'ശശാങ്ക് ഹീറോയാടാ ഹീറോ'; കളിയാക്കിയവരെക്കൊണ്ട് കയ്യടിപ്പിച്ച കഥ

സ്വന്തം കാണികൾക്ക് മുന്നിൽ ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റൺ ചേസരങ്ങേറുമ്പോൾ ഗാലറിയിലേക്ക് തുടരെ പറന്നുയരുന്ന പന്തുകളെ നോക്കി നിസഹായനായി നിൽക്കാനായിരുന്നു കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ വിധി

Update: 2024-04-27 09:46 GMT
Advertising

''കൊൽക്കത്ത ബോളർമാരെ ആരെങ്കിലും രക്ഷിക്കൂ...'' ഈഡൻ ഗാർഡനിൽ ജോണി ബെയര്‍‌സ്റ്റോയും ശശാങ്ക് സിങ്ങും കൂറ്റനടികളുമായി കളം നിറയുമ്പോൾ രാജസ്ഥാൻ റോയൽസ് താരം ആർ അശ്വിൻ എക്‌സിൽ ഇങ്ങനെ കുറിച്ചു. ടി20 ക്രിക്കറ്റിൽ 250 റൺസ് അക്ഷരാർത്ഥത്തിൽ ഒരു ബാലികേറാമലയാണ്. 120 പന്തുകളിൽ 261 റൺസ്. പിന്തുടർന്ന് ജയിക്കൽ അസാധ്യമെന്ന് ആരാധകർ ഒരു പോലെ കരുതിയിരുന്ന ലക്ഷ്യം. ടി20  ക്രിക്കറ്റില്‍ ഇക്കാലമത്രയും ഇങ്ങനെയൊരു റൺമല കീഴടക്കാൻ ആർക്കുമായിട്ടില്ലെന്നതായിരുന്നു ഇന്നലെ വരെയുള്ള ചരിത്രം.

എന്നാൽ ഈഡൻ ഗാർഡനിൽ ജോണി ബെയർ സ്‌റ്റോക്കും ശശാങ്ക് സിങ്ങിനും മുന്നിൽ ചരിത്രങ്ങളൊക്കെ പഴങ്കഥകളായി. ഒരോവറും രണ്ട് പന്തും ബാക്കി നിൽക്കേയാണ് കൊൽക്കത്ത ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റൺ ചേസരങ്ങേറുമ്പോൾ ഗാലറിയിലേക്ക് തുടരെ പറന്നുയരുന്ന പന്തുകളെ നോക്കി നിസഹായനായി നിൽക്കാനായിരുന്നു കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ വിധി.. ക്രിക്കറ്റ് ബേസ് ബോളായി മാറുന്നത് കണ്ടില്ലേ നിങ്ങൾ... മത്സര ശേഷം പഞ്ചാബ് നായകൻ സാം കറന്‍ ഇങ്ങനെ ചോദിച്ചു. 

സ്വന്തം തട്ടകത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തക്കായി ഫിലിപ് സാൾട്ടും സുനിൽ നരേനും തുടങ്ങി വച്ച വെടിക്കെട്ടിനെ വെങ്കിടേഷ് അയ്യറും ശ്രേയസ് അയ്യരും ചേർന്ന് പൂർത്തിയാക്കുമ്പോൾ സ്‌കോർ 250 ഉം കടന്നു സഞ്ചരിച്ചു. ഈഡൻ ഗാർഡൻ, ഐ.പി.എൽ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ, എതിരാളികൾ എട്ടാം സ്ഥാനത്തുള്ള പഞ്ചാബ്. കാര്യങ്ങളൊക്കെ പഞ്ചാബ് മറുപടി ബാറ്റിങ്ങിനിറങ്ങും വരെ കൊൽക്കത്തക്ക് അനുകൂലമായിരുന്നു.

എന്നാൽ പഞ്ചാബ് ഇന്നിങ്‌സിലെ രണ്ടാം ഓവറിൽ ഹർഷിത് റാണയെ രണ്ട് തവണ ഗാലറിയിലെത്തിച്ച് പ്രഭ് സിംറാൻ കൊൽക്കത്തയെ കാത്തിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചന നൽകി. പിന്നെയങ്ങോട്ട് ഗാലറിയിലേക്ക് തുടരെ പന്ത് പാഞ്ഞു. ചമീരയുടെ നാലാം ഓവറിൽ പിറന്നത് 23 റൺസ്. നരേനെറിഞ്ഞ അഞ്ചാം ഓവറിലെ രണ്ടാം പന്ത് ഗാലറിയിലെത്തിച്ച് പ്രഭ് സിംറാൻ അർധ സെഞ്ച്വറി കുറിച്ചു. അതും വെറും 18 പന്തിൽ. ഈഡൻ ഗാർഡനിൽ പിന്നീടെല്ലാം വേഗത്തിലായിരുന്നു. അങ്കുൽ റോയിയുടെ ആറാം ഓവറിൽ രണ്ട് സികസും രണ്ട് ഫോറും സഹിതം ബെയർ സ്റ്റോ അടിച്ചെടുത്തത് 24 റൺസ്. ആ ഓവറിലെ അവസാന പന്തിൽ പ്രഭ്‌സിംറാൻ കൂടാരം കയറി. എട്ടാം ഓവറിൽ പഞ്ചാബ് സ്‌കോർ മൂന്നക്കം തൊട്ടു. ബെയർ സ്റ്റോ അർധ സെഞ്ച്വറിയിലും. വെറും 24 പന്തെടുത്താണ് ബെയർ സ്‌റ്റോ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്.

