മാഞ്ചസ്റ്റർ സിറ്റിക്കെതിരായ വിചാരണ ആരംഭിച്ചു; കുറ്റം തെളിഞ്ഞാൽ പ്രീമിയർ ലീഗിൽ നിന്ന് പുറത്താകും
കുറ്റം തെളിഞ്ഞാൽ പ്രീമിയർ ലീഗിൽ നിന്നും യൂറോപ്യൻ മത്സരങ്ങളിൽ നിന്നുമുള്ള പുറത്താകലും വൻ തുക പിഴയും ക്ലബ്ബിന് നേരിടേണ്ടി വന്നേക്കാം.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ധനകാര്യ നിയമങ്ങൾ ലംഘിച്ചുവെന്നതടക്കം 115 കുറ്റങ്ങളുടെ പേരിൽ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ വിചാരണ ആരംഭിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ സിറ്റിയെ പ്രീമിയർ ലീഗിൽ നിന്നു തന്നെ പുറത്താക്കാനിടയുള്ള വിചാരണ കുറഞ്ഞത് പത്താഴ്ച നീണ്ടുനിൽക്കും. 2025-ലാവും വിധിപ്രസ്താവം ഉണ്ടാവുക.
2009-10 സീസൺ മുതൽ 2017-18 സീസൺ വരെയുള്ള ക്ലബ്ബിന്റെ വരുമാന വിവരങ്ങൾ പ്രീമിയർ ലീഗ് അധികൃതർക്ക് കൃത്യമായി ലഭ്യമാക്കിയില്ല, 2018 ഡിസംബർ മുതൽ 2023 ഫെബ്രുവരി വരെ ക്ലബ്ബിനെതിരെ പ്രീമിയർ ലീഗ് അധികൃതർ നടത്തിയ അന്വേഷണത്തോട് സഹകരിച്ചില്ല, സ്‌പോൺസർഷിപ്പിന്റെ മൂല്യം പെരുപ്പിച്ചു കാണിച്ചു, കളിക്കാർക്കും മാനേജർമാർക്കുമുള്ള വേതനങ്ങളുടെയും മറ്റ് ആനുകൂല്യങ്ങളുടെയും വിശദവിവരങ്ങൾ മറച്ചുവെച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സിറ്റി നേരിടുന്നത്.
തങ്ങൾക്കെതിരായ എല്ലാ കുറ്റങ്ങളും നിഷേധിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ബ്ലാക്ക്‌സ്റ്റോൺ ചേംബേഴ്‌സ് എന്ന അഭിഭാഷക കമ്പനിയെയാണ് കേസ് ഏൽപ്പിച്ചിരിക്കുന്നത്. പ്രഭു പാട്രിക് പാനിക്കിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകരാണ് ക്ലബ്ബിനു വേണ്ടി ഹാജരാകുന്നത്.
മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിന്റെ ഫിനാൻഷ്യൽ ഫെയർപ്ലേ നിയമങ്ങൾ ലംഘിച്ചുവെന്ന് കാണിക്കുന്ന രേഖകൾ 2018-ൽ ജർമൻ പ്രസിദ്ധീകരണമായ ദെർ സ്പീഗൽ പുറത്തുവിട്ടതോടെയാണ് അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബിനെതിരായ നടപടികൾ തുടങ്ങുന്നത്. 2019 മാർച്ചിൽ ദെർ സ്പീഗലിന്റെ വെളിപ്പെടുത്തൽ ആധാരമാക്കി യുവേഫ അന്വേഷണമാരംഭിച്ചു. ആരോപണങ്ങൾ നിഷേധിച്ച സിറ്റി അപ്പീൽ നടപടികൾ ആരംഭിക്കുകയും അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതിയെ സമീപിക്കുകയും ചെയ്തു.
2020-ൽ യുവേഫ മാഞ്ചസ്റ്റർ സിറ്റിയെ എല്ലാ യൂറോപ്യൻ മത്സരങ്ങളിൽ നിന്നും വിലക്കുകയും 28.6 മില്യൺ പൗണ്ട് പിഴ ഈടാക്കുകയും ചെയ്തു. ഇതിനെതിരെ കായിക തർക്കപരിഹാര കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച സിറ്റി 8.9 മില്യൺ പിഴയൊടുക്കി. 2023-ൽ ക്ലബ്ബ് യുവേഫ ചാമ്പ്യൻസ് ലീഗിൽ കിരീടമണിയുകയും ചെയ്തു.
കഴിഞ്ഞ വർഷമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അധികൃതർ മാഞ്ചസ്റ്റർ സിറ്റിക്കു മേൽ 115 കുറ്റങ്ങൾ ഉൾപ്പെടുന്ന കുറ്റപത്രം സമർപ്പിക്കുന്നത്. 2009-10 മുതൽ 2017 വരെ കൃത്യമായ ധനകാര്യ വിവരങ്ങൾ നൽകിയില്ല എന്നതുമായി ബന്ധപ്പെട്ട 54 കുറ്റങ്ങളും, 2018 മുതൽ 2023 വരെ അന്വേഷണവുമായി സഹകരിച്ചില്ല എന്നതുമായി ബന്ധപ്പെട്ട 35 കുറ്റങ്ങളും ഇതിൽപ്പെടുന്നു. കളിക്കാർക്കും മാനേജർമാർക്കും നൽകിയ വേതനത്തിന്റെ കൃത്യമായ വിവരങ്ങൾ കാണിക്കാത്തതിന് 14 കുറ്റങ്ങളും യുവേഫയുടെ ചട്ടങ്ങൾ പാലിക്കാത്തതിനുള്ള അഞ്ച് കുറ്റങ്ങളും പ്രീമിയർ ലീഗിന്റെ സാമ്പത്തിക നയങ്ങൾ ലംഘിച്ചതിനുള്ള ഏഴ് കുറ്റങ്ങളുമാണ് മറ്റുള്ളവ.
ലണ്ടനിലെ അന്താരാഷ്ട്ര തർക്കപരിഹാര കേന്ദ്രത്തിൽ നടക്കുന്ന വിചാരണയെ തുർന്നുള്ള വിധി അനുകൂലമായില്ലെങ്കിൽ വൻ നഷ്ടമാണ് ക്ലബ്ബിനെ കാത്തിരിക്കുന്നത്. പ്രീമിയർ ലീഗിൽ നിന്നും യൂറോപ്യൻ മത്സരങ്ങളിൽ നിന്നുമുള്ള പുറത്താകലും വൻ തുക പിഴയും ക്ലബ്ബിന് നേരിടേണ്ടി വന്നേക്കാം. ട്രാൻസ്ഫർ നിരോധനം, ചെലവഴിക്കലിനു നിയന്ത്രണം, മുൻകിരീടങ്ങൾ റദ്ദാക്കൽ തുടങ്ങിയ നടപടികളും നേരിടാനിടയിുണ്ട്. ചുമത്തപ്പെട്ട 115 കുറ്റങ്ങളിൽ കാൽ ഭാഗമെങ്കിലും ശരിയാണെന്നു വന്നാലും ക്ലബ്ബ് വൻ പ്രതിസന്ധിയിലാകുമെന്നാണ് വിദഗ്ധർ പറയുന്നത്.