റിങ്കു-സൂര്യ മിറാക്കിള്‍; ഇതാ ഗംഭീര്‍ യുഗം
മത്സര ശേഷം വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ സഹതാരങ്ങൾക്കാണ് ഇന്ത്യൻ നായകൻ നൽകിയത്
കളി 15ാം ഓവറിലേക്ക് കടക്കുമ്പോൾ ശ്രീലങ്കയുടെ കയ്യിൽ 9 വിക്കറ്റുകൾ ഭദ്രമായുണ്ട്. അഞ്ചോവറിൽ ജയിക്കാൻ വേണ്ടത് വെറും 30 റൺസ്. കൈവെള്ളയിലുണ്ടായിരുന്നൊരു മത്സരത്തെ പിന്നീട് തന്റെ കളിക്കൂട്ടം നഷ്ടപ്പെടുത്തിക്കളയുന്ന കാഴ്ച്ച ഡഗ്ഗൗട്ടിലിരുന്ന് സനത് ജയസൂര്യ വേദനയോടയാണ് കണ്ടു തീർത്തത്. പല്ലേക്കലേ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടി20 ക്രിക്കറ്റിൽ മുമ്പൊരിക്കൽ പോലും പന്തെറിഞ്ഞ് പരിചയമില്ലാത്ത റിങ്കുസിങ്ങും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നാണ് പന്ത് കൊണ്ട് കളിപിടിച്ചത് എന്നോർക്കണം. അതെ ഇന്ത്യൻ ക്രിക്കറ്റിൽ ഗംഭീർ യുഗമാരംഭിച്ച് കഴിഞ്ഞിരിക്കുന്നു.
15ാം ഓവർ പൂർത്തിയാകുമ്പോൾ സ്‌കോർബോർഡിൽ ലങ്ക 108 റൺസ് എഴുതി ചേർത്തു കഴിഞ്ഞിരുന്നു. കുശാൽ മെൻഡിസും കുശാൽ പെരേറയും ചേർന്ന് തങ്ങളെ അനായാസം വിജയതീരത്തെത്തിക്കുമെന്ന് ലങ്കൻ ആരാധകർ മനസിലുറപ്പിച്ച നിമിഷങ്ങൾ. 16ാം ഓവറിൽ കുശാൽ മെൻഡിസിനെ കൂടാരം കയറ്റി രവി ബിഷ്‌ണോയ് ഇന്ത്യക്ക് നിർണായക ബ്രേക് ത്രൂ നൽകുന്നു. വാഷിങ്ടൺ സുന്ദർ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ വനീന്ദു ഹസരംഗയും ചരിത് അസലങ്കയും പുറത്തേക്ക്. ഇന്ത്യ പതിയെ വിജയം മണത്ത് തുടങ്ങുകയായിരുന്നു. എന്നാൽ 18ാം ഓവർ എറിയാനെത്തിയ ഖലീൽ അഹ്‌മദ് ഇന്ത്യൻ പ്രതീക്ഷകളെ മുഴുവൻ തല്ലിക്കെടുത്തുകയാണോ എന്ന് തോന്നിച്ചു. നാല് വൈഡ് അടക്കം 12 റൺസാണ് ഈ ഓവറിൽ ഖലീൽ വിട്ടു നൽകിയത്. ഡെത്ത് ഓവറുകളിലെ ഏറ്റവും എക്‌സ്പൻസീവായ ഓവർ.
ഇനി അവശേഷിക്കുന്നത് വെറും 12 പന്തുകളാണ്. ശ്രീലങ്കക്ക് ജയിക്കാൻ വേണ്ടത് 9 റൺസ്. മുഹമ്മദ് സിറാജിന് ഒരോവർ ബാക്കി നിൽക്കേ സൂര്യ മറ്റൊരു സാഹസത്തിന് മുതിരില്ലെന്ന് ആരാധകർക്ക് ഉറപ്പായിരുന്നു. എന്നാൽ സകലരേയും ഞെട്ടിച്ച് ഇന്ത്യൻ നായകൻ പന്ത് കൈമാറിയത് റിങ്കു സിങ്ങിനാണ്. അന്താരാഷട്ര ടി20 യിൽ മുമ്പൊരിക്കൽ പോലും പന്തെറിഞ്ഞ് പരിചയമില്ലാത്ത റിങ്കുവിന് ആ ഓവർ കൊടുക്കാനുണ്ടായ ചേതോവികാരമെന്താണെന്ന് ആരാധകർക്ക് എത്രയാലോചിച്ചിട്ടും മനസ്സിലാവുന്നുണ്ടായിരുന്നില്ല.
