ട്വന്‍റി 20 ലോകകപ്പിന് 'മലയാളി ക്യാപ്റ്റന്‍'; യു.എ.ഇയെ നയിക്കാന്‍ റിസ്വാൻ റൗഫ്

സൈദാർപള്ളിക്കാരൻ റിസ്വാൻ റൗഫ് നയിക്കുന്ന യു.എ.ഇ ടീമില്‍ മലയാളി താരങ്ങളായ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും ഇടംപിടിച്ചിട്ടുണ്ട്

Update: 2022-09-17 16:29 GMT
Advertising

ട്വന്‍റി 20 ലോകകപ്പിന് ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് ഇടം ലഭിച്ചിക്കാത്തതില്‍ നിരാശരാണ് മലയാളികള്‍. എന്നാല്‍ തല്‍ക്കാലം മലയാളികള്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്ന വാര്‍ത്തയാണ് യു.എ.ഇയില്‍ നിന്ന് പുറത്തുവരുന്നത്. ട്വന്‍റി20 ലോകകപ്പിനുള്ള യു.എ.ഇ ടീമില്‍ മൂന്ന താരങ്ങള്‍ മലയാളികളാണ്. അതില്‍ ഒരാള്‍ നായകനും. മലയാളിയായ റിസ്വാന്‍ റൗഫാണ് ഇത്തവണ യു.എ.ഇയെ ടി20 ലോകകപ്പില്‍ നയിക്കുന്നത്.

കണ്ണൂർ സ്വദേശിയാണ് റിസ്വാൻ റൗഫ്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന്‍റെ ടീം പ്രഖ്യാപനം മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് മലയാളി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടീം ക്യാപ്റ്റനാകുന്നത്.

സൈദാർപള്ളിക്കാരൻ റിസ്വാൻ റൗഫ് നയിക്കുന്ന യു.എ.ഇ ടീമില്‍ മലയാളി താരങ്ങളായ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും ഇടംപിടിച്ചിട്ടുണ്ട്.15 അംഗ ടീമിൽ ക്യാപ്റ്റനുള്‍പ്പെടെ മൂന്ന് മലയാളികള്‍. ഇതുകൂടാതെ മറ്റൊരു മലയാളി വിഷ്ണു സുകുമാരനെ റിസർവ് താരമായും യു.എ.ഇ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഏഷ്യകപ്പ് യോഗ്യത മത്സരത്തിലും റിസ്വാനായിരുന്നു യു.എ.ഇ ടീമിന്‍റെ നായകൻ. ലോകകപ്പിന്‍റെ പ്രാഥമിക റൗണ്ടിലായിരിക്കും യു.എ.ഇ ആദ്യം കളിക്കുക. ഒക്ടോബർ 14 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ടിൽ എഗ്രൂപ്പിൽ ശ്രീലങ്ക, നെതർലാൻഡ്, നമീബിയ ടീമുകളാണ് എതിരാളികൾ. ഇതിൽ നിന്ന് രണ്ട് ടീമുകൾക്ക് അടുത്ത റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. രണ്ടാം റൌണ്ടില്‍ വമ്പന്മാരായ ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ ഉൾപ്പെടെയുള്ള ടീമുകളെ നേരിടണം.

16ന് നെതർലാൻഡ്സിനെതിരെയാണ് യു.എ.ഇയുടെ ആദ്യ മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയിട്ടുള്ള ഏക മലയാളി താരവും റിസ്വാൻ തന്നെയാണ്. കഴിഞ്ഞ വർഷം അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസ് അടിച്ചാണ് റിസ്വാൻ അപൂർവ നേട്ടം സ്വന്തമാക്കിയത്. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News