''എനിക്കൊപ്പം അവന്‍റെ ആദ്യ ടൂറാണിത്''; ആറ് വിക്കറ്റ് നേട്ടം മകന് സമര്‍പ്പിച്ച് ബുംറ

15.5 ഓവറിൽ 45 റൺസ് വഴങ്ങി ആറ് ഇംഗ്ലീഷ് ബാറ്റർമാരെയാണ് ബുംറ ആദ്യ ഇന്നിങ്സില്‍ കൂടാരം കയറ്റിയത്

Update: 2024-02-04 12:28 GMT
Advertising

വിശാഖ പട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അത്യുഗ്രൻ ഫോമിലാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മികച്ച രീതിയിൽ പന്തെറിഞ്ഞ ബുംറ രണ്ടാം ടെസ്റ്റിലും തന്റെ മിന്നും ഫോം തുടർന്നു. 15.5 ഓവറിൽ 45 റൺസ് വഴങ്ങി ആറ് ഇംഗ്ലീഷ് ബാറ്റർമാരെയാണ് ബുംറ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ കൂടാരം കയറ്റിയത്. ഇപ്പോഴിതാ തന്റെ ഈ പ്രകടനം കുഞ്ഞിന് സമർപ്പിച്ചിരിക്കുകയാണ് ബുംറ.

''എന്റെ ഈ നേട്ടം  മകൻ അംഗതിന് സമർപ്പിക്കുന്നു. എനിക്കൊപ്പമുള്ള അവന്റെ ആദ്യ ടൂറാണിത്.''- ബുംറ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് തികക്കുന്ന ഇന്ത്യക്കാരൻ എന്ന റെക്കോർഡ് കഴിഞ്ഞ ദിവസം ബുംറയെ തേടിയെത്തിയിരുന്നു.

കഴിഞ്ഞ ദിവസം  ഒലീ പോപ്പിന്റെ വിക്കറ്റ് പിഴുത ബുംറയുടെ യോര്‍ക്കര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തരംഗമാണ് . ആദ്യ ടെസ്റ്റ്  ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത് ഒലി പോപ്പിന്‍റെ  സെഞ്ചുറിയായിരുന്നു. ഇതോടെ രണ്ടാം ടെസ്റ്റില്‍ പോപ്പ് ഇന്ത്യയുടെ നോട്ടപ്പുള്ളിയായി. 23 റൺസിലെത്തിനിൽക്കെ ജസ്പ്രീത് ബുമ്രയുടെ അത്യുജ്വല ഇൻസ്വിങ് യോർക്കറിൽ പ്രതിരോധം പാളി പോപ്പ് കൂടാരം കയറുമ്പോൾ ഇന്ത്യയുടെ വിജയ പ്രതീക്ഷ കൂടിയാണ് അവിടെ തളിരിട്ടത്. ആ യോർക്കറിൽ പോപ്പ് മാത്രമല്ല...ഗ്യാലറിയും ഒരു നിമിഷം അത്ഭുതപ്പെട്ടുപോയി. ബുമ്രയില്‍ നിന്ന് സ്ലോ ബോളോ ഷോർട്ട് ബോളോ ആണ് ഇംഗ്ലീഷ് താരം പ്രതീക്ഷിച്ചത്. യോർക്കറിന് മുന്നിൽ പുറത്തായതിന്റെ അവിശ്വസനീയതയും നിരാശയും പോപ്പിന്‍റെ മുഖത്ത് കാണമായിരുന്നു.

ടെസ്റ്റിലെ പത്ത് ഇന്നിംഗ്‌സുകളിൽ അഞ്ചാം തവണയാണ് ബുമ്ര പോപ്പിനെ മടക്കുന്നത്. ബുമ്രക്കെതിരെ 66 റൺസ് മാത്രമെ ഇതുവരെ പോപ്പിന് നേടാനായിട്ടുള്ളു. പോപ്പിനെ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്ന ബൗളർമാരിൽ ന്യൂസിലൻഡിൻറെ നീൽ വാഗ്‌നർക്കൊപ്പമെത്താനും ഇതിലൂടെ ബുമ്രക്കായി.

വിശാഖപട്ടണം ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറി മികവിൽ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ കൂറ്റന്‍ ലീഡാണ് ഉയര്‍ത്തിയത്. 147 പന്തുകൾ നേരിട്ട് 11 ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 104 റൺസാണ് ഗില്‍ നേടിയത്. ഇതോടെ 399 റണ്‍സെന്ന വലിയ വിജയലക്ഷ്യം ഉയർത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാനും ഇന്ത്യക്കായി. കഴിഞ്ഞ 12 ഇന്നിംഗ്‌സുകളിൽ ഒരു അർധസെഞ്ചുറി പോലുമില്ലാതിരുന്ന ഗില്ലിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് അത്യുഗ്രൻ ഇന്നിങ്‌സുമായി താരം കംബാക് നടത്തിയത്. സെഞ്ചുറിയ നേടിയ ശേഷം ആവേശപ്രകടനങ്ങളൊന്നുമില്ലാതെ ഡ്രസ്സിങ് റൂമിനുനേരെ ആശ്വാസത്തോടെ ബാറ്റുയർത്തുക മാത്രമായിരുന്നു ഗിൽ ചെയ്തത്. കഴിഞ്ഞ 11 മാസത്തിനിടെ ഗില്ലിൻറെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും ടെസ്റ്റിലെ മൂന്നാം സെഞ്ചുറിയുമാണിത്. ഏകദിനത്തിൽ ആറും ടെസ്റ്റിൽ മൂന്നും ടി20യിൽ ഒരു സെഞ്ചുറിയുമുള്ള ഗില്ലിനിപ്പോൾ 10 രാജ്യാന്തര സെഞ്ചുറികളായി.

മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസെന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് 13 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്്. പിന്നാലെ ആദ്യ ഇന്നിങ്‌സിൽ ഡബിൾ സെഞ്ചുറി നേടിയ യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റും നഷ്ടമായി. 17റൺസെടുത്ത ജയ്‌സ്വാളിനെ ആൻഡേഴ്‌സൺ പുറത്താക്കി. ശ്രേയസ് അയ്യർ 29 റൺസെടുത്തും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന രതജ് പടിദാർ ഒൻപത് റൺസെടുത്തും വേഗം മടങ്ങി.

അക്‌സർ പട്ടേൽ 45 റൺസുമായി ഗില്ലിന് മികച്ച പിന്തുണ നൽകി. ഒടുവിൽ ടോം ഹാട്‌ലി ഇന്ത്യൻ ഓൾറൗണ്ടറെ പുറത്താക്കി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. ശ്രീകാർ ഭരതിന് ആറു റൺസാണ് നേടാനായത്. അശ്വിന്‍ 29 റണ്‍സെടുത്ത് പുറത്തായി. കുല്‍ദിപ് യാദവും ബുംറയും സംപൂജ്യരായാണ് മടങ്ങിയത്.   

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News