എന്നാൽ പിന്നെയാ മൈതാനം കണ്ടത് റിങ്കു പന്തുമായി കളംനിറയുന്നതാണ്. ആദ്യ പന്ത് കുശാൽ പെരേറ പാഴാക്കുന്നു. തൊട്ടടുത്ത പന്തിൽ റിങ്കുവിന് തന്നെ ക്യാച്ച് നൽകി പെരേറയുടെ മടക്കം. മത്സരത്തിലെ ഏറ്റവും വലിയ ബ്രേക് ത്രൂ. 46 റൺസുമായി ലങ്കയെ ഒറ്റക്ക് തോളിലേറ്റി മുന്നേറുകയായിരുന്ന പെരേറ റിങ്കുവിന് മുന്നിൽ വീഴുന്നത് ലങ്കൻ ആരാധകർക്ക് വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല. ഈ സമയത്ത് ഗൗതം ഗംഭീറിന്റെ മുഖത്ത് വിടർന്ന പുഞ്ചിരിയിൽ എല്ലാമുണ്ടായിരുന്നു. ഓവറിലെ മൂന്നാം പന്തിൽ രമേശ് മെൻഡിസ് ഡബിൾ ഓടിയെടുക്കുന്നു. അടുത്ത പന്തിൽ സിംഗിൾ. അഞ്ചാം പന്ത് പാഴാക്കിയ മെൻഡിസ് ആറാം പന്ത് ബൗണ്ടറിയിലേക്ക് അടിച്ചുയർത്തി. ആ പന്ത് പറന്നിറങ്ങിയത് ശുഭ്മാൻ ഗില്ലിന്റെ കൈകളിലേക്കാണ്. ഗാലറി നിശബ്ദമായി. ആ ഒറ്റ ഓവർ കൊണ്ട് റിങ്കു ഇന്ത്യൻ ആരാധകരുടെ വീരനായകനായി മാറുകയായിരുന്നു. മൂന്ന് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് റിങ്കു പോക്കറ്റിലാക്കിയത്.
അവസാന ഓവറിൽ ലങ്കക്ക് ജയിക്കാൻ വേണ്ടിയിരുന്നത് ആറ് റൺസ്. കൈയ്യിൽ നാല് വിക്കറ്റ് കൂടെ ബാക്കിയുണ്ടായിരുന്നതിനാൽ ആതിഥേയരുടെ പ്രതീക്ഷകളപ്പോഴും സജീവമായിരുന്നു. കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് 30 യാർഡ് സർക്കിളിന് പുറത്ത് നാല് ഫീൽഡർമാരെ മാത്രമേ അനുവദിക്കൂ എന്ന അമ്പയറുടെ തീരുമാനവും ലങ്കക്ക് അനുകൂലമായിരുന്നു. മുഹമ്മദ് സിറാജ് പന്തെറിയാനായി ബോളിങ് എന്റിലേക്ക് നടന്നെത്തി. എന്നാൽ ആരാധകരെ ഒരിക്കൽ കൂടെ ഞെട്ടിച്ച് ഇന്ത്യൻ നായകൻ പെട്ടെന്ന് തീരുമാനം മാറ്റി. ടി20 ക്രിക്കറ്റിൽ ഇതുവരെ പന്തെറിഞ്ഞ് പരിചയമില്ലാത്ത സൂര്യ അത്രയും നിർണായകമായൊരു ഓവർ എറിയാൻ സ്വയം തീരുമാനമെടുക്കുന്നു.
സൂര്യയുടെ ആദ്യ പന്ത് കാമിന്ദു മെൻഡിസ് പാഴാക്കി. രണ്ടാം പന്ത് ബൗണ്ടറിയിലേക്ക് അടിച്ചുയർത്താനുള്ള മെൻഡിസിന്റെ ശ്രമം അവസാനിച്ചത് റിങ്കുവിന്റെ കയ്യിൽ. അടുത്ത പന്തിൽ തന്നെ സഞ്ജുവിന് ക്യാച്ച് നൽകി മഹേഷ് തീക്ഷ്ണയും പുറത്തേക്ക്. പല്ലേക്കലയിലെ ഗാലറിയിലപ്പോൾ മുഖത്ത് കയ്യമർത്തി നിരാശയോടെ നിൽക്കുന്ന നിരവധി മനുഷ്യരെ കാണാമായിരുന്നു. അടുത്ത പന്തിൽ അസിത ഫെർണാണ്ടോയുടെ സിംഗിൾ. അഞ്ചും ആറും പന്തുകളിൽ ഡബിൾ ഓടിയെടുത്ത് വിക്രം സിങ്ങേ കളി സമനിലയിലാക്കി. മത്സരം സൂപ്പർ ഓവറിലേക്ക്.
