സുവർണ താരമാകാൻ നീരജ് ചോപ്ര; ജാവലിൻ ത്രോ ഫൈനൽ ഇന്ന്
അത്‍ലറ്റിക്സില്‍ ഇന്ത്യക്കായി ആദ്യ മെഡൽ നേടുകയാണ് ലക്ഷ്യം
ജാവലിൻ ത്രോയിൽ ഇന്ത്യൻ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്നിറങ്ങും. അത്‍ലറ്റിക്സില്‍ ഇന്ത്യക്കായി ആദ്യ മെഡൽ നേടുകയാണ് ലക്ഷ്യം. വൈകിട്ട് 4.30 നാണ് ഫൈനൽ .
സ്വർണമോ വെള്ളിയോ വെങ്കലമോ മെഡൽ ഏതായാലും ഇന്ത്യൻ അത്‍ലറ്റിക്സിന് അത് ചരിത്ര നിമിഷമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും മികച്ച ദൂരം എറിഞ്ഞ് ഒന്നാമനായാണ് നീരജ് ഫൈനലിലെത്തിയത്. 83 മീറ്ററാണ് ഫൈനലിലേയ്ക്കുള്ള യോഗ്യതാമാര്‍ക്ക്. 86.65 മീറ്റർ നീരജ് കുറിച്ചു. അണ്ടര്‍ 20 ലോകചാമ്പ്യനും ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനുമാണ് നീരജ്. 88.07 മീറ്ററാണ് സീസണില്‍ നീരജിന്‍റെ മികച്ച ദൂരം.
ജർമനിയുടെ സുവർണ പ്രതീക്ഷയായ ലോക ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ജോഹാനസ് വെറ്റർ നീരജിന് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 90 മീറ്ററിനു മുകളിൽ ദൂരത്തേക്ക് ഏഴു തവണ ജാവലിൻ പായിച്ച താരമാണ് വെറ്റർ. ഗ്രൂപ്പ് ബി ചാമ്പ്യനായി എത്തുന്ന പാകിസ്താന്‍ താരം അർഷാദ് നദീമും സമ്മർദം ഉണ്ടാക്കിയേക്കാം.