'ലോകം നിന്റെ മുഖത്ത് കാർക്കിച്ച് തുപ്പും'; കപിൽദേവിനെതിരെ യുവരാജിന്റെ പിതാവ്

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയെയും യോഗ് രാജ് സിങ് കടുത്ത ഭാഷയിൽ വിമർശിച്ചു

Update: 2024-09-02 10:55 GMT
Advertising

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ കടുത്ത വിമർശകനായ യുവരാജ് സിങിന്റെ പിതാവ് ഏറെക്കാലമായി വാർത്തകളിലെ താരമാണ്. യുവരാജിന്റെ കരിയർ തകർത്തത് ധോണിയാണെന്ന് പലതവണ ആരോപണം ഉന്നയിച്ചിട്ടുള്ള യോഗ് രാജ് സിങ് ഇപ്പോളിതാ ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന നായകൻ കപിൽ ദേവിനെതിരെയും വിമർശനമുയർത്തി രംഗത്തെത്തിയിരിക്കുകയാണ്. യുവരാജിനെ അപേക്ഷിച്ച് കപിലിന്റെ ഷെൽഫില്‍ കിരീടങ്ങൾ വളരെ കുറവാണെന്ന് പറയാൻ ചില അധിക്ഷേപ പരാമർശങ്ങൾ പോലും നടത്തി യോഗ് രാജ് സിങ്.

'നമ്മുടെ കാലത്തെ ഏറ്റവും മികച്ച ക്യാപ്റ്റൻ കപിൽ ദേവാണല്ലോ. ലോകം നിങ്ങളുടെ മുഖത്ത് കാർക്കിച്ച് തുപ്പുമെന്ന് ഞാനയാളോടൊരിക്കല്‍ പറഞ്ഞു. യുവരാജിന് 13 ട്രോഫികളുണ്ട്. നിങ്ങളുടെ ഷെൽഫിൽ ആകെ ഒരു കിരീടമാണുള്ളത്. അവിടെ ചർച്ചയവസാനിക്കും'- യോഗ്‍രാജ്  പറഞ്ഞു.

 മഹേന്ദ്രസിങ് ധോണിയെയും യോഗ് രാജ് സിങ് കടുത്ത ഭാഷയിൽ വിമർശിച്ചു. യുവരാജ് സിങ്ങിന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്നും താൻ ഒരിക്കലും ധോണിയോട് ക്ഷമിക്കില്ലെന്നും  അദ്ദേഹം പറഞ്ഞു. 

'ഞാൻ ധോണിയോട് ഒരിക്കലും പൊറുക്കില്ല. അദ്ദേഹം ഇടക്കിടക്ക് കണ്ണാടിയിൽ മുഖം നോക്കുന്നത് നന്നാവും. അയാളൊരു വലിയ ക്രിക്കറ്റർ ആണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാൽ അയാൾ എന്റെ മകനോട് ചെയ്തതെന്താണ്? ഞാനൊരിക്കലും അയാളോട് ക്ഷമിക്കില്ല. എന്റെ ജീവിതത്തിൽ രണ്ട് കാര്യങ്ങൾ ഞാനൊരിക്കലും ചെയ്യില്ല. ഒന്ന് എന്നോട് തെറ്റ് ചെയ്തവർക്ക് ഞാൻ പൊറുത്ത് കൊടുക്കില്ല. രണ്ട് അവരെ ഞാൻ എവിടെ കണ്ടാലും ആലിംഗനം ചെയ്യില്ല. അതെന്റെ കുടുബാംഗങ്ങളായാലും ശരി'- യോഗ് രാജ് പറഞ്ഞു.

ഇതാദ്യമായല്ല യുവരാജിന്റെ പിതാവ് ധോണിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഈ വർഷം തുടക്കത്തിലും യോഗ്‍രാജ് ധോണിയെ കടന്നാക്രമിച്ചിരുന്നു. ധോണിയുടെ മോശം പ്രവൃത്തികൾ കാരണമാണ് ചെന്നൈക്ക് ഐ.പി.എൽ കിരീടം നഷ്ടമായതെന്നും ധോണിക്ക് യുവിയോട് അസൂയയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മുൻ ഇന്ത്യൻ താരം കൂടിയായ യോഗ് രാജ് സിങ് 7 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News