കപിൽ ദേവിനെ തട്ടിക്കൊണ്ടുപോയതാര്? ആ വീഡിയോക്ക് പിന്നിലെ 'കഥ' ഇതാ
''ആർക്കെങ്കിലും ഇങ്ങനെയൊരു വീഡിയോ ദൃശ്യം കിട്ടിയിരുന്നോ. ഇത് യഥാർഥമല്ലെന്ന് കരുതുന്നു. കപിൽ പാജിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്ന് വിശ്വസിക്കുന്നു'' എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ എക്‌സിൽ കുറിച്ചത്
മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിനെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ട് പോകുന്നൊരു വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം തരംഗമായിരുന്നു. വായയും കൈകളും കെട്ടി രണ്ട് പേർ ചേർന്ന് കപിലിനെ ഒരു ഗോഡൗണിന് അകത്തേക്ക് നടത്തിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനെ തുടർന്ന് മുൻ ഇന്ത്യൻ താരങ്ങളടക്കം നിരവധി പേർ ആശങ്കപ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പത്ത് സെക്കന്റ് ദൈർഘ്യമുള്ള ഈ വിഡിയോ ദൃശ്യങ്ങള്‍ യഥാർഥമാണോ എന്നാണ് പലരും ചോദിച്ചത്.
''ആർക്കെങ്കിലും ഇങ്ങനെയൊരു വീഡിയോ ദൃശ്യം കിട്ടിയിരുന്നോ. ഇത് യഥാര്‍ത്ഥമല്ലെന്ന് കരുതുന്നു. കപിൽ പാജിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്ന് വിശ്വസിക്കുന്നു'' എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ എക്‌സിൽ കുറിച്ചത്.
ഇപ്പോഴിതാ ഈ വിഡിയോക്ക് പിന്നിലെ 'കഥ' പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയിൽ വച്ചരങ്ങേറുന്ന ക്രിക്കറ്റ് ലോക കപ്പുമായി ബന്ധപ്പെട്ട് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ ഒരു പരസ്യ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളായിരുന്നു അത്. ഗംഭീറടക്കമുള്ളവര്‍ പിന്നീട് ഈ വീഡിയോ എക്‌സില്‍ പങ്ക് വക്കുകയും ചെയ്തു.
''പാജി നിങ്ങൾ നന്നായി കളിച്ചു. അഭിനയത്തിന്റെ ലോകകപ്പും നിങ്ങൾക്ക് തന്നെ. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ക്രിക്കറ്റ് ലോകകപ്പ് സൗജന്യമായി കാണാമെന്ന കാര്യം ഓർത്ത് വച്ചോളൂ'' എന്നാണ് പുതിയ വീഡിയോ പങ്ക് വച്ച് ഗംഭീർ കുറിച്ചത്.