വീരനായകർക്ക് വന്‍ വരവേൽപ്പ്; മുംബൈയിൽ ജനസാഗരം

വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മുംബൈയിലെ ആഘോഷപരിപാടികളുടെ സമാപനം

Update: 2024-07-04 14:36 GMT
Advertising

മുംബൈ:  ടി20 ലോകകപ്പ് കിരീടം ചൂടി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുംബൈയിൽ ആവേശോജ്ജ്വല സ്വീകരണം. മറൈൻ ഡ്രൈവ് മുതൽ വാംഖഡേ സ്‌റ്റേഡിയം വരെ തുറന്ന ബസ്സിൽ നടന്ന വിക്ടറി പരേഡ് കാണാൻ ആയിരക്കണക്കിനാളുകളാണ് തടിച്ച് കൂടിയത്. മുംബൈയിൽ തുടരുന്ന കനത്ത മഴയെ വകവക്കാതെയാണ് രാജ്യത്തിന്റെ വീരനായകരെ കാണാൻ ജനസാഗരമെത്തിയത്.

 ടി20 ലോകകപ്പ് കിരീടവുമായി ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇന്ത്യൻ ടീം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. പുലർച്ചെ മുതൽ തന്നെ ടീം ഇന്ത്യയുടെ വരവുംകാത്ത് നിരവധി പേരാണ് വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയത്.

ഓരോരുത്തരായി എയർപോർട്ടിൽ നിന്ന് ബസിലേക്ക് കയറിയപ്പോൾ ആരാധകർ ആർപ്പുവിളിച്ചു. പതിവ് വിട്ട് എല്ലാവരും അവിടെകൂടിയവർക്ക് നേരെ കൈവിശീ. ട്രോഫി ഉയർത്തിക്കാട്ടിയായിരുന്നു നായകൻ രോഹിതിന്റെ സ്‌നേഹപ്രകടനം. വിമാനത്താവളത്തിൽ നിന്ന് ടീം ഇന്ത്യ നേരെ പോയത് ഡൽഹിയിലെ ഐ.ടി.സി മൗര്യ ഹോട്ടലിലേക്കാണ്. പിന്നീട് ഔദ്യോഗിക വസതിയില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ താരങ്ങള്‍ പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. 

വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മുംബൈയിലെ ആഘോഷപരിപാടികളുടെ സമാപന ചടങ്ങുകൾ. ബി.സി.സി.സിഐയുടെ സമ്മാനതുക ഇവിടെ വെച്ച് കൈമാറും. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മുംബൈ പൊലീസ് ട്രാഫിക് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച പരിപാടി ഇന്ത്യന്‍ ടീമിന്റെ തിരിച്ചുവരവ് വൈകിയതോടെയാണ് നീണ്ടുപോയത്. ചുഴലിക്കാറ്റ് കാരണമാണ് ബാര്‍ബഡോസില്‍ നിന്നുള്ള തിരിച്ചുവരവ് വൈകിയത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News