ഇവനുള്ളപ്പോഴൊന്നും ടീം തോറ്റിട്ടില്ല; ഇന്ത്യൻ ടീമിന്റെ ഭാഗ്യതാരമായി ഈ യുവ ഓൾറൗണ്ടർ
ഇന്ത്യ-വെസ്റ്റിൻഡീസ് ട്വന്റി-20 പരന്പരയിലെ നാലാം മത്സരം ഇന്ന് നടക്കും
ഇന്ത്യൻ ക്രിക്കറ്റ് ട്വന്റി-20 ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കാനുള്ള അവസാനവട്ട പരിശ്രമത്തിലാണ്. ഭാവി ഇന്ത്യൻ ടീമിനെ ഉന്നംവെച്ച് ഒരു യുവനിരയെ ലോകകപ്പിന് അയക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. കഴിവുള്ള നിരവധി താരങ്ങളാണ് ടീമിലേക്കുള്ള വിളിയും കാത്തിരിക്കുന്നത്.
വ്യത്യസ്തമായ ഒരു റെക്കോർഡാണ് ഒരു ഇന്ത്യൻ യുവതാരത്തെ തേടിയെത്തിയിരിക്കുന്നത്. ഈ താരം പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ട ഒരു മത്സരവും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോർഡാണ് 27 കാരനായ ഈ ബാറ്റിങ് ഓൾ റൗണ്ടർ സ്വന്തമാക്കിയിരിക്കുന്നത്. ദീപക് ഹൂഡയാണ് ഈ റെക്കോർഡിന് ഉടമ. ഈ വർഷം ഇന്ത്യൻ ടീമിൽ അരങ്ങേറിയ 12 അന്താരാഷ്ട്ര മത്സരങ്ങളിലാണ് ഹൂഡ ഇന്ത്യൻ കുപ്പായമണിഞ്ഞത്. അതിൽ ട്വന്റി-20യും ഏകദിനവും ഉൾപ്പെടും എന്നാൽ ഒരു മത്സരത്തിലും ഇന്ത്യ തോൽവി നുണഞ്ഞിട്ടില്ല എന്നതാണ് ദീപക് ഹൂഡയെ ഭാഗ്യതാരമാക്കി മാറ്റുന്നത്.
ഐപിഎല്ലിൽ നിലവിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ താരമാണ് ദീപക് ഹൂഡ. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ദീപക്കിന് ഇന്ത്യൻ ടീമിലേക്ക് വഴി തുറന്നത്. ഈ വർഷം ഫെബ്രുവരി ആറിന് ശ്രീലങ്കയുമായുള്ള ഏകദിനത്തിലാണ് ആദ്യമായി ഹൂഡ ഇന്ത്യൻ ക്യാപ്പ് അണിഞ്ഞത്. 5 ഏകദിനങ്ങളിൽ നിന്നായി 115 റൺസാണ് ഹൂഡ ഇതുവരെ നേടിയത്. 33 റൺസാണ് ഉയർന്ന സ്‌കോർ. ഫെബ്രുവരിയിൽ തന്നെ 24 ന് ശ്രീലങ്കയുമായി തന്നെയാണ് ട്വന്റി-20യിലും ഹൂഡ അരങ്ങേറിയത്. 7 ട്വന്റി-20 കൾ കളിച്ച ഹൂഡ 71.66 ശരാശരിയിൽ 215 റൺസാണ് നേടിയത്. 104 റൺസാണ് ഉയർന്ന സ്‌കോർ. ഏകദിനത്തിൽ രണ്ട് വിക്കറ്റും ഹൂഡ വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യ - വെസ്റ്റിൻഡീസ് ട്വന്റി-20 പരന്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. അമേരിക്കയിലെ ഫ്‌ലോറിഡയിൽ ഇന്ത്യൻ സമയം രാത്രി 8 നാണ് മത്സരം.. ഇന്ന് ജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് പരമ്പര നേടാം.
ഒരിക്കൽ കൂടി അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരത്തിനായി ഇന്ത്യൻ ടീം അമേരിക്കയിലെത്തുമ്പോൾ പരമ്പര നേട്ടം എന്നതിലുമുപരി അമേരിക്കൻ മണ്ണിൽ ക്രിക്കറ്റിന്റെ പ്രചാരണം കൂടിയാണ് ലക്ഷ്യം. പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 2-1 ന് മുന്നിലാണ്. വിസാ നടപടികളിലെ അനിശ്ചിതത്വങ്ങൾ പരിഹരിച്ചാണ് ഇരു ടീമുകളും അമേരിക്കയിലെത്തിയത്.
കഴിഞ്ഞ മത്സരത്തിൽ പരിക്കിന്റെ പിടിയിലായ ക്യാപ്റ്റൻ രോഹിത് ശർമ ഇന്ന് കളിക്കുമോയെന്ന് ഉറപ്പില്ല. രോഹിത്തിന്റെ അഭാവത്തിൽ ഋഷഭ് പന്തോ ഹർദിക് പാണ്ഡ്യയോ ക്യാപ്റ്റനാകും. സഞ്ജു സാംസൺ, ദീപക് ഹൂഡ എന്നിവരിൽ ഒരാൾക്ക് അവസരം ലഭിക്കുകയും ചെയ്യും. ഫോം മങ്ങിയ ആവേശ് ഖാനും ശ്രേയസ് അയ്യറിനും വീണ്ടും അവസരം നൽകുമോയെന്നും കാത്തിരുന്ന് കാണണം.