'കോഹ്ലിയില്‍ നിന്ന് ഇതല്ല ടീം പ്രതീക്ഷിക്കുന്നത്'; മെല്ലെപ്പോക്കിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവാസ്കര്‍
ഓപ്പണറായി ക്രീസിലെത്തിയ കോഹ്ലി 43 പന്തിൽ നിന്ന് അടിച്ചെടുത്തത് ആകെ 51 റൺസാണ്. 15ാം ഓവറിലാണ് താരം പുറത്തായത്
ഐ.പി.എൽ 17ാം സീസണിൽ വമ്പൻ സ്‌കോറുകൾ പടുത്തുയർത്തി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തോൽപ്പിക്കുന്ന കാഴ്ചക്കാണ് ഇന്നലെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട സ്റ്റേഡിയം സാക്ഷിയായത്. ആദ്യ ബാറ്റ് ചെയ്ത ആർ.സി.ബി ഉയർത്തിയ വിജയലക്ഷ്യമായ 206 റൺസ് പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് 171 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 35 റൺസിനായിരുന്നു ബാംഗ്ലൂരിന്റെ വിജയം.
കളിയിൽ വിജയിച്ചെങ്കിലും ആർ.സി.ബി സൂപ്പർ താരം വിരാട് കോഹ്ലിയുടെ മെല്ലെപ്പോക്കിന് രൂക്ഷവിമർശനമാണ് ആരാധകർക്കിടയിൽ നിന്നും ക്രിക്കറ്റ് വിശാരദര്‍ക്കിടയില്‍ നിന്നും ഉയരുന്നത്. ഓപ്പണറായി ക്രീസിലെത്തിയ കോഹ്ലി 43 പന്തിൽ നിന്ന് അടിച്ചെടുത്തത് ആകെ 51 റൺസാണ്. നാല് ഫോറും ഒരു സിക്‌സുമാണ് കോഹ്ലിയുടെ ബാറ്റിൽ നിന്ന് ആകെ പിറവിയെടുത്തത്. 118.60 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. 15 ാം ഓവറിലാണ് കോഹ്‍ലി പുറത്തായത്. ടി20 ക്രിക്കറ്റിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശുന്ന താരത്തിന്റെ ലോകകപ്പ് ടീമിലെ സ്ഥാനം പോലും ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്. വിരാട് കോഹ്ലിയിൽ നിന്ന് അദ്ദേഹത്തിന്റെ ടീം ഇതല്ല പ്രതീക്ഷിക്കുന്നത് എന്നാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ അഭിപ്രായപ്പെട്ടത്.
''മിഡിൽ ഓവറുകളിൾ കോഹ്ലിക്ക് ടച്ച് നഷ്ടപ്പെട്ട പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. നേരിട്ട 31ാം പന്ത് മുതൽ അങ്ങോട്ട് വിക്കറ്റ് നഷ്ടപ്പെടുന്നത് വരെ ഒരു ബൗണ്ടറി പോലും അദ്ദേഹത്തിന്‍റെ ബാറ്റിൽ നിന്ന് പിറന്നിട്ടില്ല. ഇന്നിങ്‌സിലെ ആദ്യ പന്ത് നേരിട്ട കോഹ്‍ലി പുറത്താവുന്നത് 14ാമത്തെയോ 15ാ മത്തെയോ ഓവറിലാണ്. ആ സമയം താരത്തിന്‍റെ സ്‌ട്രൈക്ക് റൈറ്റാവട്ടെ 118 ആണ്. നിങ്ങളുടെ ടീം നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതല്ല''- ഗവാസ്കര്‍ പറഞ്ഞത്