ദുബെ, തെവാത്തിയ ഇവർ രണ്ടുപേരുമാണ് ഹീറോസ്; രാജസ്ഥാന് മികച്ച സ്‌കോർ

ബാഗ്ലൂരിന്‍റെ വിജയലക്ഷ്യം 178

Update: 2021-04-22 16:02 GMT
Editor : Nidhin | By : Sports Desk
Advertising

ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളിലാണ് യഥാർഥ നായകൻമാർ ഉണ്ടാകുന്നത് രാജസ്ഥാനിലെ ശിവം ദുബെയുടെയും തെവാത്തിയടേയും പ്രകടനം നോക്കി അങ്ങനെ പറയാം.

ബാഗ്ലൂരിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ രാജസ്ഥാൻ ആദ്യം ബാറ്റിങ് തകർച്ച നേരിട്ടെങ്കിലും ശിവം ദുബെ പോരാട്ട വീര്യത്തോടെ പൊരുതിയതോടെ രാജസ്ഥാൻ ഭേദപ്പെട്ട സ്‌കോറിൽ. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് രാജസ്ഥാൻ നേടിയത്. തന്റെ ഐപിഎൽ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ശിവം ദുബെ കാഴ്ചവച്ചത്. പക്ഷേ അർഹിച്ച അർധ സെഞ്ച്വറിക്ക് നാലു റൺ അകലെ 46 റൺസിൽ ദുബെ വീണു. റിച്ചാർഡ്‌സണിന്റെ പന്തിൽ മാക്‌സ് വെല്ലിന് ക്യാച്ച് നൽകിയാണ് ദുബെ മടങ്ങിയത്. എന്നിരുന്നാലും ചെറിയ സ്‌കോറിൽ തീരേണ്ടിയിരുന്ന ടീമിനെ പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചതിൽ നിർണായക പങ്കുവഹിച്ചത് അദ്ദേഹമാണ്.

റയാൻ പരാഗ് ദുബെക്ക് മികച്ച പിന്തുണ നൽകി. 16 ബോളിൽ 25 റൺസെടുത്തു മടങ്ങി. ഹർഷൽ പട്ടേലാണ് പരാഗിന് പുറത്തേക്കുള്ള വഴി കാട്ടിയത്. പിന്നാലെയെത്തിയ രാഹുൽ തെവാത്തിയ അവസാന ഓവറുകളിൽ തകർത്തടിച്ചു. 23 പന്തിൽ 40 റൺസുമായി സിറാജിന്റെ പന്തിൽ ഷഹബാസിന് ക്യാച്ച് നൽകി അദ്ദേഹവും മടങ്ങി. അവസാന ഓവറിൽ അടിച്ചു കളിക്കുമെന്ന് പ്രതീക്ഷിച്ച ക്രിസ് മോറിസ് പക്ഷേ നിരാശപ്പെടുത്തി. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ക്രിസ് മോറിസ് 10 റൺസുമായി പുറത്തായി. വാലറ്റത്തെ ശ്രേയസ് ഗോപാലും ചേതനും മുസ്തഫിസറും അധികമൊന്നും നേടാതെ മടങ്ങി.

നേരത്തെ ഓപ്പണിങ് ഇറങ്ങിയ ബട്ട്‌ലറെ സിറാജ് പുറത്തേക്ക് അയച്ചു. എട്ടു ബോളിൽ എട്ടു റൺസാണ് ബട്ട്‌ലറിന്റെ സമ്പാദ്യം. പിന്നാലെ ഒമ്പത് പന്തിൽ ഏഴ് റണുമായി വോഹ്‌റ ജെയിംസണിന്റെ പന്തിൽ റിച്ചാർഡ്‌സണിന് ക്യാച്ച് നൽകി മടങ്ങി. റൺസൊന്നും എടുക്കാതെ സിറാജിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി മില്ലറും മടങ്ങി. നായകൻ സഞ്ജു രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അധികം നേരം നീണ്ടില്ല. 18 ബോളിൽ 21 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ മാക്‌സ് വെല്ലിന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്.

ബാഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റും സിറാജ് മൂന്ന് വിക്കറ്റും ജയിംസൺ, റിച്ചാർഡ്‌സൺ, സുന്ദർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Tags:    

Editor - Nidhin

contributor

By - Sports Desk

contributor

Similar News