അഫ്ഗാന് വേണ്ടി ഫസൽഹഖ് ഫറൂഖി മൂന്ന് വിക്കറ്റും, മുജീബ് റഹ്‌മാൻ, മുഹമ്മദ് നബി എന്നിവർ രണ്ട് വിക്കറ്റും നവീൻ ഉൾ ഹഖ് ഒരു വിക്കറ്റും വീഴ്ത്തി.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News