ഒരു വശത്ത് റിലി റൂസോയെ കാഴ്ച്ചക്കാരനാക്കി നിർത്തി ബെയർസ്‌റ്റോ തന്‍റെ ആട്ടം തുടര്‍ന്നു. 13ാം ഓവറിൽ നരേൻ റൂസോയെ കൂടാരം കയറ്റുമ്പോൾ 178 റൺസായിരുന്നു പഞ്ചാബിന്റെ അക്കൗണ്ടിലായിരുന്നത്. കഥ ഇനിയാണാരംഭിക്കുന്നത്. ഡഗ്ഗൗട്ടിലുണ്ടായിരുന്ന ശശാങ്ക് സിങ് പാഡ് കെട്ടി മൈതാനത്തേക്കിറങ്ങി. നരേന്റ പന്തുകളെ കരുതലോടെയാണ് ശശാങ്ക് നേരിട്ട് തുടങ്ങിയത്. എന്നാൽ വരുൺ ചക്രവർത്തിയുടെ അടുത്ത ഓവറിലെ ആദ്യ രണ്ടു പന്തുകളെ രണ്ട് പടുകൂറ്റൻ സിക്‌സർ പറത്തി അയാള്‍ തന്‍റെ നിലപാട് പ്രഖ്യാപിച്ചു. അതുവരെ മൈതാനത്ത് ബെയര്‍‌സ്റ്റോയുടെ നിറഞ്ഞാട്ടമായിരുന്നെങ്കിൽ പിന്നീടാരാധകർ കണ്ടത് ശശാങ്ക് സിങ്ങിന്റെ വൺമാൻ ഷോയാണ്.

പതിനാറാം ഓവറിൽ ബെയർ സ്‌റ്റോ സെഞ്ച്വറിയിൽ തൊട്ടു. അപ്പോഴും കൊൽക്കത്ത വിജയ പ്രതീക്ഷയിലായിരുന്നു. ഇനിയുമേറെ സഞ്ചാരിക്കാനുണ്ട് പഞ്ചാബിന്. പക്ഷെ ചമീരയുടേയും ഹർഷിത് റാണയുടേയും ഓവറുകൾ കൊൽക്കത്തയുടെ വിജയപ്രതീക്ഷകളെ മുഴുവൻ തച്ചുടച്ചു. ചമീരയെറിഞ്ഞ 17ാം ഓവറിൽ ശശാങ്ക് സിങ് പറത്തിയത് മൂന്ന് സിക്‌സുകൾ. ഹർഷിത് റാണയുടെ അടുത്ത ഓവറിൽ മൂന്ന് സിക്‌സും ഒരു ഫോറും. 18ാം ഓവർ പൂർത്തിയാകുമ്പോൾ പഞ്ചാബ് സ്‌കോർ 250 കടന്നു. പിന്നെ ഈഡൻ ഗാർഡനിൽ ബാക്കിയൊക്കെ ചടങ്ങുകൾ മാത്രമായിരുന്നു. 19ാം ഓവറിലെ നാലാം പന്തിൽ പഞ്ചാബ് കൊൽക്കത്തയുടെ റൺമല കടന്നു. അപ്പോഴും ഒരോവറും രണ്ട് പന്തും മത്സരത്തിൽ ബാക്കിയുണ്ടായിരുന്നു.

ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ വമ്പൻ റെക്കോർഡുകളാണ് ഈഡൻ ഗാർഡനിൽ കടപുഴകിയത്. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ റൺ ചേസിനാണ് കൊൽക്കത്ത ഇന്നലെ സാക്ഷിയായത്. പഴങ്കഥയായത് 2023 ൽ വെസ്റ്റിൻഡീസിനെതിരെ സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്ക നേടിയ കൂറ്റൻ വിജയത്തിന്റെ റെക്കോർഡ്. ഒരു ടി20 മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ പിറന്ന റെക്കോർഡും കൊൽക്കത്ത പഞ്ചാബ് മത്സരത്തിന് സ്വന്തം. 42 സിക്‌സുകളാണ് ഇന്നലെ കളിയിലുടനീളം പിറന്നത്. കൊൽക്കത്ത ബോളർമാരെല്ലാം കണക്കിന് തല്ലു വാങ്ങിക്കൂട്ടിയ മത്സരത്തിൽ ഹർഷിത് റാണ മാത്രം നാലോവറിൽ വഴങ്ങിയത് 61 റൺസാണ്.

