ചോദ്യം ചെന്നൈ സംസ്‌കാരത്തെക്കുറിച്ച്, താനുമൊരു ബ്രാഹ്‌മണനാണെന്ന് മറുപടി; പൊല്ലാപ്പ് പിടിച്ച് സുരേഷ് റെയ്ന

ദീർഘകാലമായി ചെന്നൈക്കു വേണ്ടി കളിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ചെന്നൈ സംസ്‌കാരം റെയ്ന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്

Update: 2021-07-22 16:22 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ സൂപ്പർ കിങ്‌സ്(സിഎസ്‌കെ) ആരാധകരുടെ 'ചിന്നത്തല'യാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്ന. വെറുതെ ലഭിച്ചതല്ല റെയ്നയ്ക്ക് ആ പേര്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ(ഐപിഎൽ) ആരംഭംതൊട്ട് നായകൻ മഹേന്ദ്ര സിങ് ധോണിക്കൊപ്പം റെയ്നയുമുണ്ട് സിഎസ്കെയുടെ നെടുംതൂണായി. ഒരു പതിറ്റാണ്ടിലേറെ നീണ്ട ആത്മബന്ധമാണ് ടീമുമായും ചെന്നൈ നഗരവുമായും റെയ്നയ്ക്കുള്ളത്.

എന്നാൽ, ഇത്രകാലം ചെന്നൈയിൽ ജീവിച്ചിട്ടും തമിഴ് ജനതയുടെ അതിരറ്റ സ്‌നേഹത്തിന് പാത്രമായിട്ടും ചെന്നൈ സംസ്‌കാരം കൃത്യമായി മനസിലാക്കാൻ താരത്തിനായില്ലേയെന്നാണ് ഇപ്പോൾ ആരാധകർ തന്നെ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട് പ്രീമിയർ ലീഗ്(ടിഎൻപിഎൽ) മത്സരത്തിനിടയിൽ നടത്തിയ ഒരു പരാമർശത്തിന്റെ പേരിലാണ് താരമിപ്പോൾ വെട്ടിലായിരിക്കുന്നത്. ബ്രാഹ്‌മണിസത്തെയും തമിഴ്‌ സംസ്‌കാരത്തെയും ചേര്‍ത്തുപറഞ്ഞതാണ് പൊല്ലാപ്പായിരിക്കുകയാണ്. ലൈക്ക കോവൈ കിങ്‌സും സേലം സ്പാർട്ടൻസും തമ്മില്‍ നടന്ന ടിഎൻപിഎൽ അഞ്ചാംപതിപ്പിന്റെ ഉദ്ഘാടന മത്സരത്തിനിടയിലായിരുന്നു റെയ്നയുടെ വിവാദ പരാമർശം.

ചെന്നൈ സംസ്‌കാരത്തെക്കുറിച്ചും ചെന്നൈയുമായുള്ള ബന്ധത്തെക്കുറിച്ചുമായിരുന്നു സഹ കമന്റേറ്ററുടെ ചോദ്യം. അതിനോടുള്ള താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഞാനുമൊരു ബ്രാഹ്‌മണനാണെന്നാണ് സ്വയം കരുതുന്നത്. 2004 മുതൽ ചെന്നൈയിൽ കളിക്കുന്നുണ്ട്. ഇവിടത്തെ സംസ്‌കാരം ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ സഹതാരങ്ങളെ എനിക്ക് ഇഷ്ടമാണ്. അനിരുദ്ധ ശ്രീകാന്ത്, ബദ്രി(എസ് ബദ്രിനാഥ്), ബാലാ ഭായ്(എൽ ബാലാജി) എന്നിവർക്കൊപ്പമെല്ലാം ഞാൻ കളിച്ചിട്ടുണ്ട്. ഇവിടത്തെ സംസ്‌കാരം ഞാൻ ഇഷ്ടപ്പെടുന്നു. സിഎസ്‌കെയുടെ ഭാഗമാകാനായതു തന്നെ ഭാഗ്യമാണ്.''

എന്നാൽ, ഇത്രനാള്‍ ചെന്നൈയുടെ ഭാഗമായി ജീവിച്ചിട്ട് ഈ നഗരത്തിന്‍റെ സംസ്‌കാരത്തെക്കുറിച്ച് റെയ്ന മനസിലാക്കിയത് ഇതാണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ആശ്ചര്യപ്പെടുന്നത്. ദീർഘകാലമായി ചെന്നൈക്കു വേണ്ടി കളിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ചെന്നൈ സംസ്‌കാരം താങ്കൾ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നാണ് ഒരാൾ റെയ്നയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചലച്ചിത്രങ്ങളിലടക്കം ചിലയിടങ്ങളില്‍ തമിഴ് ബ്രാഹ്‌മണിസമാണ് ചെന്നൈ സംസ്‌കാരമായി ഉയര്‍ത്തിക്കാണിക്കപ്പെടാറ്. റെയ്ന അങ്ങനെ തെറ്റിദ്ധരിച്ചതാകാമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News