കളിയിലുടനീളം മനോഹരമായി പന്തെറിഞ്ഞ വാഷിങ്ടൺ സുന്ദറിനെയാണ് സൂര്യ ഇക്കുറി പന്തേൽപ്പിച്ചത്. ആദ്യ പന്ത് വൈഡ് ലൈനിലേക്ക് പറന്നിറങ്ങി. അടുത്ത പന്തിൽ കുശാൽ മെൻഡിസ് സിംഗിൾ അടിച്ചെടുക്കുന്നു. രണ്ടാം പന്തിൽ പെരേറ വീണു. മൂന്നാം പന്തിൽ റിങ്കുവിന് ക്യാച്ച് നൽകി നിസംഗയും പുറത്തേക്ക്. സൂപ്പർ ഓവറിൽ ലങ്ക ആകെ അടിച്ചെടുത്തത് രണ്ട് റൺസ്. മറുപടി ബാറ്റിങ്ങിൽ നേരിട്ട ആദ്യ പന്ത് തന്നെ ഷോർട്ട് ഫൈൻ ലെഗ്ഗിലൂടെ ബൗണ്ടറി കടത്തി സൂര്യ ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചു. തോൽവിയോടെ വലിയൊരു നാണക്കേടിന്റെ റെക്കോർഡ് ലങ്കയെ തേടിയെത്തി. രാജ്യാന്തര ടി20 യിൽ ഏറ്റവും കൂടുതൽ കളികൾ തോൽക്കുന്ന ടീമെന്ന റെക്കോർഡാണ് ലങ്കക്ക് സ്വന്തമായത്. ടി20 ക്രിക്കറ്റിൽ ശ്രീലങ്കയുടെ 105ാം തോൽവിയാണിത്. 104 തോൽവികളുള്ള ബംഗ്ലാദേശിനെയാണ് ലങ്ക പിന്നിലാക്കിയത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും സംപൂജ്യനായി മടങ്ങിയ മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽ കൂടി ആരാധകരെ നിരാശപ്പെടുത്തിയ മത്സരത്തിൽ നായകൻ സൂര്യക്കടക്കം ബാറ്റ് കൊണ്ട് വലിയ സംഭാവനകൾ നൽകാനായിരുന്നില്ല. ആറാം വിക്കറ്റിൽ അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ശുഭ്മാൻ ഗില്ലും റിയാൻ പരാഗും ചേർന്നാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 39 റൺസെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
മത്സര ശേഷം വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ സഹതാരങ്ങൾക്കാണ് ഇന്ത്യൻ നായകൻ നൽകിയത്. 20ാം ഓവർ എറിഞ്ഞ് രണ്ട് വിക്കറ്റ് നേടിയ തന്നേക്കാൾ ഈ ജയത്തിന്റെ ക്രെഡിറ്റ് ഗില്ലിനും പരാഗിനുമാണെന്നാണ് സൂര്യ പറഞ്ഞത്. 48 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ മൂന്നക്കം കടത്തിയത് ഗില്ലും പരാഗും ചേർന്നാണ്. കളിയിൽ നിർണായകമായതും ആ പോരാട്ടം തന്നെ. സൂര്യ മനസ്സ് തുറന്നു. നായകനായ ശേഷമുള്ള ആദ്യ പരമ്പര തൂത്തു വാരിയ സൂര്യയെ തേടി തന്നെ മാൻ ഓഫ് ദ സീരിസ് പുരസ്‌കാരവുമെത്തി. ആദ്യ രണ്ട് മത്സരങ്ങളിൽ ബാറ്റ് കൊണ്ട് കളംനിറഞ്ഞ ഇന്ത്യൻ നായകൻ അവസാന ഓവറിൽ ആരും നിനച്ചിരിക്കാത്ത നേരത്ത് പന്ത് കൊണ്ടാണ് കളംപിടിച്ചത്.