'രോഹിതിനെ ക്യാപ്റ്റനാക്കിയപ്പോള്‍ എന്നെ പഴി പറഞ്ഞവരൊക്കെ ഇപ്പോള്‍ എവിടെ'- സൗരവ് ഗാംഗുലി

'ഇപ്പോഴാരും എന്താണ് എന്നെ അധിക്ഷേപിക്കാത്തത്'

Update: 2024-07-14 13:56 GMT

Sourav Ganguly

Advertising

ഒന്നരപ്പതിറ്റാണ്ടിന് ശേഷമാണ് രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കുട്ടിക്രിക്കറ്റിന്റെ കനകസിംഹാസനമേറുന്നത്. 2007 ലെ പ്രഥമ ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ടി20 വിശ്വകിരീടത്തിൽ മുത്തമിടുന്നത്. രോഹിത് ശർമയുടെ നായകത്വത്തിന് കീഴിലുള്ള ആദ്യ ലോകകിരീടമാണിത്. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിന്റെ ഫൈനൽ വരെയെത്തിയെങ്കിലും ഇന്ത്യൻ മണ്ണിൽ വച്ച് കങ്കാരുക്കളോട് പരാജയപ്പെട്ടു.

2021 ടി20 ലോകകപ്പിന് ശേഷമാണ് വിരാട് കോഹ്ലിയെ മാറ്റി ബി.സി.സി.ഐ രോഹിത് ശർമയെ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് പ്രതിഷ്ടിക്കുന്നത്. അന്ന് ബി.സി.സി.ഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. ടി20 ക്യാപ്റ്റൻസിയിൽ നിന്ന് മാറാൻ സന്നദ്ധത പ്രകടിപ്പിച്ച കോഹ്ലിയെ മുഴുവൻ ഫോർമാറ്റിലേയും ക്യാപ്റ്റൻസിയിൽ നിന്ന് നീക്കിയ നടപടിയാണ് ആരാധകരെ ചൊടിപ്പിച്ചത്.

ഇപ്പോഴിതാ അന്ന് രോഹിത് ശർമയെ ക്യാപ്റ്റനാക്കിയതിൽ തനിക്കെതിരെ വിമർശനമുന്നയിച്ചവർക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാംഗുലി.

'രോഹിതിന് ക്യാപ്റ്റൻസി കൈമാറിയ സമയത്ത് എനിക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന് കീഴിൽ നമ്മളൊരു വിശ്വകിരീടം നേടിയിരിക്കുന്നു. ഇപ്പോഴാരും എന്താണ് എന്നെ അധിക്ഷേപിക്കാത്തത്. ഞാനാണ് അദ്ദേഹത്തെ ക്യാപ്റ്റനാക്കിയത് എന്ന കാര്യം ഇപ്പോൾ എല്ലാവരും മറന്നു'- ഗാംഗുലി പറഞ്ഞു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News