കളിക്ക് ശേഷം 45 പന്തിൽ സെഞ്ച്വറി കുറിച്ച ജോണി ബെയർ സ്‌റ്റോയെക്കാൾ ക്രിക്കറ്റ് ലോകം സംസാരിച്ചത് ശശാങ്ക് സിങ്ങെന്ന 32 കാരനെക്കുറിച്ചാണ്. 28 പന്തിൽ 68 റൺസ്. എട്ട് പടുകൂറ്റൻ സിക്‌സുകളും രണ്ട് ഫോറുകളും. ശശാങ്കിന്റെ തിരിച്ചുവരവ് ഒരു ഫെയറി ടേൽ എന്ന പോലെയാണ് തനിക്ക് അനുഭവപ്പെട്ടത് എന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് കൊൽക്കത്തക്കെതിരായ താരത്തിന്റെ പ്രകടനത്തിന് ശേഷം പറഞ്ഞത്. ഈ സീസണിൽ ആകെ 9 മത്സരങ്ങളിൽ നിന്ന് 263 റൺസാണ് ശശാങ്കിന്റെ സമ്പാദ്യം. രണ്ട് അർധ സെഞ്ച്വറികൾ. 65.75 ബാറ്റിങ് ആവറേജ്. 182.64 സ്‌ട്രൈക്ക് റൈറ്റ്. കളിയാക്കിയവരെ കൊണ്ടയാളിപ്പോൾ കയ്യടിപ്പിക്കുകയാണ്.

ഐ.പി.എൽ താരലേലത്തിനിടെ പഞ്ചാബിന് പിണഞ്ഞ അമളിയിൽ ആളുമാറി ടീമിലെത്തിയവൻ എന്നായിരുന്നു സീസണിന് തൊട്ടു മുമ്പ് വരെ ശശാങ്കിന്റെ ടാഗ് ലൈൻ. ഒരൊറ്റ ഓക്ഷൻ കൊണ്ട് അപമാനിതനായ താരം. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് പഞ്ചാബ് ശശാങ്കിനെ ആളുമാറി ടീമിലെത്തിച്ചത്. ലേലത്തിനിടെ അമളി മനസ്സിലാക്കി ഞങ്ങളീ ശശാങ്കിനെയല്ല ഉദ്യേശിച്ചത് എന്ന് പരസ്യമായി വിളിച്ച് പറഞ്ഞ പ്രീതി സിന്റയോട് ഇനി ഇയാളെ ടീമിലെടുത്തേ മതിയാവൂ എന്ന് പറഞ്ഞു ഓക്ഷനർ മല്ലികാ സാഗർ. ഒടുവിൽ ഗതികേട് കൊണ്ട് ആ 32  കാരനെ ടീമിലെടുക്കേണ്ടി വന്നു പ്രീതി സിന്റക്ക്. പിന്നീട് ക്രിക്കറ്റ് ലോകത്തെ വാർത്തകളുടെ തലവാചകങ്ങളില്‍  മുഴുവൻ അയാളൊരു പരിഹാസ കഥാപാത്രമായി.

കളിയാക്കലുകൾ പരിതി വിട്ടപ്പോൾ ഞങ്ങളീ ശശാങ്കിനെ തന്നെയാണ് ഉദ്യേശിച്ചതെന്ന് തെല്ലും ആത്മാർത്ഥതിയില്ലാതെ പ്രസ്താവനയിറക്കേണ്ടി വന്നു പഞ്ചാബ് മാനേജ്‌മെന്റിന്. എന്നാൽ സീസണാരംഭിച്ചതോടെ കഥ മാറി. വിമർശകരുടെ മുഴുവൻ വായടിപ്പിച്ച് ശശാങ്ക് സിങ്ങെന്ന 32 കാരൻ മൈതാനങ്ങളിൽ തന്റെ വെടിക്കെട്ട് പ്രകടനം കൊണ്ട് കളംനിറഞ്ഞു തുടങ്ങുകയായിരുന്നു. ഗുജറാത്തിനെതിരെ കളി കൈവിട്ടെന്ന് തോന്നിച്ച നിമിഷത്തിൽ 29 പന്തിൽ 61 റൺസുമായി ടീമിന് ആവേശ വിജയം സമ്മാനിച്ചു. ഇപ്പോഴിതാ കൊൽക്കത്തക്കെതിരെയും അയാളത് ആവർത്തിച്ചിരിക്കുന്നു. കോടികൾ മുടക്കി ടീമിലെത്തിച്ച പലരും നിറം മങ്ങുമ്പോഴും 20 ലക്ഷത്തിന് ആളുമാറി ടീമിലെത്തിയ ശശാങ്ക് പഞ്ചാബിന്റെ വീരനായകനാവുകയാണ്. അതെ ശശാങ്ക് ഹീറോയാണ്. ദ റിയൽ ഹീറോ

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News