ആത്മ സുഹൃത്തിനെ മാനേജറാക്കി; ഒടുക്കം തട്ടിയെടുത്തത് ലക്ഷങ്ങൾ, വെട്ടിലായി ഉമേഷ് യാദവ്
2014 ലാണ് ഉമേഷ് യാദവ് ആത്മ സുഹൃത്തായ ശൈലേഷ് താക്കറേയെ തന്റെ സ്വത്ത് കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത്
നാഗ്‍പൂര്‍: ആത്മ സുഹൃത്തിനെ മാനേജറാക്കി വെട്ടിലായിരിക്കുകയാണിപ്പോൾ ഇന്ത്യൻ പേസ് ബോളർ ഉമേഷ് യാദവ്. ആത്മ സുഹൃത്തായ ശൈലേഷ് താക്കറേ തന്റെ കയ്യിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തതായി താരം പറഞ്ഞു. താരത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
നാഗ്പൂരിലെ ശിവാജി നഗറിൽ താമസിക്കുന്ന ഉമേഷ് യാദവ് 2014 ലാണ് ആത്മ സുഹൃത്തായ ശൈലേഷ് താക്കറേയെ തന്റെ സ്വത്ത് കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത്. ക്രിക്കറ്റിൽ സജീവമാകാനായിരുന്നു വിശ്വസ്തനായ ശൈലേഷിനെ സാമ്പത്തിക കാര്യങ്ങൾ ഏൽപ്പിച്ചത്.എന്നാൽ ശൈലേഷ് തന്നെ കബളിപ്പിക്കുകയായിരുന്നു എന്ന് ഉമേഷ് പരാതിയിൽ പറയുന്നു.
വസ്തു വാങ്ങാൻ എന്ന വ്യാജേന താരത്തിന്റെ കയ്യിൽ നിന്ന് 44 ലക്ഷം രൂപ വാങ്ങിയ ശേഷം സ്വന്തം പേരിൽ ശൈലേഷ് ഭൂമി വാങ്ങുകയായിരുന്നു. കൊരാടി എന്ന സ്ഥലത്ത് ഭൂമി വാങ്ങാൻ എന്ന പേരിലാണ് താരത്തിന്റെ കയ്യിൽ നിന്ന് ഇയാൾ ലക്ഷങ്ങൾ വാങ്ങിയത്. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ പണം തിരികെ നൽകാനോ സ്വത്ത് കൈമാറാനോ ശൈലേഷ് തയ്യാറായില്ലെന്ന് യാദവ് പരാതിയിൽ പറയുന്നു. ഉമേഷ് യാദവിന്റെ പരാതിയിൽ ഐ.പി.സി 406, 420 വകുപ്പുകൾ ചുമത്തി കൊരാടി പൊലീസ് ശൈലേഷ് ദത്തക്കെതിരെ കേസെടുത്തിട്ടുണ്ട്.