തോൽവിയുടെ കണക്കുതീർക്കാൻ ഇന്ത്യ; ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാക്ക് പോരാട്ടം

ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മത്സരം ആരംഭിക്കും

Update: 2022-10-23 01:42 GMT
Editor : Lissy P | By : Web Desk
Advertising

മെൽബണ്‍: അതിവേഗക്രിക്കറ്റിന്റെ ആവേശക്രീസില്‍ വീണ്ടുമൊരു ഇന്ത്യ-പാക്കിസ്താന്‍ പോരാട്ടം. കൃത്യം ഒരു വർഷത്തെ ഇടവേളക്ക് ശേഷം ചിരവൈരികൾ മുഖാമുഖം വരുമ്പോൾ ഇന്ത്യക്ക് കണക്ക് തീർക്കാനുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പില് പത്ത് വിക്കറ്റിന്റെ വലിയ തോൽവിയാണ് പാക്കിസ്താനോട് ഇന്ത്യ ഏറ്റുവാങ്ങിയത്. ഈ തോൽവിക്ക് അതേ നാണയത്തിൽ മറുപടി നൽകുകയെന്ന ലക്ഷ്യവുമായാണ് രോഹിത് ശർമ്മയും സംഘവും മെൽബണിൽ ഇന്ന് പാഡണിയുക.

ലോകകപ്പിൽ ഇരു ടീമുകളും ഇതിന് മുമ്പ് നേർക്കുനേര് വന്ന ആറ് മത്സരങ്ങളിൽ നാല് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. വീണ്ടും ജയം നേടി ആ കണക്കിൽ ഒപ്പമെത്തുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. വിരാട് കോലി ഉൾപ്പെടെയുള്ള വെറ്ററന് താരങ്ങളും യുവതാരങ്ങളും ഫോമിലാണെന്നതാണ് ഇന്ത്യയുടെ ആത്മവിശ്വാസം. മധ്യനിരയിൽ ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക് ഇറങ്ങിയേക്കും.

ബൂംറക്ക് പകരം ടീമിൽ തിരിച്ചെത്തിയ മുഹമ്മദ് ഷമി സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതും ടീം ഇന്ത്യക്ക് ഊർജ്ജം പകരുന്നു. മറുവശത്ത് ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കയോടേറ്റ തോൽവിയുടെ ക്ഷീണത്തിലാണ് ബാബർ അസമും സംഘവുമെത്തുന്നത്. ഏഷ്യാകപ്പിലിറങ്ങിയ അതെ ടീമിനെ തന്നെ പാക്കിസ്താൻ നിലനിർത്തിയേക്കും. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മത്സരം ആരംഭിക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News