''യഥാർത്ഥ സുഹൃത്തെന്ന് എനിക്ക് വിളിക്കാനാവുന്ന മനുഷ്യൻ''; ഛേത്രിക്ക് കോഹ്ലിയുടെ പിറന്നാൾ ആശംസ
കോവിഡ് കാലത്ത് കോഹ്ലിയും ഛേത്രിയും ഒരുമിച്ച് നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ആരാധകർ തിരിച്ചറിയുന്നത്
ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം സുനിൽ ഛേത്രിക്ക് 38-ാം പിറന്നാളായിരുന്നു ഇന്നലെ. 2005ൽ അന്താരാഷ്ട്ര കരിയറിനു തുടക്കമിട്ട ഛേത്രി ബൈജൂങ് ബൂട്ടിയയ്ക്കു ശേഷം ഇന്ത്യൻ ഫുട്‌ബോളിന്റെ അന്താരാഷ്ട്ര മുഖമാണ്. രാജ്യാന്തര ഗോൾവേട്ടക്കാരിൽ ഇതിഹാസങ്ങളായ ലയണൽ മെസ്സിക്കും ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും തൊട്ടുപിന്നിൽ മൂന്നാം സ്ഥാനത്താണ് ഛേത്രിയെന്നതു തന്നെ മതി താരത്തിന്റെ കളിമികവ് തെളിയിക്കാൻ.
ഫുട്‌ബോൾ ലോകം ഒന്നാകെ ഇന്ത്യൻ നായകൻ ഛേത്രിക്ക് ജന്മദിന സന്തോഷങ്ങൾ നേർന്നപ്പോൾ ഒരു സ്‌പെഷൽ ആശംസയും കിട്ടി ഇന്നലെ താരത്തിന്. ഇന്ത്യൻ കായികലോകത്തെ മറ്റൊരു ഇതിഹാസംകൂടിയായ വിരാട് കോഹ്ലിയാണ് പ്രിയപ്പെട്ട സുഹൃത്തിന് ആയുരാരോഗ്യം നേർന്നിരിക്കുന്നത്.
''എല്ലാ നല്ല മൂല്യങ്ങളും അനുകമ്പയുമുള്ള സത്യസന്ധമായും കഠിനാധ്വാനിയായൊരു മനുഷ്യൻ. യഥാർത്ഥ സുഹൃത്തെന്ന് എനിക്ക് വിളിക്കാവുന്നയാൾ. നമ്മുടെ ഈ സൗഹൃദത്തിന് ഏറെ കടപ്പെട്ടിരിക്കും, നായകാ! എപ്പോഴും നന്മകൾ മാത്രം വരട്ടെയെന്ന് ആശംസിക്കുന്നു. ഒരു വർഷംകൂടി പിന്നിടുമ്പോൾ എല്ലാ ആശംസയും നന്മയും നേരുന്നു. ജന്മദിന ആശംസകൾ...''
ഇങ്ങനെയായിരുന്നു കോഹ്ലിയുടെ ആശംസ. ഇതിന് ഛേത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ''നല്ല വാക്കുകൾക്ക് അഭിനന്ദനം, ചാംപ്യൻ! നമ്മുടെ സൗഹൃദം പരസ്പരമുള്ളൊരു അനുഭവമാണ്. നമ്മൾ ഒരേവഴിയിൽ കണ്ടുമുട്ടാനായതിന് എനിക്കും ഏറെ കടപ്പാടുണ്ട്.''-മറുപടിയിൽ ഛേത്രി കുറിച്ചു.
വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് കോഹ്ലിയും ഛേത്രിയും. ബംഗളൂരു ക്രിക്കറ്റ്-ഫുട്‌ബോൾ ടീമുകളുടെ നായകരായാണ് ഇരുവരും കൂടുതൽ അടുക്കുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകനായിരുന്നു ദീർഘകാലം കോഹ്ലി. കഴിഞ്ഞ വർഷമാണ് നായകക്കുപ്പായം ഒഴിഞ്ഞത്. ഛേത്രി ഇപ്പോഴും ബംഗളൂരു എഫ്.സി നായകനായും തുടരുന്നു. കോവിഡ് കാലത്ത് ഛേത്രിയും കോഹ്ലിയും ഒരുമിച്ച് നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ആരാധകർ തിരിച്ചറിയുന്നത്.
Summary: Virat Kohli's heartfelt birthday wish for Sunil Chhetri